2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗാന്ധിയുടെ അന്ത്യതീര്‍ഥാടനം

പി.എൻ.​ഗോപീകൃഷ്ണൻ

1946 ജൂണ്‍ 30നു ഹിന്ദുത്വവാദികളുടെ തേനീച്ചക്കൂടായിരുന്ന പൂനെയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഗാന്ധി പറഞ്ഞു. ‘ഇന്നലെ എന്റെ ജീവനെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഞാന്‍ പെട്ടെന്നൊന്നും മരിക്കില്ല. 125 വയസുവരെ ജീവിക്കുന്നതിനാണ് ഞാന്‍ പദ്ധതിയിടുന്നത്’. ഗാന്ധിക്കു നേരെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നാലാമത്തെ വധശ്രമമായിരുന്നു തലേന്നു നടന്നിരുന്നത്. ഗാന്ധിയെ വഹിച്ചുകൊള്ള തീവണ്ടി നെരൂള്‍ സ്റ്റേഷനും കര്‍ജത്ത് സ്റ്റേഷനുമിടയില്‍ അപകടത്തില്‍പെട്ടു. എന്‍ജിന്‍ ഡ്രൈവറുടെ മൊഴിയനുസരിച്ച് തീവണ്ടിയെ പാളംതെറ്റിക്കാനായി റെയില്‍ ഇളക്കിമാറ്റിയിരുന്നു. പൊലിസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എന്തൊക്കെയോ ചെയ്ത് ആ അന്വേഷണം അവസാനിപ്പിക്കുകയാണു ചെയ്തത്.
നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്, വധശ്രമത്തെ അതിജീവിച്ച ശേഷം ഗാന്ധിയുടെ സ്വരത്തില്‍ കരകവിയുന്ന ആത്മവിശ്വാസമാണ്.

സ്വന്തം ജീവിതത്തെ ഒരു പദ്ധതിയായി കാണാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. വേറെ ആര്‍ക്കുമല്ല, തനിക്കു തന്നെയാണ് തന്റെ ജീവനുമേലുള്ള അവകാശമെന്ന് അദ്ദേഹം അഗാധത്തില്‍ കരുതിയിരുന്നു. തന്റെ പലതരം ദൗത്യങ്ങളിൽ, സ്വാശ്രയ ഗ്രാമങ്ങളില്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്വവിരുദ്ധ ഇന്ത്യയും അസ്പൃശ്യതാനിവാരണം വരുത്തിയ മതവും മതസാഹോദര്യത്തിലധിഷ്ഠിതമായ സാമൂഹികതയും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 1925ല്‍, തന്നെ വന്നുകണ്ട ഗാന്ധിയോട് ജാതിമൂലമുള്ള അസമത്വങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കൾ ഒരിക്കല്‍ക്കൂടി ജനിക്കേണ്ടിവരുമെന്ന് സ്വതസിദ്ധമായ നര്‍മോക്തിയിലൂടെ ശ്രീനാരായണഗുരു പറഞ്ഞിരുന്നു. അതുകൂടി മനസില്‍ വച്ചായിരിക്കും രണ്ടു പതിറ്റാണ്ടിനിപ്പുറംനിന്ന് ഗാന്ധി 125 വര്‍ഷത്തേയ്ക്കുള്ള പദ്ധതിയായി തന്റെ ജീവിതത്തെ ഒരുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

   


