2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗീതാ പ്രസും ഗാന്ധിജിയും

ദാമോദർ പ്രസാദ്


ഇന്ത്യ ഏറെ വിലമതിക്കുന്ന ഗാന്ധി സമാധാന പുരസ്‌കാരം ഗോരഖ്‌പൂർ ആസ്ഥനമായ ഗീതാ പ്രസിനു പ്രഖ്യാപിച്ചതിനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നത്. ഇതിനു ഹേതുവായത്, ദേശീയ പ്രസ്ഥാനകാലം മുതൽക്കേ സനാതന ഹിന്ദുമത ആശയങ്ങളെ പരത്തുക എന്ന പേരിൽ തീവ്രവും അതി യാഥാസ്ഥിതികവുമായ ഹിന്ദുത്വ ആശയങ്ങളാണ് ഗീതാ പ്രസ് പ്രചരിപ്പിച്ചിരുന്നതെന്നും ഗാന്ധിയുടെ ഹിന്ദുസമൂഹ പരിഷ്കരണങ്ങളോട് അഭിമുഖ്യം പുലർത്തിയില്ലെന്നു മാത്രമല്ല എതിരുമായിരുന്നു എന്നതാണ്. ഗീതാ പ്രസിനെക്കുറിച്ചു ഗവേഷണം നടത്തിയ അക്ഷയ് മുകുൾ രചിച്ച പുസ്തകത്തിൽ ഈക്കാര്യങ്ങൾ പറയുന്നുണ്ട്. “Gita Press and the making of Hindu India” എന്നാണ് പുസ്തകത്തിന്റെ പേര്. ഗീതാ പ്രസിന്റെ മുഖ്യ പത്രാധിപർ ഹനുമാൻ പൊഡ്ഡാർ ഗാന്ധിയുമായി സമ്പർക്കം പുലർത്തിയിരുന്നെങ്കിലും അത് രാഗദ്വേഷ ബന്ധമായിരുന്നു.


അക്ഷയ് മുകുളിന്റെ പഠനത്തിലേക്ക് പോകുന്നതിനുമുമ്പ് ഗാന്ധി സമാധാന പുരസ്കാരത്തിന്റെ ലഘു ചരിത്രവും ഇതുവരെ ആർക്കൊക്കെ ലഭിച്ചുവെന്നും മനസിലാക്കേണ്ടതുണ്ട്. 1995ൽ ഗാന്ധിയുടെ 125ാം ജന്മ വർഷത്തിലാണ് ഇന്ത്യൻ സർക്കാർ ഈ പുരസ്‌കാരം വ്യവസ്ഥ ചെയ്യുന്നത്. അഹിംസപോലുള്ള ഗാന്ധിയൻ രീതികൾ അവലംബിച്ച്, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഈ പുരസ്കാരം നൽകുന്നത്. ജൂലിയസ് നേരെരെക്കാണ് പുരസ്‌കാരം ആദ്യം ലഭിച്ചത്. രാമകൃഷ്ണ മിഷൻ, നെൽസൺ മണ്ടേല, ബാബ ആംതെ, മുഹമ്മദ് യൂനസിന്റെ ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്ക്, ഭാരതീയ വിദ്യാ ഭവൻ, വാക്ലാവ് ഹാവെൽ, ഡെസ്മണ്ട് ടുട്ടു, സുലബ് ഇന്റർനാഷണൽ, ശൈഖ് മുജീബുർ റഹ്മാൻ എന്നീ പ്രമുഖ വ്യക്തികളും സംഘടനകളുമാണ് ഗാന്ധി പുരസ്കാരത്താൽ ആദരിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കർ എന്നിവരാണ് സ്ഥിരം ജൂറി അംഗങ്ങൾ. എന്നാൽ ഇത്തവണത്തെ പുരസ്‌കാരം നിശ്ചയിക്കുന്നതിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നെ അറിയിച്ചിട്ടില്ലെന്ന് അധീർ രഞ്ജൻ ചൗധരി വിമർശനം ഉന്നയിച്ചിട്ടുണ്ട്.


