2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൗതം ഗംഭീര്‍, നിങ്ങള്‍ ഇങ്ങനെ ആവരുതായിരുന്നു; ഒരു ആരാധകന്റെ സങ്കട ഹരജി

ഗൗതം ഗംഭീര്‍, നിങ്ങള്‍ ഇങ്ങനെ ആവരുതായിരുന്നു; ഒരു ആരാധകന്റെ സങ്കട ഹരജി

തിയ്യതി: 2011 ഏപ്രില്‍ രണ്ട്.
സ്ഥലം: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കളിയില്‍ ഏറ്റുമുട്ടുകയാണ്.
സ്‌കോര്‍ബോര്‍ഡ് ചലിക്കും മുമ്പെ അതുവരെ ഫോമിലായിരുന്നു വീരേന്ദ്രസെവാഗ് ഡെക്ക്.
പിന്നാലെയെത്തിയ വിശ്വസ്തനായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാര്യമായ സംഭാവനനല്‍കാതെയും പവലിയനിലേക്ക് തിരിച്ചുനടന്നു. സച്ചിന്‍ മലിംഗക്ക് മുമ്പില്‍ കീഴടങ്ങുമ്പോള്‍ സ്‌കോര്‍ 2ന് 31 എന്ന ദയനീയനിലയില്‍. ഒരു കനകക്കിരീടം കൂടി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമാകുമോയെന്ന് ആശങ്കപ്പെട്ട് ഗാലറിയിലെ 40,000നടുത്ത് വരുന്ന കാണികളില്‍ കാണാമായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ക്രീസില്‍ ഉറച്ചുനിന്ന് 4ന് 223 എന്ന ശക്തമായ നിലയില്‍ ടീമിനെ എത്തിച്ച് മടങ്ങുമ്പോള്‍ ഏറെക്കുറേ മുഴുവനായി തിറങ്ങിനിറഞ്ഞ ഇന്ത്യന്‍ കാണികള്‍ എണീറ്റ് നിന്ന് കൈയടിച്ചത് അയാള്‍ക്ക് വേണ്ടിയായിരുന്നു…
അയാളുടെ പേര്: ഗൗതം ഗംഭീര്‍.

ഷെഡ്യൂള്‍ഡ് ലൈനപ്പ് തെറ്റിച്ച് തികഞ്ഞൊരു വണ്‍ ഡേ സ്‌പെഷലിസ്റ്റായ യുവരാജ് സിങ്ങിനെ പോലെ ഒരാളെ പിന്നാലാക്കി നേരത്തെ ഇറങ്ങുകയും സിക്‌സറടിച്ച് അവിശ്വസനീയമായി ടീമിനെ വിജയിപ്പിക്കുകയും ചെയ്ത് എം.എസ് ധോണിയെന്ന ക്യാപ്റ്റന്റെ പ്രകടനം ഹൈലൈറ്റ് ചെയ്യപ്പെട്ടെങ്കിലും മേലാകെ ചെളിനിറഞ്ഞ് ടീമിന് വേണ്ടി പോരാടിയ ഗംഭീറിന്റെ അന്നത്തെ ചിത്രം കളിയാസ്വാദകരുടെ മനസ്സില്‍നിന്ന് പോയിട്ടുണ്ടാകില്ല. 18 ാം ഓവറില്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനെ ലെഗ് സൈഡിലേക്ക് തട്ടിയിട്ട് സിംഗിളെടുത്ത് 50 പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ബാറ്റുയര്‍ത്തുമ്പോള്‍ ഗംഭീറിന്റെ ജഴ്‌സിയുടെ മുന്‍ഭാഗം ഏറെക്കുറേ ചെളി നിറഞ്ഞിരുന്നു.

ലോകകപ്പ് ഫൈനല്‍ പോലൊരു ഹൈ വോള്‍ട്ടേജ് മത്സരങ്ങളിലുള്‍പ്പെടെ ഇന്ത്യയെ പരാജയത്തില്‍നിന്ന് വിജയതീരത്തേക്ക് എത്തിച്ച പ്രിയപ്പെട്ട ഗംഭീറിനെ നമ്മള്‍ അതിന് മുമ്പും ശേഷവും പലതവണ കണ്ടതാണ്.

ഒരു വ്യാഴവട്ടക്കാലം അയാള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മുഖമായിരുന്നു. അതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണന്‍, സൗരവ്ഗാംഗുലി, വീരേന്ദ്ര സെവാഗ് എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ അടക്കിവാണ ഇന്ത്യന്‍ നിരയുടെ. അവരുടെ കാലത്ത് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ സ്ഥാനംകിട്ടുകയെന്നത് തന്നെ ഒരനുഗ്രഹമാണ്. ഇക്കാലത്ത് തന്നെ 2009ല്‍ അയാള്‍ ഐ.സി.സിയുടെ മികച്ച പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ശ്രീലങ്കയുടെ പേരുകേട്ട ബൗളര്‍മാര്‍ക്ക് കീഴടങ്ങാതെ പുറത്താകാതെ 150 റണ്‍സെടുത്ത ഒരു ഗംഭീറുണ്ട്. ശ്രീലങ്ക ഉയര്‍ത്തിയ 316 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ സെവാഗും സച്ചിനും നേരത്തെ പോയതോടെ 2ന് 23 എന്ന നിലയില്‍നിന്ന് ടീമിനെ രക്ഷിച്ച ഒരു ഗംഭീര്‍..
ഇന്നും ഓര്‍ക്കുമ്പോള്‍ രോമം എണീക്കുന്ന ഒട്ടേറെ ഗംഭീര്‍ ഓര്‍മകള്‍ ഉണ്ട്.
നമ്മള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് അയാളുടെ ബാറ്റിങ് കാണാനായി നോക്കിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, അതൊരുകാലം

