2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാന്‍ഡേജും കത്രികയും, അതായിരുന്നു അവളുടെ ആയുധം

യുദ്ധമുഖത്ത് തങ്ങളുടെ സഹോദരന്മാരെ പരിചരിക്കാന്‍ ദക്ഷിണ ഗസ്സാ നഗരമായ ഖാന്‍ യൂനിസില്‍ ഓടിനടന്ന റസാന്റെ നെഞ്ചില്‍ തുളഞ്ഞുകയറിയ വെടിയുണ്ട, ലോകമന:സാക്ഷിയെ ഞെട്ടിച്ചുവെങ്കിലും ഇസ്‌റാഈലിന് അത് ന്യായീകരണത്തിനുള്ള മറ്റൊരു ഇര മാത്രമാണ്

റസാഖ് എം അബ്ദുല്ല

എല്ലാ കണ്ണുകളും അവരിലേക്കായിരിക്കും. വേദനയാല്‍ പുളയുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം പകരാന്‍, ജീവന്‍ നിലനിര്‍ത്താന്‍ അവരെക്കൊണ്ടേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പ്രതീക്ഷയോടെ. അവരെയും കൊന്നൊടുക്കിയാലോ? റസാന്‍ അഷ്‌റഫ് നജ്ജാര്‍ എന്ന കുഞ്ഞുമാലാഖയെ കൊന്നൊടുക്കിയതോടെ അതിന്റെ ഭീകരാവസ്ഥ ലോകമറിഞ്ഞു.

സര്‍വ്വ അന്താരാഷ്ട്ര നിയമങ്ങളും യുദ്ധനിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നത്. ഏതു കോല്‍ വച്ചു നോക്കിയാലും ഇസ്‌റാഈലിന്റെ ഭാഗത്തു നീതിയില്ലെങ്കിലും യു.എസ് പോലോത്ത രാജ്യങ്ങള്‍ ശരി അവരുടേതാക്കി മാറ്റുന്നു. എന്നാല്‍ ഏഴു പതിറ്റാണ്ടിന്റെ സയണിസ്റ്റ് ഭീകരതയ്ക്കു മുന്നില്‍ മുട്ടുമടക്കാന്‍ ഫലസ്തീനിയന്‍ ജനത തയ്യാറല്ലെന്ന് ഓരോ ദിവസവും വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

യുദ്ധമുഖത്ത് തങ്ങളുടെ സഹോദരന്മാരെ പരിചരിക്കാന്‍ ദക്ഷിണ ഗസ്സാ നഗരമായ ഖാന്‍ യൂനിസില്‍ ഓടിനടന്ന റസാന്റെ നെഞ്ചില്‍ തുളഞ്ഞുകയറിയ വെടിയുണ്ട, ലോകമന:സാക്ഷിയെ ഞെട്ടിച്ചുവെങ്കിലും ഇസ്‌റാഈലിന് അത് ന്യായീകരണത്തിനുള്ള മറ്റൊരു ഇര മാത്രമാണ്. നഴ്‌സാണെന്ന് കൈ ഉയര്‍ത്തി അറിയിച്ചിട്ടും യൂനിഫോമിട്ട ശരീരത്തിനു മേല്‍ കാഞ്ചിവലിക്കാന്‍ തോന്നിയവര്‍ക്ക് അത്രയല്ലേ ദയയുണ്ടാവൂ.

റസാന്‍റെ സംസ്കാര ചടങ്ങില്‍ നിന്ന്

 

