
ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ ത്വരിതഗതിയിലുള്ള വികസനത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. വിവിധ തൊഴിലുകളില്‍ പരിശീലനമുള്ളവര്ക്കും പുതുതായി പരിശീലനം വേണ്ടവര്‍ക്കുമായി ആരംഭിക്കുന്ന തൊഴില്‍ പരിശീലന പദ്ധതികള്‍ക്കായി 7500 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനു പുറമേ എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് തൊഴിലും ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് യഥാക്രമം 635 കോടി രൂപയും 640 കോടി രൂപയും വീതം നിക്ഷേപമാണ്. ഇതിലൂടെ മൊത്തം 52000 പേര്‍ക്ക് പുതുതായി തൊഴിലും ജീവിതമാര്‍ഗവും ഉറപ്പാക്കാന്‍ കഴിയും.
ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് കീഴില്‍ നിലവില്‍ സഹായം അര്‍ഹിക്കുന്നത് നാലു മുതല്‍ അഞ്ചു ലക്ഷംവരെ കുടുംബങ്ങളാണെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കുന്നതിന് മൈക്രോ ആസൂത്രണമാണ് മാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടത്. 2021-22 ലേക്കുള്ള ബജറ്റില്‍ ഇതിലേക്കായി വകയിരുത്തിയിരിക്കുന്നത് 7000 കോടി രൂപയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയോടെ മാത്രമേ ഈ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കൂ. മത്സ്യമേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരും ഇതിന്റെ ഗുണഭോക്താക്കളായിരിക്കും.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ താഴേക്കിടയിലുള്ളവര്‍ക്ക് തുടര്‍ന്നും ലഭ്യമാക്കുന്നതിന് കാരുണ്യ പദ്ധതി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമെന്ന നിലയിലാണ് കൊവിഡ് 19 മായി ബന്ധപ്പെട്ട് ഔഷധങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ലൈഫ് മിഷന്റെ ഭാഗമായി 2021-22 ല്‍ പുതുതായി ഒന്നരലക്ഷം പേര്‍ക്കാണ് വീട് നല്കാന് ഉദ്ദേശിക്കുന്നത്. ഇതിലേക്കായി ആവശ്യമായ പണത്തിന്റെ 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാക്കി സര്‍ക്കാരും ഏറ്റെടുക്കും. സ്ഥിരം തൊഴിലോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ ഇല്ലാത്ത ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അലവന്‍സ് വര്‍ധനവും അനുവദിക്കും. ആയമാര്‍ക്കും തുല്യമായ ആനുകൂല്യം ലഭിക്കും.
ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മറ്റ് ലക്ഷ്യങ്ങള്‍ ലൈഫ് മിഷന് കീഴില്‍ 1.5 ലക്ഷം വീടുകള്‍ (ഇത് വടക്കാഞ്ചേരി മോഡല്‍ ആവാതിരുന്നാല്‍ നന്ന്) നിര്‍മിക്കുമെന്നും ഇതില്‍ 60000 വീടുകളുടെയും ഗുണഭോക്താക്കള്‍ എസ്.സി, എസ്.ടി വിഭാഗക്കാരും മത്സ്യത്തൊഴിലാളികളുമായിരിക്കുമെന്നാണ് അവകാശവാദം. വനിതകള്‍ക്കായി 4025 കോടി രൂപ ചെലവില്‍ പുതിയ പദ്ധതികള്‍. തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനവും. വനിതാ വികസന കോര്‍പറേഷനാണ് ചുമതല. ഇതിലേക്കായി ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. കൂടാതെ സംരംഭകത്വ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസ്ഥയുണ്ട്. വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് താമസ സൗകര്യത്തോടു കൂടി പ്രസ് ക്ലബ് തുടങ്ങാനും പദ്ധതിയുണ്ട്.