ഗാന്ധി സമാധാന പുരസ്കാരം ഗീതാ പ്രസിനു നൽകിയതിനെതിരേ കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതിഷേധക്കുറിപ്പിൽ പറഞ്ഞത് സവർക്കർക്കും ഗോഡ്സെക്കും ഗാന്ധി സമാധാന പുരസ്കാരം നൽകുന്നതിന് സമാനമാണ് ഗീതാ പ്രസിനു നൽകിയതെന്നാണ്. ഗാന്ധിജിയും ഗീതാ പ്രസും തമ്മിൽ സംഘർഷാത്മക ബന്ധമായിരുന്നു എന്നും അക്ഷയ് മുകുളിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ജയറാം രമേശ് സൂചിപ്പിക്കുകയുണ്ടായി.


മാർവാഡി സമൂഹത്തിന്റെ ഇടയിൽ നിന്നാണ് ഗീതാ പ്രസ് ഉയർന്നുവന്നത്. ഹിന്ദുമത ധർമശാസ്ത്ര ഗ്രന്ഥങ്ങൾ ഹിന്ദി ഭാഷയിൽ പ്രസിദ്ധീരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗീതാ പ്രസ് ആരംഭിക്കുന്നത്. ഒപ്പംതന്നെ കല്യാൺ എന്ന ആനുകാലിക പ്രസിദ്ധീകരണവും ഇതിനോട് ചേർന്ന് ആരംഭിച്ചിരുന്നു. ജയ് ദയാൽ ജി ഗോയങ്കയാണ് സാമ്പത്തിക പിന്തുണ നൽകിയത്. പത്രാധിപത്യം വഹിച്ചത് ഹനുമാൻ പൊഡ്ഡാറും. ബിർളയുടെ സഹായവുമുണ്ടായിരുന്നു. ഗാന്ധിയുമായി ബന്ധപ്പെടുന്നത് അങ്ങനെയാണ്.


ഗീതാ പ്രസ് ദേശീയപ്രസ്ഥാന കാലത്ത് പൊതുമണ്ഡലത്തിൽ ഹൈന്ദവ മതവൽക്കരണത്തിനു മുന്നിൽനിന്നു. ഗാന്ധിജിയുമായി ആദ്യഘട്ടത്തിൽ നല്ല ബന്ധം നിലനിർത്തിയിരുന്നു. എന്നാൽ, അസ്പൃശ്യതക്കെതിരേ ഗാന്ധി സമരം ആരംഭിച്ചതോടെ ഈ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു. ഗീതാ പ്രസിന്റെ ആദ്യ പരീക്ഷണം യെർവാദ ജയിലിൽവച്ച് ഗാന്ധിയും അംബേദ്കറും നടത്തിയ ചർച്ചകളുടെ ഒടുവിൽ എത്തിച്ചേർന്ന പൂനാ പാക്ടാണെന്ന് അക്ഷയ് മുകുൾ പറയുന്നത്. ഇത് അംഗീകരിക്കാൻ ഗീതാ പ്രസിന്റെയും കല്യാൺ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെയും എല്ലാമെല്ലാമായ ഹനുമാൻ പ്രസാദ് പൊഡ്ഡാർക്ക് കഴിയുന്നതായിരുന്നില്ല. കീഴാള ജാതി സമൂഹത്തിനു കൂടുതൽ പ്രാതിനിധ്യം നൽകുന്നത് പൊഡ്ഡാർക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം ഇതിനെ ശക്തമായി എതിർക്കുകയും ഗാന്ധിയുമായി നീണ്ട കത്തിടപാടുകൾ നടത്തുകയും ചെയ്തു. ഗാന്ധി ഒരിഞ്ചുപോലും നിലപാടിൽനിന്ന് പിന്മാറിയില്ല. ജാതിയേതര പന്തിഭോജനവും പൊഡ്ഡാറുടെ എതിർപ്പിനു കാരണമായി. വർണാശ്രമ ധർമത്തെ ന്യായീകരിക്കുന്ന ഗാന്ധിയുടെ ആദ്യകാല രചനകൾ ഉദ്ധരിച്ചുകൊണ്ട് ജാതിപ്രശ്നത്തിലെ നിലപാടുകളുടെ അവ്യക്തത പൊഡ്ഡാർ ചൂണ്ടിക്കാട്ടി. എന്നാൽ ഗാന്ധി നിലപാടിൽനിന്ന് മാറിയില്ല.
ഗാന്ധിയുടെ മംഗളാംശസയോടെ നടന്ന ഹിന്ദുവിവാഹ ചടങ്ങിൽ ‘ഹരിജനായ’ പ്രഭാകറിനെ പുരോഹിതനാക്കി. 1946ൽ ആണ് സംഭവം. കാക കലേക്കറും വിനോഭവേയും ഈ ചടങ്ങിൽ വേദമന്ത്രങ്ങൾ ചൊല്ലി. പൊഡ്ഡാർ പത്രാധിപത്യം വഹിച്ചിരുന്ന കല്യാൺ മാസികയുടെ വായനക്കാരൻ ഈ സംഭവം പൊഡ്ഡാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഗാന്ധിയെ ഋഷിതുല്യം സ്നേഹിക്കുന്നുവെന്നും എന്നാൽ ഗാന്ധി ഇന്ത്യനായ ഋഷിയില്ല പകരം പാശ്ചാത്യ പരിഷ്‌കർത്താക്കളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നുമാണ്.
വർണാശ്രമധർമത്തിൽ വിശ്വസിച്ചിരുന്ന പൊഡ്ഡാർ ഗാന്ധിയുടെ ‘ഹരിജന’ ക്ഷേത്രപ്രവേശനം അസ്പൃശ്യ സമൂഹത്തെ മുസ്‌ലിം ലീഗ് വഴി ഇസ്‌ലാമിലേക്ക് ആകർഷിക്കാനുള്ള നീക്കമായാണ് ഗീതാ പ്രസ് കണ്ടത്. ക്ഷേത്രപ്രവേശനത്തെ ഗീതാ പ്രസ് അംഗീകരിച്ചിരുന്നില്ല. ഹിന്ദു-മുസ്‌ലിം ഐക്യം ജിന്നയെ സൃഷ്ടിച്ചതു പോലെ അസ്പൃശ്യ സമൂഹത്തിന്റെ അവകാശപോരാട്ടം അംബേദ്കറെ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പൊഡ്ഡാർ വിലയിരുത്തിയത്.