ദിനേന ഏഴുപതു പേരെയെങ്കിലും ശുശ്രൂഷിച്ചിരുന്നു റസാന്‍ എന്ന 21 വയസ്സുകാരി. റസാന്‍ ഒഴിച്ചിട്ട വിടവു നികത്താന്‍ മറ്റൊരാള്‍ അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം, പാരാമെഡിക്കല്‍ സംഘവും രോഗികളും അത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഗസ്സയിലും വെസ്റ്റ്ബാങ്കിലും. ഫലസ്തീന്റെ ഈ രണ്ടു ഭാഗങ്ങളിലും അത്യാവശ്യ ചികിത്സയ്ക്കപ്പുറമുള്ള സൗകര്യമില്ല. അല്‍പം ഗുരുതരമാണെങ്കില്‍ ജറുസലേമില്‍ എത്തിയേ തീരൂ. ഇസ്‌റാഈലിന്റെ അനുമതിയില്ലാതെ ഫലസ്തീനീ രോഗികളെയും കൊണ്ട് ഈസ്റ്റ് ജറുസലേമിലേക്ക് പോകാനുമാവില്ല. ഈ അനുമതിക്കാണെങ്കില്‍ കൃത്യമായ മാനദണ്ഡമൊന്നുമില്ല. തോന്നിയാല്‍ കൊടുക്കും, അത്രതന്നെ. ചിലപ്പോള്‍ അത് ആഴ്ചകളെടുക്കുമെന്ന് നഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സഹപ്രവർത്തകർ

 

വെസ്റ്റ്ബാങ്കില്‍ നിന്ന് ഈസ്റ്റ് ജറൂസലേമിലേക്കു പോകുമ്പോഴുള്ള തിരക്കേറിയ ചെക്‌പോസ്റ്റാണ് ക്വാലന്ദിയ. ജറുസലേം യൂനിറ്റിലെ ആംബുലന്‍സുകള്‍ക്കു മാത്രമാണ് ഇതിലൂടെ പ്രവേശനാനുമതി ലഭിക്കുക. അതുതന്നെ എത്ര എമര്‍ജന്‍സിയാണെങ്കിലും വൈകിപ്പിക്കും. രോഗിയുടെ ജീവന്‍പോവാന്‍ അതുമതിയല്ലോ. പ്രസവവേദനയില്‍ പുളയുന്ന സ്ത്രീയുമായി റാമല്ലയില്‍ നിന്ന് ജറുസലേമിലേക്കുള്ള 12 കിലോമീറ്റര്‍ ഓടാന്‍ ഒരു ആംബുലന്‍സിന് വേണ്ടിവന്നത് ഒന്നരമണിക്കൂര്‍. രക്തംവാര്‍ന്ന് പുളയുന്ന സ്ത്രീയെ ആംബുലന്‍സില്‍ കണ്ടാലും ഒരൂ കൂസലുമില്ലാതെയാണ് ഇസ്‌റാഈല്‍ സൈന്യം ഇടപെടുന്നതും.

 

നക്ബ (1948 ലെ മഹാദുരന്തം) യുടെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗസ്സ- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ തുടങ്ങിയ ‘ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പ്രക്ഷോഭ പരിപാടിക്കു നേരെയാണ് നേരും നെറിയുമില്ലാതെ ഇപ്പോള്‍ നിറയൊഴിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ പ്രതിഷേധ പരിപാടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇതുവരെ 200 ല്‍ ഏറെ പേര്‍ മരിക്കുകയും അയ്യായിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ തീവ്രവാദികളായി മുദ്രകുത്തിയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതും ലോകത്തിനു മുന്നില്‍ മാന്യനാവുന്നതും. ടയര്‍ കത്തിക്കലും, കവണയില്‍ കല്ല് അപ്പുറത്തേക്ക് എറിയലുമാണ് അത്യാധുനിക തോക്കുകള്‍ക്കു മുമ്പില്‍ ഫലസ്തീനികള്‍ നടത്തുന്ന ‘തീവ്രവാദ’ പ്രവര്‍ത്തനം. പരുക്കേറ്റവരെ ചികിത്സിക്കാന്‍ പോലും സൗകര്യമൊരുക്കാത്ത തരത്തില്‍ ഉപരോധവും നിലനില്‍ക്കുന്നയിടത്താണ് വൈദ്യസഹായമെത്തിക്കാന്‍ സന്നദ്ധരായവരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്നത്. അവരില്‍ ഇസ്‌റാഈല്‍ കണ്ട പേടിപ്പിക്കുന്ന ആയുധം എന്താണെന്നാണ് പിടികിട്ടാത്തത്. റസാന്റെ പിതാവ് പറയുന്നതു പോലെ, ”ബാന്‍ഡേജും കത്രികയും, ഇതാണ് അവളുടെ ആയുധങ്ങള്‍”.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.