2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ബാക്കു (അസര്‍ബൈജാന്‍): 2021, 2022 വര്‍ഷങ്ങളിലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വിതരണം ചെയ്തു. 16ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങ് ബാക്കു ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങിലും 17ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങിലുമാണ് സമ്മാനിച്ചത്.

16മത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ (2021) മൊറോക്കോ അംബാസിഡര്‍ മൊഹമ്മദ് ആദില്‍ എമ്പാഷ്, ബാക്കുവിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇന്‍ചാര്‍ജ് വിനയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. യു.എ.ഇയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സതീഷ് കൃഷ്ണന്‍, എഴുത്തുകാരനും ഡാര്‍ക്ക് ടൂറിസ്റ്റും ബഹറിന്‍ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ അഡൈ്വസറുമായ സജി മാര്‍ക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. സൂസന്‍ ജോസഫ്, നോര്‍വേയിലെ അജിലിറ്റി സബ്‌സീ ഫാബ്രിക്കേഷന്‍ വൈസ് പ്രസിഡന്റ് എബ്ജിന്‍ ജോണ്‍ എന്നിവര്‍ 2021ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

17ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ (2022) അമേരിക്കയിലെ ഫൊക്കാനയുടെ മുന്‍ ചെയര്‍മാനും ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പ്രസിഡന്റുമായ കെ.ജി മന്മഥന്‍ നായര്‍, സഊദി അറേബ്യയയിലെ ടട്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സി.ഇ.ഒ മൂസ കോയ, അസര്‍ബൈജാനിലെ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവര്‍ ഏറ്റുവാങ്ങി.

മികച്ച പ്രവാസി മലയാളി സാരംഭമായി തെരഞ്ഞെടുക്കപ്പെട്ട ബെംഗളൂരുവിലെ ടെന്‍ടാക്കിള്‍ ഏയ്‌റോലോജിസ്റ്റിക്‌സിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ എല്‍ദോ ഐപ്പ്, ഡയറക്ടര്‍ ശ്രീജിത്ത് പത്മനാഭന്‍ എന്നിവരും മികച്ച പ്രവാസി മലയാളി സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാന്‍സിനുവേണ്ടി പ്രസിഡന്റ് ജിത്തു ജനാര്‍ദനനും ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അസര്‍ബൈജാന്‍ പാര്‍ലമെന്റ് അംഗം റാസി നുറുല്ലയെവ്, ക്രൊയേഷ്യ അംബാസിഡര്‍ ബ്രാങ്കോ സെബിക്, ബാക്കുവിലെ ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഇന്‍ചാര്‍ജ് വിനയ് കുമാര്‍, മുന്‍ കര്‍ണാടക എം.എല്‍.എ ഐവാന്‍ നിഗ്ലി എന്നിവര്‍ സംസാരിച്ചു.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിനു പുറത്ത് ജീവിതവിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.

 

 

 

(16ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാര ജേതാക്കള്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പം)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.