പക്ഷേ, ക്രീസിലെ പ്രകടനത്തിന്റെ പേരിലല്ല ഇന്ന് ഗംഭീര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. സംഘ്പരിവാര്‍ പാളയത്തിലെത്തിയതോടെ അയാളിന്നൊരു സംഘ്പരിവാര്‍ പ്രൊപ്പഗണ്ട കരിയറായി മാറി. കൂടാതെ വിരാട് കോലിയുടെ ഹേറ്റര്‍ കൂടിയായതോടെ അയാളൊരു കോമാളി കഥാപത്രമായി ചുരുങ്ങുകയുംചെയ്തു. കോലിയോടുള്ള പിണക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐ.പി.എല്ലില്‍ ഗംഭീര്‍ കൊല്‍ക്കത്തയുടെയും കോലി ബംഗളുരുവിന്റെയും നായകനായ സമയത്ത് തന്നെ ഇരുവരും ഒന്നാന്തരം ക്രിക്കറ്റ് റൈവല്‍ ആണ്. ഇന്ത്യന്‍ ടീമില്‍ വണ്‍ഡൗണ്‍ ആയി ഇറങ്ങിയിരുന്ന ഗംഭീറിന് ഭീഷണിയായിരുന്നല്ലോ കോലി. ഗംഭീര്‍ കളി നിര്‍ത്തി പിന്നീട് ലഖ്‌നൗ ടീമിന്റെ മെന്റര്‍ ആയപ്പോഴും ഇരുവരും ഉടക്കുന്നത് പോയ സീസണിലും നമ്മള്‍ കണ്ടു.

ഏഷ്യാകപ്പില്‍ കഴിഞ്ഞദിവസം നടന്ന ഇന്ത്യ- പാകിസ്താന്‍ മത്സരശേഷം വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പാക് കളിക്കാരുമായി സൗഹൃദം പങ്കുവച്ചത് ഇരുരാജ്യത്തെയും മാധ്യമങ്ങള്‍ വളരെ പോസിറ്റിവായി തന്നെ വാര്‍ത്ത കൊടുത്തു. എന്നാല്‍ ബിജെപി എം.പിയായതോടെ താനൊരു വെറും സംഘ്പരിവാറുകാരനാണെന്ന് പറയിപ്പിക്കുന്ന വിധത്തില്‍, താരങ്ങളുടെ സൗഹൃദ സംഭാഷണത്തെ വിമര്‍ശിക്കുകയാണ് ഗംഭീര്‍ചെയ്തത്. ശരിക്കും അത് കോലിക്കുള്ള കൊട്ട് ആയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിര്‍ത്തിവയ്ക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

ഈ വിവാദം നിലനില്‍ക്കെ കഴിഞ്ഞദിവസത്തെ ഇന്ത്യ- നേപ്പാള്‍ കളി കാണാനെത്തുകയായിരുന്ന ഗംഭീറിനെ ”…കോലി കോലി…..” എന്ന ജയ് വിളിയാണ് എതിരേറ്റത്. പ്രകോപിതനായ ഗംഭീര്‍ നടുവിരല്‍ ഉയര്‍ത്തി, താനൊരു തോല്‍വിയാണെന്നും തനി സംഘ്പരിവാറുകാരനാണെന്നും വീണ്ടും തെളിയിച്ചു.
അശ്ലീല ആംഗ്യം വിവാദമായതോടെ പതിവ് സംഘ്പരിവാര്‍ ലൈനില്‍ മറുപടിയും നല്‍കി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കശ്മീര്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതാണു തന്നെ പ്രകോപിപ്പിച്ചതെന്നായിരുന്നു ഇതിനോടുള്ള ഗംഭീറിന്റെ ഒട്ടും നിലവാരമില്ലാത്ത പ്രതികരണം.

എന്തൊരു വേഗതയിലാണ് ഹീറോ പരിവേശത്തില്‍നിന്ന് അയാളിന്ന് ഇവ്വിധം കോമാളിയാക്കപ്പെട്ടത്.

ശരിക്കും ഇങ്ങനെയായിരുന്നില്ല ഗൗതം ഗംഭീര്‍.
ഇങ്ങനെ ആവരുതായിരുന്നു ഗംഭീര്‍.., നിങ്ങള്‍.!
ഇപ്പോഴും നിങ്ങളുടെ പ്രതാപകാലത്തെ കളി വിഡിയോകള്‍ ഞങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
എന്ന്,
നിങ്ങളുടെ ഒരു പഴയ ആരാധകന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.