2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകം ഡല്‍ഹിയില്‍; ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീര തുടക്കം; നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി

ലോകം ഡല്‍ഹിയില്‍; ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീര തുടക്കം; നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന ജി20 ഉച്ചകോടിക്ക് തുടക്കമായി. ഡല്‍ഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ ലോകനേതാക്കള്‍ ഒത്തുചേരുമ്പോള്‍ രാജ്യത്തിന് അത് അഭിമാന നിമിഷങ്ങളാകും.

വിവി.ഐ,പികളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. 10.30ന് ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചര്‍ച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.

ചടങ്ങില്‍ സംബന്ധിക്കാനുള്ള ലോകനേതാക്കള്‍ ഇന്നലെ കാലത്തും രാത്രി വൈകിയുമായി ഡല്‍ഹിയിലെത്തിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും യു.കെ പ്രധാനമന്ത്രി റിഷി സുനകും അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും ഇന്നലെ ഉച്ചയോടെ എത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് എന്നിവര്‍ ഇന്നലെ വൈകീട്ടും രാത്രിയുമായാണ് എത്തിയത്. ബൈഡനെ കേന്ദ്ര വ്യോമയാന മന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്‌യോള്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്, നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സെയ്ദ്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.