2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇടകലർന്നിരുന്നാൽ കുഴപ്പമോ ?

സുനി അൽഹാദി

ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാൽ എന്താണ് കുഴപ്പം ? ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടേതാണ്. ഇടകലർത്തിയിരുത്താനുള്ള നീക്കങ്ങൾ വിവാദമായതോടെ, അത് സർക്കാർ നയമല്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിക്കു തന്നെ രംഗത്തുവരേണ്ടി വന്നു. ലിംഗസമത്വ യൂനിഫോം നടപ്പാക്കൽ സർക്കാർ നയമല്ലെന്ന് വാർത്താ സമ്മേളനം നടത്തി വിദ്യാഭ്യാസ മന്ത്രിക്കും വിശദീകരിക്കേണ്ടി വന്നു. ഈ ‘യുടേൺ അടിക്കലിൽ’ കേരളത്തിലെ സമുദായ സംഘടനകൾ ഉൾപ്പെടെയുള്ളവർ പൂർണ വിശ്വാസം അർപ്പിച്ചിട്ടുമില്ല. വിദ്യാലയങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി നയങ്ങൾ സംബന്ധിച്ച് സർക്കാരിനുപോലും വ്യക്തതയില്ല എന്നു ചുരുക്കം.

‘ആണും പെണ്ണും ഇടകലർന്നിരുന്നാൽ ആകാശം ഇടിഞ്ഞുവീഴുമോ?’ ജെൻഡർ ന്യൂട്രൽ യൂനിഫോം ധരിക്കാത്ത വിദ്യാർഥിനികൾ പോലും ഉയർത്തുന്ന ചോദ്യമാണിത്. പക്ഷേ, സദാചാര ബോധത്തിന്റെ ആകാശങ്ങൾ ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് കേരളത്തിലെ കാംപസുകൾ മുതൽ ബസ് സ്റ്റോപ്പുകൾ വരെയുള്ള പൊതുഇടങ്ങളിൽ കാണുന്നത്. ഇടകലർന്നിരിക്കലിനുമപ്പുറം മടിയിൽ കയറിയിരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് വാർത്തയാവുകയും ചെയ്തു.
തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജിനടുത്ത ബസ് സ്റ്റോപ്പിൽ സ്ഥിരമായി വിദ്യാർഥികളും വിദ്യാർഥിനികളും തമ്പടിക്കാൻ തുടങ്ങിയതോടെ പ്രതിരോധമായി, ഇട വിട്ട സീറ്റുകൾ മുറിച്ചു മാറ്റുകയാണ് ചിലർ ചെയ്തത്. ഈ ആവേശക്കമ്മിറ്റിക്കാരുടെ പ്രവർത്തിയെ സാംസ്‌കാരിക കേരളം പിന്തുണച്ചതുമില്ല. എന്നാൽ, ബാക്കിയുള്ള സീറ്റുകളിൽ വിദ്യാർഥികളുടെ മടിയിൽ കയറിയിരുന്നാണ് വിദ്യാർഥിനികൾ ‘പ്രതിഷേധിച്ചത്’. അതിനെ സർഗ്ഗാത്മക പ്രതിഷേധമെന്ന് വാഴ്ത്താൻ പക്ഷെ സാംസ്‌കാരിക നായകരുമെത്തി.

എറണാകുളത്തെ പാരമ്പര്യമുള്ള കലാലയത്തിൻ്റെ മരച്ചുവടുകളിൽ ഇടകലർന്നിരിപ്പല്ല, ആലിംഗന ബദ്ധരായിരിക്കുന്ന വിദ്യാർഥി വിദ്യാർഥിനികൾ പകൽ കാഴ്ചയാണ്. ‘പഠനം ആഘോഷമാക്കുകയാണ് ‘ എന്നാണ് വ്യാഖ്യാനം.
ഇടകലർന്നിരിക്കൽ മാത്രമല്ല, പഠിപ്പിക്കുമ്പോൾ പോലും തോളിൽ കൈയിട്ട് ചാഞ്ഞിരിക്കുന്ന ആൺ പെൺ വിദ്യാർഥിനികളെപ്പറ്റിയാണ് പ്രമുഖ എൻജിനീയറിങ് കോളജിലെ അധ്യാപകന് പറയാനുള്ളത്. വിലക്കിയപ്പോൾ ഭരണഘടനാ അവകാശങ്ങളും ലിംഗ വിവേചനത്തിനെതിരായ നിയമങ്ങളും മറ്റും ഉയർത്തിക്കാട്ടിയാണ് പ്രതിരോധിക്കുന്നത്. മാത്രമല്ല, ‘എഴുപതുകളിലെ അമ്മാവൻ’ എന്ന് വട്ടപ്പേരും വീണതായും അദ്ദേഹം പറയുന്നു. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിലൂടെ ഫ്രീ സെക്‌സ് എന്ന ആശയം ഒളിച്ചുകടത്താനുള്ള ശ്രമമാണെന്ന ആശങ്ക ഉന്നയിക്കുന്നത് സമുദായ സംഘടനകൾ മാത്രമല്ല, വിദ്യാഭ്യാസ വിചക്ഷണർ കൂടിയാണ്. പെൺകുട്ടികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നിട്ടുണ്ട്.
എന്താണ് പാഠ്യപദ്ധതിയിലെ ലിംഗ സമത്വ നയം. ജെൻഡർ ന്യൂട്രൽ യൂനിഫോം പരിഷ്‌കാരത്തെ അടിമുടി ന്യായീകരിച്ച് രംഗത്തെത്തുന്നവർക്ക് പോലും വ്യക്തതയില്ല ഇക്കാര്യം. വളയൻചിറങ്ങര എൽ.പി സ്‌കൂളിലും ബാലുശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലും പെൺകുട്ടികൾക്ക് നടപ്പാക്കിയ പാന്റ്‌സും ഷർട്ടും യൂനിഫോം ജെൻഡർ യൂനിഫോമാണോയെന്ന കാര്യത്തിൽ പോലും ഏകാഭിപ്രായമില്ല. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂനിഫോം പരിഷ്‌കരണം ഇത് ആദ്യമല്ല. ഹൈസ്‌കൂൾ ക്ലാസുകൾവരെ ട്രൗസറും ഷർട്ടുമെന്ന ആൺകുട്ടികളുടെ ആദ്യകാല യൂനിഫോം പിന്നീട് പാന്റ്‌സും ഷർട്ടും എന്ന നിലയിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു. പെൺകുട്ടികളുടെ യൂനിഫോമാകട്ടെ അരപ്പാവാടയിൽ നിന്ന് മുഴുപ്പാവാടയിലേക്കും പിന്നീട് ചുരിദാറിലേക്കും കോട്ടിലേക്കുമൊക്കെ വഴിമാറിയിരുന്നു.