മൃഗപരിപാലനത്തിന് 385 കോടി രൂപ, സ്പോര്‍ട്സ്, യുവജനക്ഷേമത്തിന് 120 കോടി രൂപ, എല്ലാ വീട്ടിലും കെ ഫോണ്‍ സൗകര്യങ്ങളും കുറഞ്ഞ നിരക്കില്‍ ലാപ്ടോപ്പുകളും, വിവിധ വരുമാനതലങ്ങളിലുള്ളവര്ക്ക് അത് ആനുപാതികമായ സബ്സിഡി സഹായത്തോടെ സജ്ജമാക്കും. കെ.എസ്.എഫ്.ഇ വഴി ലാപ്ടോപ്പുകള് ലഭ്യമാക്കുമെന്ന വാഗ്ദാനം ഇന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന വസ്തുത ഈ അവസരത്തില്‍ പ്രസക്തമാണ്.
വികസന മേഖലയില്‍ മൂന്നു വ്യവസായ ഇടനാഴികള്‍, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 5000 ഹെക്ടര്‍ ഏറ്റെടുത്ത് വിമാനത്താവള വികസനം ലക്ഷ്യമാക്കി കിഫ്ബിയില്‍ നിന്നും 12000 കോടി രൂപ, ക്യാപ്പിറ്റല്‍ സിറ്റി റീജ്യനല്‍ പദ്ധതി വികസനത്തിനായി 25000 കോടി രൂപയും നീക്കിവയ്ക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ഇത്രയും പണം കിഫ്ബിയില്‍ കെട്ടിക്കിടക്കുകയാണെന്നാണോ നമ്മെ ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച വികസന പദ്ധതികള്‍ പ്രായോഗികമാക്കിയാല്‍ 2.5 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ കിട്ടുമെന്നാണ് അവകാശപ്പെടുന്നത്.
കേരളത്തെ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കുമെന്നും കേരളീയ സമൂഹത്തെയാകെത്തന്നെ ഇന്നോവേഷന്‍ സമൂഹമാക്കുമെന്നും ഉല്പാദന മേഖലയില്‍ നൂതന ആശയങ്ങള്‍ക്കായി പ്ലാറ്റ്ഫോം സൃഷ്ടിക്കുമെന്നും മറ്റും പ്രഖ്യാപിക്കുന്ന ധനമന്ത്രി ഇത്തരം ലക്ഷ്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നാല് മാസത്തില്‍ താഴെ മാത്രമാണ് തന്റെ സര്‍ക്കാരിന് ഭരണഘടനപരമായ സാധുതയുള്ളൂ എന്ന് ചിന്തിച്ചിരിക്കില്ലെന്നും കരുതാനാവില്ല. ലേഖകന്‍ ബജറ്റിന്റെ ഈ ഭാഗം ശ്രദ്ധിച്ചപ്പോള്‍ ബജറ്റ് അവതാരകനും സമാനമായ വികാരം തോന്നിയിട്ടുണ്ടാവും. അതിനാലായിരിക്കണം ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ക്ക് ഒരു അവസരംകൂടി കിട്ടുമെന്ന് ഉറപ്പാക്കിയാണ് മന്ത്രി ഈ പ്രഖ്യാപനങ്ങള്‍ തട്ടിവിട്ടതെന്ന് തോന്നുന്നു.
