റിയാദ്: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ കൂട്ടായ ശക്തമായ നിലപാടുകൾ കൈക്കൊള്ളണമെന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തു. കോവിഡ് 19 കൊറോണ ലോകത്തെ പിടിച്ചുലക്കുന്നതിനിടെ ഇതെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത പ്രത്യേക വിർച്വൽ ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി 20 വിർച്വൽ ഉച്ചകോടിയിൽ ഡൽഹിയിൽ നിന്നും നരേന്ദ്രമോഡി പങ്കെടുക്കുന്നു
പ്രതിസന്ധിക്ക് ഒരു ആഗോള സംയുക്ത സഹകരണം ആവശ്യമാണ്, ഒപ്പം അതിനെ നേരിടാൻ സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ലോകം നമ്മെ ആശ്രയിക്കുന്നു. കൊറോണ വൈറസിനായി വാക്സിൻ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഗവേഷണ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ നാമെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഭാവിയിൽ പടരാനിടയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ആഗോള തയ്യാറെടുപ്പും നാം ശക്തിപ്പെടുത്തണം. ഈ പ്രതിസന്ധിയെയും അതിന്റെ പ്രത്യാഘാതങ്ങളെയും മറികടക്കാൻ വികസ്വര രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാപ്തരാക്കുന്നതിന് സഹായഹസ്തം നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ കോൺഫറൻസ് രീതിയിലാണ് ഇന്നലെ അസാധാരണ ജി-20 ഉച്ചകോടി നടന്നത്. നിലവിൽ ജി-20 അധ്യക്ഷസ്ഥാനം വഹിക്കുന്ന സൗദി അറേബ്യ മുൻകൈയെടുത്താണ് ഉച്ചകോടി വിളിച്ചുചേർത്തത്. ഈ മഹാമാരി ചെറുക്കുന്നതിന് ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനക്കുള്ള പൂർണ പിന്തുണ സൗദി അറേബ്യ പ്രഖ്യാപിക്കുകയാണ്. കൊറോണ വൈറസിന് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനും ഇതിനുള്ള ഗവേഷണങ്ങൾക്കും, മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റു വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിലും സഹകരണം ശക്തമാക്കുന്നതിലും ജി-20 രാജ്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ജി 20 അംഗ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കൾ വീഡിയോ കോൺഫറൻസ് ഉച്ചകോടിയിൽ പങ്കെടുത്തു. സഊദി അറേബ്യ ലോകത്തിനു മുന്നിൽ ഐക്യത്തിന്റെ നല്ലൊരു മാതൃകയാണ് ജി 20 സമ്മേളനത്തിലൂടെ കാണിച്ചു കൊടുത്തതെന്ന് ഉച്ചകോടിക്ക് ശേഷം സഊദി വിദേശ കാര്യ മന്ത്രി ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ ട്വീറ്റ് ചെയ്തു.
Comments are closed for this post.