
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനം. കേസിലെ എല്ലാ പ്രതികളുടേയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിചാരണ കോടതിയിലെ നടപടി പുരോഗതി അറിഞ്ഞ ശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള കേസ് ആയതുകൊണ്ട് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനത്തും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍ക്കാരുകളാണ് ഭരിക്കുന്നത്.
വിചാരണ കേരളത്തില്‍ നടന്നാല്‍ അത് അട്ടിമറയ്ക്കാന്‍ പെടുമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
Comments are closed for this post.