2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജി 20 സാമ്പത്തിക സമ്മേളനം: സഊദിയിലെത്തിയ നിർമ്മല സീതാരാമൻ വിവിധ ധനമന്ത്രിമാരുമായി ചർച്ച നടത്തി

കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നു വിലയിരുത്തൽ

     റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം റിയാദിൽ അരങ്ങേറി. ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിൽ പങ്കെടുത്തു. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും അതത് രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാരുമാണ് റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിൽ ശനിയാഴ്‌ച സിംപോസിയത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഇൻറർനാഷനൽ ടാക്സേഷൻ’ എന്ന വിഷയം രണ്ട് സെഷനുകളിലായി നടന്ന സിമ്പോസിയത്തിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനും പങ്കെടുത്തിരുന്നു.

സാമ്പത്തിക സമ്മേളനം റിട്സ് കാൾട്ടൻ ഹോട്ടലിൽ ഞായാറാഴ്ചയാണ് അരങ്ങേറിയത്. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആൻ അധ്യക്ഷത വഹിച്ചു. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതാണ് സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നും സഊദി കേന്ദ്ര ബാങ്കായ സഊദി മോണിറ്ററിങ് അതോറിറ്റി ഗവർണർ അഹമ്മദ് അല്‍ഖലീഫി പറഞ്ഞു.


      രണ്ടാം ദിവസം നടന്ന സാമ്പത്തിക ഉന്മേഷവും പുനഃസ്ഥാപനവും എന്ന വിഷയത്തിൽ കേന്ദ്ര മന്ത്രി പ്രസംഗിച്ചു. ഇന്ത്യയുടെ ബോണ്ട് വിപണിയെ കൂടുതൽ ആഴത്തിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ, ഇലക്ട്രോണിക്സ്  എക്സ്ചേഞ്ചുകളിലൂടെ  ബോണ്ടുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള രീതി മാറ്റുക, ഇന്ത്യയുടെ ബോണ്ട് വിപണിയിൽ കൂടുതൽ നിക്ഷേപം സാധ്യമാക്കുന്നതിനുള്ള നടപടികൾ എന്നിവ മന്ത്രി വിശദീകരിച്ചു.


     സഊദിയിലെത്തിയ മന്ത്രി ജർമൻ സാമ്പത്തിക മന്ത്രി ഒലാഫ് സ്‌കോൾസ്, യു എ എ ധനമന്ത്രി ഉബൈദ് ബിൻ ഹുമൈദ് അൽ തായിർ, സഊദി ധനകാര്യനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, ഇറ്റാലിയൻ ധന മന്ത്രി റോബർട്ടോ ഗ്വാൾട്ടറി, ആസ്‌ട്രേലിയ ധനകാര്യ ട്രഷറർ ജോഷ് ഫ്രെയ്‌ഡൻബർഗ് തുടങ്ങിയവരുമായി റിയാദിൽ കൂടിക്കാഴ്ച്ച  നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.