പുതിയ റിപ്പബ്ലിക്കും ഭരണഘടനയും പൊഡ്ഡാറിന്റെ സങ്കൽപത്തിലെ ഹിന്ദുരാഷ്ട്രത്തിന് അനുയോജ്യമായിരുന്നില്ല എന്ന് അക്ഷയ് മുകുൾ നീരിക്ഷിക്കുന്നു. ഒട്ടുമിക്ക ഇന്ത്യൻ രാഷ്ട്ര നേതാക്കളും പരിഷ്‌കരണവാദികളായതിൽ ഹനുമാൻ പൊഡ്ഡാർ ഖേദിച്ചിരുന്നു. ഹൈന്ദവ യാഥാസ്ഥിതികത്വം നവ റിപ്പബ്ലിക്കിന്റെ പിറവിയോടെ ദുർബലപ്പെട്ടതിൽ ഗീതാ പ്രസിന്റെ ആത്മാവായ അദ്ദേഹം കടുത്ത ദുഃഖിതനായിരുന്നു.


ഗാന്ധിജിയോട് ഈ സമീപനമാണെങ്കിൽ അംബേദ്കറോട് ഗീതാപ്രസിന്റെ സമീപനം കൂടുതൽ കടുത്തതായിരുന്നു. അംബേദ്‌കർ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലിനെ അതി രൂക്ഷമായാണ് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാൺ എതിർത്തത്. മഹാനായ അംബേദ്കറെ ‘ഹീന ജാതിയിൽ പിറന്ന, വാർധക്യത്തിൽ ബ്രഹ്‌മണ സ്ത്രീയെ വിവാഹം കഴിച്ച വ്യക്തി അവതരിപ്പിച്ച ഹിന്ദു കോഡ് ബിൽ’ എന്നാണ് കല്യാണിൽ വിശേഷിപ്പിച്ചത്. ഹിന്ദു കോഡ് ബിൽ വ്യത്യസ്തമായ നിയമങ്ങളായി അവതരിപ്പിച്ച നെഹ്റുവിനോടും നിതാന്ത ശത്രുത നിലനിർത്തി.


