2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഹിംസയെ അഹിംസയാല്‍ പ്രതിരോധിച്ച് ഈ ദിനം സാര്‍ഥകമാക്കാം


വംശീയ വിദ്വേഷങ്ങളാല്‍ ലോകം കലുഷിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഗാന്ധിജിയുടെ ജീവിതവും സന്ദേശവും കൂടുതല്‍ തെളിമയോടെ പ്രസക്തമാവുകയാണ്. ‘ഈ ലോകത്ത് ഇതുപോലൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവോ എന്ന് ലോകം അത്ഭുതപ്പെടുന്നൊരു കാലം വരുമെന്ന്’ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പ്രവചിച്ചത് സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന് ഇന്നത്തെ കാലം സാക്ഷിയാണ്. ലോക മനഃസാക്ഷിയെ ശാന്തിയുടെയും സമാധാനത്തിന്റെയും ഭൂമിയിലേക്ക് നയിക്കാന്‍ പ്രാപ്തനായ നേതാവിന്റെ അഭാവമാണ് ഐന്‍സ്റ്റിന്റെ പ്രവചനത്തെ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്.
അര്‍ധനഗ്‌നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാന്ധിജി അതേവേഷത്തില്‍ ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ വിസ്മയാദരവുകളോടെ അദ്ദേഹത്തെ അഭിവാദ്യംചെയ്തത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു. സ്വന്തം പേര് സ്വര്‍ണനൂലുകളാല്‍ ആലേഖനം ചെയ്ത കോട്ടിട്ട ഇന്നത്തെ ഭരണാധികാരികള്‍ വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അവിടുത്തെ ഭരണാധികാരികള്‍ക്ക് ഓര്‍മപ്പെടുത്തേണ്ടിവരുന്നത് ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ്. അസഹിഷ്ണുതയുടെ തീനാളങ്ങളെയാണ്.

നന്മകളായിരുന്നു ഗാന്ധിജിയുടെ ആയുധം. ‘നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന്’ സാഹിത്യകാരനും ചിന്തകനുമായിരുന്ന ജോര്‍ജ് ബര്‍ണാഡ്ഷാ ഗാന്ധിജിയെ അന്ന് ഓര്‍മപ്പെടുത്തിയെങ്കില്‍ ഭരണാധികാരികളില്‍ തിന്മകള്‍ ഇത്രമേല്‍ ഉണ്ടാവുക എന്നത് ലോകത്തിന് തന്നെ അപകടമാകുന്ന ഒരുകാലത്തെയാണ് ഇന്നത്തെ തലമുറ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അഹിംസ കൊണ്ടും നിസഹകരണം കൊണ്ടും സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെയാണ് കൃശഗാത്രനായ ആ മഹാത്മാവ് പരാജയപ്പെടുത്തിയത്. ഇന്നത്തെ ഭരണാധികാരികളാകട്ടെ പാര്‍ട്ടി അനുയായികളുടെ കൈകളില്‍ ആയുധം വച്ചുകൊടുത്ത് അക്രമങ്ങള്‍ക്ക് തിരികൊളുത്തുന്നു. ഭീരുവിന്റെ പ്രവര്‍ത്തനമാണ് ആയുധമേന്തിയുള്ള സമരമെന്നും ധീരന് മാത്രമേ അഹിംസ എന്ന ആയുധം പ്രയോഗിക്കാനാകൂവെന്നുമാണ് ഗാന്ധിജി ജീവിതംകൊണ്ട് പഠിപ്പിച്ചത്.