പക്ഷേ, ഈ ആഗ്രഹം ഗാന്ധിയില്‍നിന്ന് വളരെ വൈകാതെ ചോര്‍ന്നുപോകുന്നതും നാം കാണുന്നുണ്ട്. 1946 ഡിസംബറില്‍ ജനങ്ങളെ വിഭജിച്ച് പരസ്പരം ഏറ്റുമുട്ടിപ്പിക്കുന്നതില്‍ വര്‍ഗീയവാദികള്‍ വിജയം കൈവരിച്ച കിഴക്കന്‍ ബംഗാളിലെ നവഖലിയില്‍ രണ്ടാം പര്യടനത്തിനൊരുങ്ങുമ്പോള്‍ പട്ടേലിനു ഗാന്ധി എഴുതുന്നുണ്ട്: ‘ഞാന്‍ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. എന്റെ സത്യവും അഹിംസയും പരിപൂര്‍ണമാണ്. അവ ഒരിക്കലും പരാജയപ്പെടില്ല. പക്ഷേ, അവയുടെ ഉപാധി പരാജയപ്പെട്ടേക്കാം. അത് സംഭവിക്കുംമുമ്പ് ഞാന്‍ ഇത്രമാത്രമാണ് ആഗ്രഹിക്കുന്നത്. ദയാപരനായ ദൈവം എന്നെ ഈ ലോകത്തുനിന്ന് എടുത്തുമാറ്റുകയും അവന്റെ ഇച്ഛ നടപ്പില്‍വരുത്താന്‍ മെച്ചപ്പെട്ട ഒരു ഉപകരണത്തെ ഭൂമിയിലേക്ക് അയക്കുകയും ചെയ്യുക…’


1946 ഒക്ടോബര്‍ രണ്ടിനു ഗാന്ധിക്ക് 77 വയസു തികഞ്ഞിരുന്നു. വീണ്ടും 48 വര്‍ഷങ്ങള്‍, ഏതാണ്ട് അരനൂറ്റാണ്ടോളം കാലംകൂടി ജീവിക്കണമെന്നാണ് ഗാന്ധി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ‘അന്ധരെയന്ധര്‍ നയിക്കുന്ന’ കലാപഭൂമിയില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തിന്റെ അരനൂറ്റാണ്ടോളമുള്ള നീട്ടിവയ്പ് ഗാന്ധി പിന്‍വലിക്കുന്നുണ്ട്. 1948 ജനുവരിയില്‍ ഡല്‍ഹി കലാപഭൂമിയിലിരുന്ന് അദ്ദേഹം എഴുതി. ‘ഞാന്‍ ഒരു ചൂളയ്ക്കുള്ളിലാണ്. നാം മാനവികതയെ നമ്മുടെ കാലുകള്‍ക്കടിയില്‍ ഞെരിക്കുകയാണ്. അടുത്ത കാല്‍വയ്പ് എങ്ങോട്ടാണെന്ന് എനിക്കു നിശ്ചയമില്ല. ഞാന്‍ വെളിച്ചത്തിനു വേണ്ടി ഉഴറുകയാണ്. അതിന്റെ വിളറിയ രശ്മികള്‍ പിടിച്ചെടുക്കാനേ എനിക്കിനിയും കഴിഞ്ഞിട്ടുള്ളൂ…’


കവികള്‍ക്കു മാത്രം കഴിയുന്ന വാങ്മയത്തില്‍ വിലപിച്ചു കൊണ്ടിരിക്കുമ്പോഴും കൈയില്‍കിട്ടിയ വിളറിയ രശ്മികളില്‍നിന്ന് സൂര്യനെ സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യ മതി എന്ന് ഉറപ്പിച്ചിരുന്ന മുസ്‌ലിംകളെ അവരുടെ ഭവനങ്ങളില്‍നിന്ന്, പാകിസ്താനില്‍നിന്ന് വന്ന ഹിന്ദു അഭയാര്‍ഥികളെ മുന്‍നിര്‍ത്തി ഹിന്ദു മഹാസഭയും മറ്റു ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളും ആട്ടിപ്പായിച്ചിരുന്നു. മുസ്‌ലിം പള്ളികള്‍ അവര്‍ കൈയടക്കിയിരുന്നു. എല്ലാ ജനുവരി മാസത്തിലും ഉറൂസ് നടത്തുന്ന മെഹ്‌റോളിയിലെ ഖാജാ കുത്ബുദ്ദീന്റെ ഖബര്‍സ്ഥാനും അവര്‍ പിടിച്ചെടുത്തിരുന്നു.


