2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രഞ്ച് പടയെ വീഴ്ത്തി, അണ്ടർ 17 ഫുട്ബോൾ ലോകകിരീടം ചൂടി ജർമനി

സുറാകാർത്ത:കാൽപ്പന്ത് കളിയുടെ കൗമാര കിരീട പോരാട്ടത്തിൽ ജർമൻ അധിനിവേശത്തിൽ കീഴടങ്ങി ഫ്രഞ്ച് പട. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് ജർമനി അണ്ടർ 17 ലോകകപ്പിൽ മുത്തമിട്ടത്. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് ജർമനി സ്വന്തമാക്കിയത്.

ഇൻഡോനേഷ്യയിലെ സുറാകാർത്തയിലെ മനാഹൻ സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. കളിയുടെ ഇരുപത്തിയൊൻപതാം മിനിറ്റിൽ പാരീസ് ബ്രണ്ണറിലൂടെ ജർമൻ സംഘം മുന്നിലെത്തി. പെനാൽറ്റിയിൽ നിന്നായിരുന്നു ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തിന്റെ ഗോൾ പിറന്നത്. ആദ്യ പകുതി ജർമനിയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് ആറാം മിനിറ്റിൽ ജർമനി ലീഡ് നില വർധിപ്പിച്ചു. ബാഴ്സലോണയുടെ യൂത്ത് ടീം താരം നോവ ഡാർവിച്ചായിരുന്നു ഇക്കുറി ഗോൾസ്കോറർ. എന്നാൽ രണ്ട് മിനിറ്റുകൾക്ക് ശേഷം സൈമൺ നദെലിയയിലൂടെ ഫ്രാൻസ് ആദ്യ ഗോൾ മടക്കി. കളിയുടെ അറുപത്തിയെട്ടാം മിനിറ്റിൽ വിന്നെഴ്സ് മാർക് ഒസാവെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന 20 മിനിറ്റ് 10 പേരുമായി കളിക്കാൻ ജർമനി നിർബന്ധിതരായി.

   

പത്ത് പേരായി ചുരുങ്ങിയ ജർമനിയുടെ വലയിൽ കളിയുടെ എൺപത്തിയഞ്ചാം മിനിറ്റിൽ ഫ്രാൻസ് രണ്ടാം ഗോളെത്തിച്ചു.‌ മത്തിസ് അമൗഗൗവായിരുന്നു ഫ്രഞ്ച് ടീമിന്റെ സമനില ഗോൾ കണ്ടെത്തിയത്‌. നിശ്ചിത സമയത്ത് സ്കോർ തുല്യതയിൽ തുടർന്നതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റിയിൽ 4-3 ന് വിജയിച്ച് ജർമനി കൗമാര ലോകകപ്പിൽ മുത്തമിടുകയായിരുന്നു.

നേരത്തെ ആവേശകരമായ സെമിഫൈനലിൽ അർജന്റീനയെ വീഴ്ത്തി യായിരുന്നു യൂറോപ്യൻ വമ്പന്മാരായ ജർമനി അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടന്നത്. നിശ്ചിത സമയത്ത് 3-3 എന്ന സ്കോറിൽ അവസാനിച്ച മത്സരം പെനാൽറ്റിയിൽ 4-2 ന് ജർമനി സ്വന്തമാക്കുകയായിരുന്നു.
മാലിയെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിൽ കടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സെമിയിൽ ഫ്രാൻസിന്റെ വിജയം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.