2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വെളിച്ചമെത്താതെ വായുവെത്താതെ പിടഞ്ഞു തീര്‍ന്ന കുഞ്ഞു ജീവനുകള്‍ രണ്ടായിരത്തോളം; ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയവരില്‍ 5000ത്തിനടുത്ത് കുഞ്ഞുങ്ങള്‍

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വെളിച്ചമെത്താതെ വായുവെത്താതെ പിടഞ്ഞു തീര്‍ന്ന കുഞ്ഞു ജീവനുകള്‍ രണ്ടായിരത്തോളം; ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയവരില്‍ 5000ത്തിനടുത്ത് കുഞ്ഞുങ്ങള്‍

ഗസ്സ: ഗസ്സയില്‍ ഇനി കുഞ്ഞുങ്ങളുണ്ടാവുമോ….അറിയില്ല..കാരണം അത്രമേല്‍ പൊന്നോമനകളാണ് കഴിഞ്ഞ ഒരു മാസമായി ഇസ്‌റാഈല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ തീര്‍ന്നൊടുങ്ങിയത്. പതിനായിരത്തോളം ആളുകളെ കൊന്നൊടുക്കിയെങ്കില്‍ അതില്‍ അയ്യായിരത്തോളം കുഞ്ഞുങ്ങളാണ്. നൂറിലേറെ പേര്‍ ഒരു വയസ്സു പോലും ആകാത്തവര്‍. ഇപ്പോഴിതാ തകര്‍ന്നടിഞ്ഞ കെട്ടിയങ്ങള്‍ക്കിടയില്‍ കുടുങ്ങിയതിലും പകുതിയിലേറെ കുഞ്ഞുങ്ങളാണെന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു.

വിശന്നും തളര്‍ന്നുമുള്ളൊരു കുഞ്ഞുറക്കത്തിലോ ഞെട്ടലുകള്‍ തെല്ലു മാറിനിന്നൊരു കളിക്കിടയിലോ കണ്ണടച്ചു തുറക്കുന്നൊരു നിമിഷം കൊണ്ട് കനത്ത ഇരുട്ടിലേക്ക് തള്ളപ്പെട്ടു പോയവരായിരിക്കും അവര്‍. വിശന്നിരിക്കേ ഉമ്മ ചുടുന്നൊരു റൊട്ടിയുടെ കൊതിയിലായിരിക്കും ഒരു പക്ഷേ അവരാ കല്‍ച്ചീളുകള്‍ക്കിടയിലേക്ക് വീണുപോയിരിക്കുക. പിന്നെ തകര്‍ന്നു വീണ ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശന്നും ദാഹിച്ചും ഇരുട്ടില്‍ പേടിച്ചും ഉമ്മയേയും ഉപ്പയേയും വിളിച്ചു കരഞ്ഞും വെളിച്ചത്തിന്റെ നേര്‍ത്തൊരു നൂലിഴപോലുമെത്തി നോക്കാത്തൊരു ഭീതിയില്‍ പതിയെ പതിയെ മരണത്തിലേക്ക് വഴുതിപ്പോയിട്ടുണ്ടാവും അവര്‍. ബോംബുകള്‍ നിലംപരിശാക്കിയ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ദിവസങ്ങളോളം അവരുടെ കരച്ചില്‍ പുറത്തേക്ക് അലയടിച്ചിട്ടുണ്ടാവാം. എന്നാല്‍ കോണ്‍ഗ്രീറ്റ് പാളികള്‍ ഒന്നനക്കാനാവാതെ ആ കുഞ്ഞു കരച്ചിലുകള്‍ നേര്‍നേര്‍ത്തില്ലാതാവുന്നതിന് സാക്ഷിയായിപ്പോകേണ്ടി വന്നവരും നിരവധിയാണ് ഗസ്സയില്‍. ഒരു പക്ഷേ ലോകത്താദ്യമാവാം ഇത്. തുടര്‍ച്ചയായ ആക്രമണങ്ങളും തകര്‍ന്ന ആരോഗ്യ, സേവന രംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന് തടസ്സം നേരിടുന്നത്.

ഇതുവരെയും 10,000ത്തോളം പേര്‍ മരിച്ചവരില്‍ 4800ഓളം കുരുന്നുകളുണ്ടെന്ന് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയോ അല്ലാതെയോ കുടുങ്ങിക്കിടക്കുന്ന 1950 പേരില്‍ 1,050ഉം കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകല്‍ പറയുന്നത്. ഔദ്യോഗിക കണക്കു പ്രകാരം 2,300 പേരെയാണ് കാണാതായത്. ഇതില്‍ രണ്ടായിരം പേര്‍ കുട്ടികളാണെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കാണാതായവര്‍ എന്ന കണക്കിലാണ് ഇത്രയും പേരെ ഉള്‍പ്പെടുത്തിയതെങ്കിലും ഇവരില്‍ ആരും ജീവിച്ചിരിപ്പുണ്ടാവില്ലെന്നാണ് നിഗമനം.

   

24 മണിക്കൂറിനുള്ളില്‍ ഒന്നിലധികം അഭയാര്‍ഥി ക്യാംപുകളെയാണ് ഇസ്‌റാഈല്‍ ആക്രമിച്ചത്. ജബലിയ, മഗാസി ക്യാംപുകളാണ് ആക്രമിച്ചത്. ഒരാഴ്ചയ്ക്കിടെ ജബലിയയില്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. മഗാസി ക്യാംപിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ ജനവാസകെട്ടിടത്തിനു നേര്‍ക്കുണ്ടായ മറ്റൊരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ 21 പേരും കൊല്ലപ്പെട്ടു.

ഹമാസ് ആണ് ലക്ഷ്യമെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുമ്പോഴും ഗസ്സയ്ക്കു പുറത്തും അധിനിവേശ സൈന്യം ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ ഇന്നലെയും ഒന്നിലധികം വ്യോമാക്രമണങ്ങളുണ്ടായി. ഇവിടെ കൂട്ട അറസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗസ്സയില്‍ ഇന്നലെയും പള്ളിക്കുനേരെ ആക്രമണമുണ്ടായി. കഴിഞ്ഞമാസം ഏഴുമുതല്‍ 2,500 ഫലസ്തീനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് ഇന്നലെ ഇസ്‌റാഈല്‍ സൈന്യം അറിയിച്ചത്.

ഒരാഴ്ചയിലേറെയായി ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കരയാക്രമണം ഹമാസില്‍നിന്ന് ശക്തമായ പ്രതിരോധമാണ് നേരിടുന്നത്. 48 മണിക്കൂറിനുള്ളില്‍ 24 ടാങ്കുകള്‍ തകര്‍ത്തതായും ശത്രു സൈന്യത്തിന് വന്‍നാശനഷ്ടം വരുത്തിയതായും ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് അറിയിച്ചു.

കഴിഞ്ഞമാസം ഏഴുമുതല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 346 സൈനികരെ നഷ്ടമായെന്ന് ഇസ്‌റാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 32 സൈനികര്‍ ഗസ്സയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ്.

ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവധിദിനമായ ഇന്നലെയും പതിനായിരങ്ങളാണ് വിവിധ രാജ്യങ്ങളിലെ തെരുവുകളില്‍ ഇസ്‌റാല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇറങ്ങിയത്. ഇസ്‌റാഈലിനെ പരസ്യമായി പിന്തുണയ്ക്കുന്ന യു.എസ്, ബ്രിട്ടിഷ് നഗരങ്ങളിലാണ് ഏറ്റവും വലിയ ജനക്കൂട്ടങ്ങള്‍ അധിനിവേശത്തിനെതിരേ രംഗത്തുവന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.