തന്റെ അവസാന നിരാഹാര സത്യഗ്രഹത്തിലേയ്ക്ക്, 125 വര്‍ഷം ജീവിക്കാന്‍ ഒരുക്കിവച്ച ശരീരത്തെ പീഡിപ്പിക്കാന്‍ എഴുപത്തെട്ടാം വയസില്‍ ഗാന്ധി തീരുമാനിച്ചു. ആ തീരുമാനമടങ്ങിയ കുറിപ്പ് ഗാന്ധി ഏല്‍പ്പിക്കുന്നത് സുശീലാ നയ്യാറിനെയാണ്. ഗാന്ധി മൗനവ്രതത്തിലായിരുന്നു. 1948 ജനുവരി 12ന്റെ ആ കുറിപ്പില്‍ ഇങ്ങനെ എഴുതി. ‘1947 സെപ്റ്റംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ ഞാന്‍ തിരിച്ചെത്തുമ്പോള്‍ അതൊരു മൃതനഗരമായി കാണപ്പെട്ടു. അതു കണ്ടയുടനെ ഡല്‍ഹിയില്‍ ഞാന്‍ ചെയ്യേണ്ടത് ‘പ്രവര്‍ത്തിക്കുക അഥവാ മരിക്കുക’ എന്നതാണെന്നു ഉറപ്പിച്ചു’.

ആ പ്രസ്താവന അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു. ‘എന്റെ ഉപവാസം മനസ്സാക്ഷിയെ കൊല്ലാതിരിക്കട്ടെ. അതിനെ പ്രചോദിപ്പിക്കട്ടെ. പ്രിയപ്പെട്ട ഇന്ത്യയില്‍ ഉടലെടുത്ത അളിയലിനെപ്പറ്റി ചിന്തിക്കുക. അവളുടെ വിനീതനായ ഈ പുത്രന്‍ ഈ സന്തോഷപ്രദമായ കാല്‍വയ്പ് എടുക്കാന്‍ ആവശ്യമായത്ര ശക്തനും ഒരുപക്ഷേ ശുദ്ധനുമാണ് എന്നോര്‍ക്കുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കപ്പെടും. അതു രണ്ടുമല്ലെങ്കില്‍ അയാള്‍ ഭൂമിക്കൊരു ഭാരമായിത്തീരും. അയാള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്ലത്, എത്രയും പെട്ടെന്ന് അയാള്‍ ഇല്ലാതായിത്തീര്‍ന്ന് ഭാരിച്ച ഇന്ത്യന്‍ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതാണ്.’


1948 ജനുവരി 13നു രാവിലെ 11.55നു ഗാന്ധി നിരാഹാരം ആരംഭിച്ചു. നാലു കാര്യങ്ങളാണ് നിരാഹാരം അവസാനിപ്പിക്കാന്‍ ഡല്‍ഹി ജനതയുടെ മുന്നില്‍വച്ചത്.

  1. മെഹ്‌റോളിയിലെ ഖാജാ കുത്ബുദ്ദീന്റെ കബറില്‍ എല്ലാ വര്‍ഷവും മുസ്‌ലിംകള്‍ നടത്തുന്ന ഉറൂസ് മുടക്കമില്ലാതെ തുടരണം.
  2. മുസ്‌ലിംകള്‍ക്ക് ഡല്‍ഹിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസ്ഥ സംജാതമാക്കണം.
  3. ഹിന്ദുക്കളും സിഖുകാരും കൈയടക്കിയതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്ന പള്ളികളില്‍നിന്ന് അവര്‍ കുടിയിറങ്ങുകയും മുസ്‌ലിം പ്രദേശങ്ങള്‍ ബലംപ്രയോഗിച്ച് കീഴടക്കാതിരിക്കുകയും വേണം.
  4. പാകിസ്താനിലേയ്ക്ക് കുടിയേറിയ മുസ്‌ലിംകള്‍ തിരിച്ചുവരുന്നത് ഹിന്ദുക്കള്‍ തടയാതിരിക്കണം.
    ഈ നാലിന പരിപാടി നടപ്പാക്കാതിരിക്കാന്‍ ഹിന്ദു മഹാസഭയും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളും പരമാവധി ശ്രമിച്ചു. പാകിസ്താനില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പ്രകോപിപ്പിച്ച് ഗാന്ധിയുടെ പ്രാര്‍ഥനാ സമ്മേളനത്തിലേയ്ക്കയച്ചു. അവര്‍ അവിടെവന്ന് ‘മാര്‍ത്താ ഹൈ തോ മാര്‍ണേ ദോ’ (ചാകണമെങ്കില്‍ ചത്തോളൂ) തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എങ്കിലും തന്റെ ധാര്‍മികബലംകൊണ്ട് ഗാന്ധി വിജയിച്ചു. 1948 ജനുവരി 18ന് എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഈ നാലിന പരിപാടി അംഗീകരിച്ച് ഒപ്പുവച്ചു. അന്ന് ഉച്ചയ്ക്ക് 12.45നു മൗലാനാ അബുല്‍ കലാം ആസാദ് നല്‍കിയ നാരങ്ങാനീര് സ്വീകരിച്ച് ഗാന്ധി നിരാഹാരം പിന്‍വലിച്ചു.

