2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാറിന്റെ വലിപ്പമുള്ള ആമയുടെ ഫോസിലുകള്‍ സ്‌പെയിനില്‍ കണ്ടെത്തി

മാഡ്രിഡ്: 12 അടി (3.7 മീറ്റര്‍) നീളവും രണ്ട് ടണ്ണിനടുത്ത് ഭാരവുമുള്ള കടലാമയുടെ ഫോസിലുകള്‍ വടക്കുകിഴക്കന്‍ സ്‌പെയിനില്‍ കണ്ടെത്തി. ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവ യൂറോപ്പില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ആമയാണ്. ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള ഒരു ഉരഗം. കൃത്യമായി പറഞ്ഞാല്‍ ഒരു മിനി കൂപ്പറിന്റെ വലിപ്പം.

ദിനോസറുകളുടെ കാലഘട്ടത്തിന്റെ അവസാന ഏടായി കണക്കാക്കുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആമയുടെ ഫോസിലാണിതെന്ന് ഗവേഷകര്‍ വിവരിച്ചു. ശരീരഘടനയുടെയും വലിയ ആഴത്തില്‍ ശ്വസിക്കാനുള്ള ശ്വാസകോശത്തിന്റെ സവിശേഷതകളും കാരണം ഏത് അപകടകരമായ കടലാഴങ്ങളിലും ധൈര്യത്തോടെ ഇവ സഞ്ചരിച്ചു.

ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ കടലാമയായ ലെതര്‍ബാക്കിന് പരമാവധി 7 അടി (2 മീറ്റര്‍) നീളമാണ് ഉണ്ടാകാറുള്ളത്. മാരത്തണ്‍ മറൈന്‍ മൈഗ്രേഷനുകള്‍ക്ക് പേരുകേട്ടതാണ് ലെതര്‍ബാക്ക്. ഏകദേശം 70 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആര്‍ക്കെലോണ്‍ എന്ന ഏകദേശം 15 അടി (4.6 മീറ്റര്‍) നീളത്തില്‍ എത്തിയ ഏറ്റവും വലിയ കടലാമ വര്‍ഗവുമായി ഇപ്പോള്‍ കണ്ടെത്തിയ ലെവിയതനോചെലിസ് കടലാമ വര്‍ഗത്തിന് വലിയ സാമ്യതകളുണ്ട്.

ലെവിയതനോചെലിസ് കടലാമയ്ക്ക് ഒരു മിനി കൂപ്പറിന്റെ അത്രയും നീളമാണുള്ളതെങ്കില്‍ ആര്‍ക്കിലോണിന് ടൊയോട്ട കൊറോളയുടെ അതേ വലിപ്പമുണ്ടായിരുന്നതായി ഗവേഷകര്‍ വിശദീകരിക്കുന്നു. പുരാതന ടെത്തിസ് കടലിലെ അപകടകാരികളായ മറ്റു ജീവികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വലിപ്പം അവയെ സഹായിച്ചു. മൊസാസറുകള്‍ എന്ന് വിളിക്കപ്പെടുന്ന ശക്തമായ താടിയെല്ലുകളുള്ള കൂറ്റന്‍ സമുദ്ര ഉരഗങ്ങളാണ് ഇവരുടെ ഏറ്റവും വലിയ വേട്ടക്കാര്‍. മൊസാസറുകള്‍ക്ക് 50 അടി (15 മീറ്റര്‍) വരെ നീളമുണ്ടായിരുന്നു. വന്‍ സ്രാവുകളും അതുപോലെ മത്സ്യം ഭക്ഷിക്കുന്ന നീണ്ട കഴുത്തുള്ള പ്ലീസിയോസറുകള്‍ എന്നറിയപ്പെടുന്ന കടല്‍ ഉരഗങ്ങളും ഇവയെ വേട്ടയാടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News