ക്ഷേമകാര്യങ്ങള്‍, തൊഴിലവസരങ്ങള്‍, വികസനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ച നടപടിയും രണ്ടാംവട്ടം കൂടി സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള ചവിട്ടുപടിയായി തന്നെ കാണേണ്ടിവരുന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് കോടികള്‍ നിക്ഷേപം അനിവാര്യമായ ഈ മേഖലകള്‍ക്ക് പ്രത്യേക ഉൗന്നല്‍ നല്കിയ മന്ത്രി വരുമാന വര്‍ധനവിന് സഹായകരമായ സ്രോതസുകള്‍ കണ്ടെത്തുകയോ അതിനായി നേരിയ ഇടപെടലുകള്‍പോലും നടത്തുകയോ ചെയ്യാതെ, 191 കോടി രൂപയുടെ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 1200 കോടി രൂപയില്‍ താഴെവരുന്ന പുതിയ നിക്ഷേപങ്ങളില്‍ മാത്രം തൃപ്തനായത് എന്ന് ചോദിക്കാതിരിക്കാന്‍ കഴിയില്ല. അതുപോലെതന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ലാതെ മറ്റു എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധമായ റിപ്പോര്‍ട്ട് 2021 ജനുവരി അവസാനത്തോടെ നടപ്പിലാക്കുമെന്നും അതേത്തുടര്‍ന്ന് ജീവനക്കാര്‍ക്കുള്ള ഡി.എ ആനുകൂല്യങ്ങളുടെ കുടിശ്ശിക മൂന്ന് ഗഡുക്കളായി വിഭജിക്കുമെന്നും കുടിശ്ശിക ക്ഷാമബത്തയില്‍ ഒരു ഗഡു ഏപ്രിലിലും രണ്ടാം ഗഡു ഒക്ടോബറിലും നല്‍കുമെന്നും, ശമ്പള ഇനത്തിലുള്ള ആനുകൂല്യങ്ങള്‍ പി.എഫില്‍ ലയിപ്പിക്കുമെന്നും ഇത്ര തിടുക്കത്തില്‍ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തന്റെ സര്‍ക്കാര്‍ പിന്നീട് അഞ്ച് വര്‍ഷത്തോളം കാലത്തിനിടയില്‍ നേര്‍വഴിക്കോ, വഴിവിട്ടോ നേടിയ നേട്ടങ്ങള്‍ വര്‍ണിക്കാനും, വിവിധ ജാതി-മത വിഭാഗങ്ങളുടെ ക്ഷേമത്തിന്റെ പേരില്‍ തന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റില്‍ നിരവധി വാഗ്ദാനങ്ങള്‍ നിരത്താനും അത്യാവേശം പ്രകടമാക്കിയ ധനമന്ത്രി തോമസ് ഐസക്, സൗകര്യാര്‍ഥം സംസ്ഥാന സര്‍ക്കാരിന്റെ കുതിച്ചുയരുന്ന കടബാധ്യത നിലവിലുള്ള രണ്ട് ലക്ഷം കോടിയില്‍ നിന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം കോടിയായി പെരുകുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്നത് യാദൃച്ഛികമാകാനിടയില്ല. ഒരു നവകേരള സൃഷ്ടിയിലേക്കാണ് തന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ നയിക്കുന്നതെന്ന് അവകാശപ്പെടുന്ന മന്ത്രി മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച നടക്കാതെപോയ പല പദ്ധതികള്‍ക്കും പുതിയ ബജറ്റില്‍ ഇടം നല്‍കിയില്ലെന്ന് മാത്രമല്ല, പുതിയ സഹായ പദ്ധതികള്‍, അത് ഉന്നത വിദ്യാഭ്യാസമേഖലയേയും പൊതുവിദ്യാഭ്യാസമേഖലയേയും ആശ്ലേഷിക്കുന്നവയായാലും പ്രധാനമായും ആശ്രയിക്കുക ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളെയായിരിക്കും എന്നത് മനപ്പൂര്‍വം മറച്ചുവയ്ക്കാന്‍ വൃഥാ ശ്രമം നടത്തുന്നുമുണ്ട്. ഈ നയസമീപനത്തിനുള്ള നീതീകരണമായി അദ്ദേഹം ആവര്‍ത്തിക്കുന്നത് ഫിസിക്കല്‍ കണ്‍സര്‍വേറ്റിസം എന്ന തത്വത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്. ഇതിനോട് യോജിക്കുക പ്രയാസമാണ്. ഇപ്പോള്‍ ഇത്രമാത്രമേ പറയുന്നുള്ളൂ.
(അവസാനിച്ചു)