ശത്രു, മിത്ര ഭേദമന്യേ സര്‍വരാലും ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത അപൂര്‍വം ലോകനേതാക്കളില്‍ ഒരാളായിരുന്നു ഗാന്ധിജി. ഇന്നാകട്ടെ പി.ആര്‍ വര്‍ക്കിനാല്‍ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയുമായി സഞ്ചരിക്കുന്ന ഭരണാധികാരികളെ എതിരേല്‍ക്കുന്നത് ഗോബാക്ക് എന്ന പ്ലക്കാര്‍ഡുകളാണ്. 73 വര്‍ഷം മുമ്പ് ഹിന്ദുത്വ തീവ്രവാദികളുടെ തോക്കിനാലാണ് രാഷ്ട്രപിതാവ് രക്തസാക്ഷിയായതെങ്കില്‍ ഇന്ന് രാഷ്ട്രം തന്നെ അതേശക്തികളുടെ വിധ്വംസക രാഷ്ട്രീയത്താല്‍, വെറുപ്പിന്റെ പ്രായോഗികതയാല്‍ രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ നിസ്തുല ശോഭയായിരുന്ന, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഹിന്ദുത്വശക്തികള്‍ തമസ്‌ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു പതിപ്പാണ് ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെക്ക് ക്ഷേത്രം പണിയുന്നതും സ്മാരകം പണിയുന്നതും. ഇന്ത്യയെ മതേതര, ജനാധിപത്യ രാഷ്ട്രമാക്കാന്‍ നെഹ്‌റു പൊരുതി എന്നതിനാലാണ് ഹിന്ദുത്വശക്തികള്‍ക്ക് അദ്ദേഹം അനഭിമതനായത്.

വിശ്വമാനവികതയ്ക്കും ജാതിക്കും മതത്തിനും അതീതമായ സാഹോദര്യത്തിനും മതസഹിഷ്ണുതയ്ക്കും വേണ്ടി തന്റെ ജീവിതം തന്നെ ഗാന്ധിജി സമര്‍പ്പിച്ചു. അതിനാലാണ് ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് നിസ്സങ്കോചം അദ്ദേഹത്തിനു പറയാന്‍ കഴിഞ്ഞത്. ഇന്നത്തെ എത്ര ഭരണാധികാരികള്‍ക്ക് ആത്മശുദ്ധിയോടെ ഈ വാചകം ഉരുവിടാന്‍ കഴിയും ? ഇന്നത്തെ പല നേതാക്കളുടെയും ഭരണാധികാരികളുടെയും ജീവിതസന്ദേശം ജനതയെ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ പരസ്പരം വെട്ടിമരിക്കാന്‍ പ്രേരണ നല്‍കുന്നതാണ്.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സത്യസന്ധതയും ധാര്‍മികതയും സംശുദ്ധിയും കാത്തുസൂക്ഷിക്കുന്നതായിരുന്നു ഗാന്ധിജിയുടെ ജീവിതം. ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന ഇന്നത്തെ പല നേതാക്കളും തട്ടിപ്പുകാരുടെ നിത്യസന്ദര്‍ശകരാണ്. കള്ളക്കടത്തുകാര്‍ക്കും തീവെട്ടിക്കൊള്ളക്കാര്‍ക്കും അവര്‍ അഭയസ്ഥലങ്ങളാണ്. ഗാന്ധിജി പാവപ്പെട്ടവന്റെയും നിരാലംബരുടെയും അഭയസ്ഥാനമായിരുന്നു. തന്റെ മേല്‍വിലാസം ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ നേട്ടങ്ങളുണ്ടാക്കുന്നത് ഗാന്ധിജി തടഞ്ഞു. ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന നേതാക്കള്‍ മക്കളെയും കൊച്ചുമക്കളെയും വരെ അധികാരത്തിന്റെ ചക്കരകുടം നുണയാന്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു.

‘ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് തെരുവിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം നിങ്ങളോര്‍ക്കുക’ എന്നായിരുന്നു ഗാന്ധിജി ഭരണകര്‍ത്താക്കളെയും പൊതുപ്രവര്‍ത്തകരെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. ഇന്നത്തെ ഭരണാധികാരികള്‍ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ബാര്‍ മുതലാളിയെയും ഭൂമാഫിയയെയും കോര്‍പറേറ്റുകളെയുമാണ് ചിന്തിക്കുന്നത്. സാധാരണ ജനങ്ങള്‍ അവരുടെ ചിന്തയില്‍ വരുന്നില്ല.

ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്. അവര്‍ തെരുവുകള്‍ വൃത്തിയാക്കാന്‍ നേതൃത്വം നല്‍കുന്നു. ചേരികളിലെ മാലിന്യം തൂത്തുകളയാന്‍ മുന്നിട്ടിറങ്ങുന്നു. സ്വന്തം ഉള്ളിലെ മാലിന്യം തൂത്തുകളയാതെ എങ്ങനെയാണ് അവര്‍ക്ക് ഗാന്ധിജിയുടെ ജീവിതസന്ദേശത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാനാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.