2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പതിനഞ്ചാമത് ജി20 ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി; കൊവിഡ് മഹാമാരി ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ ജി 20 ശക്തി പ്രകടമാക്കിയെന്ന് സൽമാൻ രാജാവ് 

കൊവിഡ് സാഹചര്യത്തിൽ ലോക നേതാക്കൾ വിർച്വലിലാണ് ഒത്ത് ചേരുന്നത്  

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ  ജി20 അംഗ രാജ്യങ്ങളുടെ ഉച്ചകോടിക്ക് സഊദി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കമായി. ലോക നേതാക്കൾ സഊദിയിലെത്തി സഊദി അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ റിയാദിൽ നടക്കേണ്ടിയിരുന്ന കൂട്ടായ്‌മയുടെ പതിനഞ്ചാമത് ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് നടക്കുന്നത്. സഊദി ഭരണാധികാരി സൽമാൻ ബിൻ  അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉച്ചകോടിക്ക് നാളെ സമാപനമാകും. ഇതിന്റെ കൂടുതൽ പ്രധാന വാർത്തകൾ ലഭിക്കുകയാണെങ്കിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കും. ലോക നേതാക്കൾക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 

കൊറോണ മഹാമാരി ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ ജി 20 ഗ്രൂപ്പ് അതിന്റെ ശക്തിയും കഴിവും പ്രകടമാക്കിയെന്ന് സൽമാൻ രാജാവ് പറഞ്ഞു. ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ പങ്കു ചേരാനുള്ള  ജി 20 രാജ്യങ്ങളുടെ നേതാക്കളുടെ ഉച്ചകോടിയിൽ സഊദി അറേബ്യ സന്തോഷിക്കുന്നുവെന്നും എല്ലാവർക്കുമായി മെച്ചപ്പെട്ടതും ആരോഗ്യകരവും സമൃദ്ധവുമായ ഭാവിയിലേക്ക് നീങ്ങുക എന്നതായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്തം, അത് എക്കാലവും നില നിൽക്കുമെന്നും രാജാവ് ഉച്ചകോടിക്ക് മുന്നോടിയായി ട്വിറ്ററിൽ വ്യക്തമാക്കി.

21ാം നൂറ്റാണ്ടിൻറെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയുടെ കീഴിൽ നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്താൻ സഊദിയുടെ അധ്യക്ഷതയിൽ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ രാജ്യങ്ങളിലെ വിവിധ വകുപ്പുകളുടെ സംയുക്ത വിർച്വൽ യോഗങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ട്. 

ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 20 അംഗ രാജ്യങ്ങൾക്ക് പുറമെ ഉച്ചകോടികളിൽ ചില രാജ്യങ്ങളും അന്താരാഷ്‌ട്ര കൂട്ടായ്‌മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്. ലോകത്തിനാവശ്യമായ ഉറച്ച തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉച്ചകോടികളിൽ ഒന്നാണ് ജി20 ഉച്ചകോടി. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിലും കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിലും ജി20 യുടെ ശ്രമങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമാണുള്ളത്.

ജി20 അംഗമെന്ന നിലയിലും ഈ വർഷത്തെ ജി20 അധ്യക്ഷൻ എന്ന നിലയിലും ലോക നേതാക്കൾ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സഊദിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. സഊദിയുടെ അധ്യക്ഷതയിൽ ഈ വർഷം തന്നെ ഇത് രണ്ടാം തവണയാണ് ജി20 ഉച്ചകോടി ചേരുന്നത്. കൊവിഡ് പ്രതിസന്ധി പരിഹാരം കാണുന്നതിന് മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്നിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന്റെ അധ്യക്ഷതയിൽ രണ്ട് ജി20 ഉച്ചകോടി ചേരുന്നത്. 

ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 യിൽ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗത്വമുള്ളത്. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ അറബ് രാജ്യം കൂടിയാണ് സഊദി. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.