2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബഹുസ്വരതയും പ്രവാചകാധ്യാപനവും

ഡോ. എം.എ അമീറലി

വൈവിധ്യങ്ങൾ നിറഞ്ഞ സാംസ്‌കാരികത്തനിമകൾ നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷത്തിലെ ഇസ് ലാമിക ജീവിതം എങ്ങനെയാകണമെന്ന് ഇസ്‌ലാം വരച്ച് കാണിച്ചിട്ടുണ്ട്. സാമൂഹികനീതി നിലനിർത്തി എല്ലാവരെയും പരിഗണിക്കുകയും ജിവിതത്തിനായി അവസരങ്ങളൊരുക്കാൻ ആജ്ഞാപിക്കുകയുമാണിസ്‌ലാം. ഇത്തരത്തിൽ സുന്ദരവും അച്ചടക്കവുമുള്ള തലമുറയെ വാർത്തെടുത്തതിന്റെ നിരവധി സംഭവങ്ങളെ ഇസ്‌ലാമിക ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാനാകുന്നതാണ്. മതമൂല്യങ്ങളുടെ അന്തസത്ത അപരന് അവകാശം വകവച്ച് നൽകുന്നതിലൂടെയാണ് എന്ന് തിരുദൂതർ വരച്ച് കാണിച്ചു തന്നു.

വ്യത്യസ്ത മത സമൂഹങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് വിശുദ്ധ ഖുർആൻ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ‘മതത്തിൻ്റെ കാര്യത്തിൽ ബല പ്രയോഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വേർതിരിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’.

എന്നാൽ താൽപര്യങ്ങൾക്ക് സംഘടനകളിലേക്ക് ആളുകളെ ചേർക്കാൻ വേണ്ടി ഇത്തരം ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്യുന്നവർ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളിൽ കത്തിവെക്കുകയാണ് ചെയ്യുന്നത്. വഴിമാറേണ്ട ഘട്ടത്തിൽ വഴി മാറിത്തന്നെനടക്കണമെന്നു തന്നെയാണ് പ്രവാചക പാഠം. സന്ധിചെയ്യേണ്ട ഘട്ടത്തിൽ സന്ധി ചെയ്താൽ മക്കാ വിജയം നിങ്ങളെ കാത്തിരിപ്പുണ്ടെന്ന് തന്നെയാണ് അവിടുന്ന് പഠിപ്പിച്ച് തന്നത്. ബഹുസ്വര സമൂഹത്തിലെ പ്രവാചകാധ്യാപനവും അങ്ങനെത്തന്നെയാണ്. വിജയത്തിലേക്കെത്താനും ഇതരർക്ക് മത മൂല്യങ്ങൾ പകരാനും വിട്ടുവീഴ്ചകൾ അനിവാര്യമാണ്. മനശാസ്ത്ര പരമായിരിക്കണം പ്രബോധനമെന്ന് അവിടുന്ന് പഠിപ്പിച്ചു തന്നു.
പ്രവാചക കാലഘട്ടത്തിലെ ഇതര മതസ്ഥരോടുള്ള സമീപനം ആവർത്തന വായനക്ക് തന്നെ വിധേയമാക്കേണ്ടതുണ്ട്. നബി(സ)പറഞ്ഞു; ‘സൂക്ഷിച്ചുകൊള്ളുക, അമുസ്‌ലിം പ്രജകളെ വല്ലവനും അടിച്ചമർത്തുകയോ അവരുടെ മേൽ കഴിവിന്നതീതമായ നികുതിഭാരം കെട്ടിയേൽപ്പിക്കുകയോ ക്രൂരമായി പെരുമാറുകയോ അവകാശങ്ങൾ വെട്ടിക്കുറക്കുകയോ ചെയ്താൽ അത്തരക്കാർക്കെതിരേ അന്ത്യനാളിൽ ഞാൻതന്നെ സാക്ഷി നിൽക്കുന്നതാണ് (അബൂദാവൂദ് ). ‘സംരക്ഷണ ബാധ്യതയുള്ള അമുസ്‌ലിമിനെ വധിച്ചവന് സ്വർഗത്തിന്റെ വാസന പോലും ലഭിക്കുകയില്ലെന്ന’ തിരുദൂതരുടെ അധ്യപനത്തെ പഠനവിധേയമാക്കിയാൽ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സെക്യുലർ പൊളിറ്റിക്സ് വ്യക്തമാകും.

മറ്റൊരിക്കൽ നബി (സ) പറഞ്ഞു;’ആരെങ്കിലും നമ്മുടെ ഒരു ദിമ്മിയെ (ഇസ്‌ലാമിക ഭരണകൂടത്തെ അംഗീകരിച്ച് ജീവിക്കുന്ന അമുസ്‌ലിംകൾ) ദ്രോഹിച്ചാൽ അന്ത്യനാളിൽ ഞാനവൻ്റെ ശത്രുവായിരിക്കും. ഞാൻ വല്ലവൻ്റെയും ശത്രുവായി തീരുന്ന പക്ഷം അവനെ ഞാൻ പരാജയപ്പെടുത്തുന്നതാണ്’. ഇസ് ലാമിക കാലഘട്ടത്തിൽ മുസ് ലിംകൾക്കിടയിൽ ജീവിക്കുന്ന അമുസ്‌ലിംകൾക്ക് മതേതര നാടുകളിൽ പോലും ലഭ്യമാകാത്ത വലിയ സമാധാനാന്തരീക്ഷമായിരുന്നു ലഭിച്ചിരുന്നത്. ചരിത്രത്തിലെ ഒരു സുവർണനിമിഷം നോക്കൂ; സൈദുബ്‌നുസനാ എന്ന ജൂതനോട് നബി (സ) പണം കടം വാങ്ങിയിരുന്നു. അയാൾ അവധിയെത്തുന്നതിന് മുൻപ് തന്നെ ആ സംഖ്യ തിരികെയാവശ്യപ്പെട്ടു. എന്നാൽ ആ സമയത്ത് നബി (സ)യുടെ കൈയിൽ പണം തിരിച്ചു നൽകാനുണ്ടായിരുന്നില്ല. പണം ആവശ്യപ്പെട്ട ജൂതൻ തിരുമേനി(സ)യുടെ വസ്ത്രം പിടിച്ചുവലിച്ചു. ഇതുകണ്ട ഉമറി(റ)ന് ദേഷ്യം ഇരച്ചു കയറി. അദ്ദേഹം ആ ജൂതനോട് കയർത്തപ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞു; ഉമർ, നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് ഇതല്ല. ശാന്തമായി സംഖ്യ തിരിച്ചു ചോദിക്കാൻ ഇയാളോട് ആവശ്യപ്പെടുകയും കടം കൊടുത്തുവീട്ടാൻ എന്നെ ഉപദേശിക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. തുടർന്ന് ചില വ്യവസ്ഥകളുണ്ടാക്കുകയും ആ കടം വീട്ടുകയും ചെയ്തു (മുസ്‌ലിം).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.