2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി വിമാന സർവ്വീസ് പുനഃരാരംഭം; ബന്ധപ്പെട്ട വകുപ്പുകൾ വിലക്കുന്ന രാജ്യങ്ങളിൽ നിന്ന് അനുമതിയുണ്ടാകില്ല

ഇന്ത്യയിൽ നിന്നും പുനഃരാരംഭിച്ചേക്കും

അബ്‌ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: സഊദിയിലേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി അന്താരാഷ്‌ട്ര വിമാന കമ്പനികൾക്ക് ഔദ്യോഗിക നിർദേശം നൽകി. മാർച്ച് 31 ഓടെ രാജ്യത്തേക്കുള്ള വിമാന വിലക്ക് എടുത്തുകളയുമെന്ന ആഭ്യന്തര മന്ത്രാലയ തീരുമാന പശ്ചാത്തലത്തിലാണ് സഊദി സിവിൽ ഏവിയേഷൻ (ഗാക) അന്താരാഷ്‌ട്ര വിമാന കമ്പനികൾക്ക് സർവ്വീസ് പുനഃരാരംഭിക്കാനുള്ള നിർദേശം നൽകിയത്. മാർച്ച് 31 മുതൽ രാജ്യത്തേക്കുള്ള അന്താരാഷ്‌ട്ര വിമാന പ്രവേശന വിലക്ക് പൂർണ്ണമായും എടുത്തു കളയുമെന്ന് സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും നൽകിയ നിർദേശത്തിൽ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

     അതേസമയം, കൊറോണ വൈറസ് അനിയന്ത്രിതമായി തുടരുന്നതിന്റെ ഫലമായി യാത്ര നിർത്തിവെക്കാൻ ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിക്കുന്ന രാജ്യങ്ങൾക്ക് യാത്രാ അനുമതി ബാധകമല്ലെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. എന്നാൽ, ഏതൊക്കെ രാജ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നതെന്നു ഇപ്പോൾ വ്യക്തമല്ല. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകളും സംശയത്തിലാണ്. ഇത് സംബന്ധമായി ഉടൻ തന്നെ കൂടുതൽ വിശദീകരണം ഉണ്ടാകുമെന്നാണ് എയർലൈനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഏപ്രിൽ മുതൽ ഇന്ത്യയിൽ നിന്നും സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സഊദിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാലേ ഇതിൽ വ്യക്തത കൈവരൂ.

    മാർച്ച് 31 രാവിലെ ആറു മണി മുതൽ സഊദി പൗരന്മാർക്ക് സഊദിയിൽ നിന്നും പുറത്ത് പോകാനും തിരിച്ചെത്താനും അനുമതി നൽകുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതും രാജ്യത്ത് കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകളും കണക്കിലെടുക്കേണ്ടതുണ്ടെന്നും സർക്കുലർ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.