2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

ഗള്‍ഫ് രാജ്യങ്ങളുടെ കൂറുമുന്നണി


സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന് പുതിയ സാമ്പത്തിക രാഷ്ട്രീയ സഖ്യമെന്ന പേരില്‍ കൂറുമുന്നണി രൂപീകരിച്ചതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഭാവിയെ സംബന്ധിച്ച് ചോദ്യമുയരുകയാണ്. 1981ലാണ് സഊദി, കുവൈത്ത്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കിയത്. പൊതുകറന്‍സി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങിയവയായിരുന്നു പ്രഖ്യാപിത പദ്ധതികള്‍. ലക്ഷ്യപ്രാപ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവേദി എന്ന നിലയില്‍ ജി.സി.സിക്ക് മേഖലയില്‍ അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കൂറുമുന്നണിയുടെ പിറവിയോടെ മാതൃസംഘടന തന്നെ അപ്രസക്തമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ജി.സി.സിയുടെ 38-ാമത് ഉച്ചകോടി കഴിഞ്ഞദിവസം കുവൈത്തില്‍ ആരംഭിക്കുമ്പോള്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും സ്പര്‍ശിക്കാതെയാണ് നയതന്ത്രലോകം ഉറ്റുനോക്കിയിരുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി നാടകീയമായി സമാപിച്ചത്. ആതിഥേയ രാജ്യമായ കുവൈത്തിന്റെയും അംഗരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിന്റെയും രാഷ്ട്രത്തലവന്മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് ആരോഗ്യകാരണങ്ങളാല്‍ ഉച്ചകോടിക്കെത്തിയില്ല. സഊദിയും ബഹ്‌റൈനും പ്രതിനിധി സംഘത്തെ അയക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇയില്‍ നിന്നാവട്ടെ ആരും പങ്കെടുത്തതുമില്ല. ഇതോടെ കാതലായ വിഷയങ്ങളിലേക്ക് കടക്കാതെ ഉച്ചകോടി ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.

ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് സഊദിയും യു.എ.ഇയും പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമിതിക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നാണ് യു.എ.ഇ വിദേശമന്ത്രാലയം പുറത്തുവിട്ട പ്രഖ്യാപനത്തിലുള്ളത്. സൈനികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമിതിയില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.

പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഖത്തറിനെയും കൂറുമുന്നണിയില്‍ മധ്യസ്ഥ നിലപാട് തുടരുന്ന കുവൈത്തിനെയും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഫലത്തില്‍ ഇതൊരു പിളര്‍പ്പാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഇതോടെ ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ അംഗരാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എണ്ണ സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറി വൈവിധ്യവല്‍ക്കരണത്തിന് കൂട്ടായി ശ്രമിക്കാനും അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവയുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദത്തിനെതിരെയുള്ള ജി.സി.സിയുടെ യോജിച്ച നിലപാട് ലോകരാജ്യങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. ജി.സി.സിയുടെ ശൈഥില്യം തീര്‍ച്ചയായും മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടി തന്നെയാണ്.

ഗള്‍ഫിലെ സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികള്‍. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് ഇവിടങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക വിസ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ അവിടെനിന്നുള്ളവര്‍ക്ക് വിസ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. പുതിയ സഖ്യത്തിന് ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് വ്യക്തമല്ല. പൗരന്മാര്‍ക്കുള്ള നിയന്ത്രണം പ്രവാസികളേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.