ഗാന്ധിവധത്തെക്കുറിച്ചു കടുത്ത നിശബ്ദതയാണ് ഗീതാ പ്രസ് നിലനിർത്തിയതെന്ന് അക്ഷയ് മുകുൾ പറയുന്നു. ഗീതാ പ്രസിന്റെ ആർക്കൈവസ് മുഴുവനും പരിശോധിച്ചാൽ ഗാന്ധിവധത്തെകുറിച്ചു ഒരു പരാമർശവും കാണാൻ കഴിയില്ല. എന്നാൽ, പൊഡ്ഡാറിനെക്കുറിച്ചുള്ള ഒരു അപ്രകാശിത ജീവചരിത്രത്തിൽ ഗാന്ധിവധം നടന്ന ദിവസം അദ്ദേഹം ഡൽഹിയിലുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട്.
ഗാന്ധിയുടെ അനുഗ്രഹം ലഭിച്ച ഗീതാ പ്രസും കല്യാൺ പ്രസിദ്ധീകരണവും ഗാന്ധിവധത്തെക്കുറിച്ചു മാത്രം എന്തുകൊണ്ടു മൗനം പാലിച്ചു എന്നത് ദുരൂഹമാണ്. ഗാന്ധിവധത്തെ തുടർന്ന് ഫെബ്രുവരി നാലിന്, വധത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ നെഹ്‌റു സർക്കാർ ആർ.എസ്.എസ്‌ നിരോധിക്കുകയുണ്ടായി. ഈ ഘട്ടത്തിൽ സംഘടനയെ പ്രതിരോധിക്കാൻ പൊഡ്ഡാർ ശക്തമായി മുമ്പിലുണ്ടായിരുന്നു എന്ന കാര്യം അക്ഷയ് മുകുൾ ചൂണ്ടിക്കാട്ടുന്നു.


ഹിന്ദുത്വത്തിന്റെ ആശയ പടയാളി എന്ന നിലയിലാണ് ഗീതാ പ്രസ് ഇടപെടലുകൾ നടത്തുന്നത്. ആർ.എസ്.എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്ലാറ്റ്ഫോമാണ് ഗീതാ പ്രസ് പ്രസിദ്ധീകരണങ്ങൾ. അച്ചടി സാങ്കേതികവിദ്യയുടെ വളർച്ചയെ ഉപയോഗപ്പെടുത്തിക്കൊണ്ടു ഹിന്ദു ബഹുജനത്തിന് ഏകശിലാരൂപമുള്ള, ഭക്തികേന്ദ്രിത ബ്രാഹ്‌മണ ഹിന്ദുമതത്തെ രൂപപ്പെടുത്തിയെടുക്കാൻ ഗീതാ പ്രസിന് സാധിച്ചു.


ഗീതാ പ്രസ് വിതറിയ വിത്തുകളിൽ നിന്നാണ് വിശ്വഹിന്ദു പരിഷത് പോലുള്ള പ്രസ്ഥാനം വളർന്നതെന്നു പൊഡ്ഡാർ അവകാശപ്പെടുന്നുണ്ട്. ഹിന്ദുത്വ ആശയങ്ങൾക്ക് സമ്പുഷ്‌ടീകരണം നൽകുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രസിനെയും അതിന്റെ പ്രസിദ്ധീകരണങ്ങളെയും ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന സർക്കാർ ആദരിക്കുന്നതിൽ അതിശയകരമായി ഒന്നുമില്ല. പക്ഷേ ഗാന്ധി സമാധാന പുരസ്‌കാരത്താലാണോ ആദരിക്കേണ്ടതെന്ന പ്രശ്നമാണ് വിമർശനമായി ഉയർന്നുവരുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജി.ബി പന്ത് ഹനുമാൻ പൊഡ്ഡാറിനെ ഭാരത രത്‌നത്തിനായി നിർദേശിക്കാൻ താൽപര്യമുണ്ടായിരുന്നതായി അക്ഷയ് മുകുൾ പറയുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അധികാരംവച്ചുതന്നെ ഹിന്ദു രാഷ്ട്രത്തിന്റെ ആശയത്തിന്റെ അടിസ്ഥാന ചിന്തകനായ വി.ഡി സവർക്കറുടെ പേരിൽ ഒരു പുരസ്കാരം വ്യവസ്ഥ ചെയ്യാവുന്നതേയുള്ളൂ. സവർക്കറുടെ പേരിലുള്ള പുരസ്കാരത്താലാണ് ഗീത പ്രസ് ആദരിക്കപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും അത് സവർക്കറിനും ഗീതാ പ്രസിനും സമതുല്യമായി നൽകുന്ന ആദരവാകുമായിരുന്നു. ഒരേ രാഷ്ട്രസങ്കൽപത്തെയും രാഷ്ട്രീയത്തെയുമാണ് രണ്ടു പേരും ഒരേപോലെ പ്രതിനിധീകരിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.