പെൺകുട്ടികൾക്ക് പാന്റ്‌സും ഷർട്ടും യൂനിഫോമായി നിശ്ചയിച്ച പ്രൊഫഷനൽ കോളജുകളും പോളിടെക്‌നിക്കുകളുമൊക്കെ സംസ്ഥാനത്തുണ്ട്. ‘കംഫർട്ടബിൾ യൂനിഫോം’ എന്ന നിലക്ക് ഏർപ്പെടുത്തിയതിനാൽ അത് വിവാദമായില്ലെന്ന് മാത്രമല്ല, മാതാപിതാക്കളടക്കമുള്ളവർ ഉൾക്കൊള്ളുകയും ചെയ്തു. എന്നാൽ, ബാലുശ്ശേരി സ്‌കൂളിൽ നടപ്പാക്കിയത് ജെൻഡർ ന്യൂട്രൽ യൂനിഫോമാണെന്ന വാദവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയപ്പോഴാണ് വിവാദമായത്. പെൺകുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ യൂനിഫോം എന്ന് വിശദീകരിച്ചിരുന്നെങ്കിൽ ഇത്രയേറെ എതിർപ്പ് ഉയരുമായിരുന്നുമില്ല.

ലിംഗ സമത്വ നയങ്ങളിൽ നിന്നുള്ള പിന്തിരിയൽ കേരളത്തിൽ മാത്രമല്ല. ചൈനയും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ ‘യുടേൺ’ അടിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ചൈന ഇപ്പോൾ ഗൗരവമായി ചർച്ച ചെയ്യുന്നത് ജനന നിരക്ക് കുറയുന്നതിനെപ്പറ്റിയാണ്. ജനസംഖ്യ കുറക്കുന്നതിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് ‘ഒറ്റക്കുട്ടി നയം’ നടപ്പാക്കിയ രാജ്യമാണ് ചൈന. ഒന്നിലധികം കുട്ടികളുള്ള മാതാപിതാക്കൾ സർക്കാർ ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. അപകടം മനസ്സിലാക്കി 2016ൽ നയം തിരുത്തി. കുടുംബം എന്ന വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവരുടെ എണ്ണം ഉയരുന്നതാണ് ഇപ്പോൾ ചൈനയുടെ വലിയ തലവേദനകളിലൊന്ന്. 2019 അപേക്ഷിച്ച് 2020ൽ രജിസ്റ്റർ ചെയ്യപ്പെട്ട വിവാഹങ്ങളുടെ എണ്ണം 17.5 ശതമാനം കുറവാണ്. കുട്ടികളുള്ള ദമ്പതികൾക്ക് പ്രത്യേക വായ്പാ പദ്ധതിവരെ പ്രഖ്യാപിച്ച് ജനന നിരക്ക് ഉയർത്താനുള്ള ശ്രമമാണിപ്പോൾ.

ഫ്രീ സെക്‌സ് നടപ്പാക്കിയ ജപ്പാനിലും ജനന നിരക്ക് കുറയുന്നതായാണ് കണക്കുകൾ. ജപ്പാനിൽ പ്രതിവർഷ മരണനിരക്ക് 13.4 ലക്ഷമാണെങ്കിൽ ജനന നിരക്ക് 9.4 ലക്ഷമാണ്. 28 യൂറോപ്യൻ രാജ്യങ്ങളാണ് ജനന നിരക്ക് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഏറ്റവും രൂക്ഷമായ പ്രശ്‌നം നേരിടുന്നത് സ്‌പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ്. വിവാഹം, കുടുംബ ജീവിതം തുടങ്ങിയ സങ്കൽപങ്ങളിൽ നിന്ന് യുവതലമുറ അകലാൻ തുടങ്ങിയതോടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിതന്നെ താളംതെറ്റുകയാണ്.

യുവാക്കളുടെ എണ്ണം കുറയുകയും വയോധികരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ഈ രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദനത്തെയും ബാധിക്കുന്നുണ്ട്. വയോജന പരിപാലനം വലിയ വെല്ലുവിളിയായി മാറുകയും ചെയ്യുന്നു.
(നാളെ: വിമത ശബ്ദങ്ങളെ തല്ലിയൊതുക്കുന്ന സൈബർ ഗുണ്ടകൾ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.