  5. 1948 ജനുവരി 27നു മെഹ്‌റോളിയിലെ ഖാജാ കുത്ബുദ്ദീന്റെ ഉറൂസില്‍ ഗാന്ധി പങ്കെടുത്തു. ഗാന്ധിയുടെ ആഹ്വാനമനുസരിച്ച് മുന്നോട്ടുവന്ന ഹിന്ദുക്കളും സിഖുകാരും ആഘോഷത്തിനെത്തിയ മുസ്‌ലിംകളെ പൂക്കള്‍ നല്‍കിയും ചുടുചായ കൊടുത്തും സ്വീകരിച്ചു. അന്നേ ദിവസംതന്നെ ബോംബെയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പറന്നുപൊങ്ങിയ വിമാനത്തില്‍ കള്ളപ്പേരുകളില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമായിരുന്നു ആ രണ്ടുപേര്‍. ഗാന്ധിയുടെ ജീവനെടുക്കാന്‍ പുറപ്പെട്ട സവര്‍ക്കര്‍ അനുയായികള്‍. ബാക്കിയെല്ലാം ചരിത്രം.

  6. ഇന്ന് ഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കില്‍ 154 വയസായേനെ. എന്നുപറഞ്ഞാല്‍ ഗാന്ധി ഒരു കാലത്ത് ആഗ്രഹിച്ച 125 എന്ന പരിധിയും കടന്നിട്ട് കാല്‍നൂറ്റാണ്ടിനിപ്പുറത്താണ് നാം നില്‍ക്കുന്നത്. നമ്മുടെ സാമൂഹ്യ പരിസരമാകട്ടെ, വെറുപ്പും വിദ്വേഷവും കൊണ്ട് അനുനിമിഷം നിറഞ്ഞുകൊണ്ടിരിക്കുന്നു. അതിനാല്‍ ഗാന്ധിസ്മരണയെ ഔദ്യോഗികമായ പത്രാസുകളില്‍നിന്നും താഴെ, നാമെല്ലാം ജീവിക്കുന്ന മണ്ണിലേയ്ക്ക് ഇറക്കുക എന്നതാണ് ഈ നിമിഷങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഹിന്ദുവാണ് താന്‍ എന്ന് ഉറച്ചുപറഞ്ഞിരുന്ന ഗാന്ധിയുടെ അവസാനത്തെ തീര്‍ഥാടനം ഖാജാ കുത്ബുദ്ദീന്റെ കബറിടം സന്ദര്‍ശിക്കാനായിരുന്നു എന്നതോര്‍ക്കുക, ഹിന്ദുവായിത്തന്നെ അദ്ദേഹം അങ്ങോട്ടുപോയി എന്നതും. അതില്‍ കൂടുതല്‍ മതനിരപേക്ഷതയ്ക്ക് ഇന്ത്യയില്‍ മറ്റര്‍ഥങ്ങള്‍ തേടേണ്ടതില്ല.
  7. Content Highlights:Gandhi’s last pilgrimage

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.