2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് 19: ജി 20 അസാധാരണ അടിയന്തിര ഓൺലൈൻ ഉച്ചകോടി വ്യാഴാഴ്ച്ച

വിർച്വൽ കോൺഫറൻസിൽ മോദിയും പങ്കെടുക്കും

    റിയാദ്: ലോകത്താകമാനം കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍‌ ജി 20 രാജ്യങ്ങളുടെ അടിയന്തിര അസാധരണ ഓൺലൈൻ ഉച്ചകോടി വ്യാഴാഴ്ച്ച ചേരും. അധ്യക്ഷ പദവി വഹിക്കുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിൽ വിർച്വൽ ഓൺലൈൻ വഴിയായിരിക്കും യോഗം ചേരുക. ആഗോള പ്രതിസന്ധി ചർച്ച ചെയ്യുന്നതിൽ ജി 20 ഗ്രൂപ്പ് മന്ദഗതിയിലാണെന്ന വിമർശനത്തിനിടയിലാണ് അടുത്ത ദിവസം തന്നെ യോഗം ചേരാൻ തീരുമാനിച്ചതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. കൊവിഡ് 19 വ്യാപനത്തിനെതിരെ “കർമപദ്ധതി” തയ്യാറാക്കുന്നതിനായി ജി 20 ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും തിങ്കളാഴ്ച്ച പ്രത്യേക വീഡിയോ കോൺഫറൻസ് ചേർന്നിരുന്നു. ഇതിലാണ് വ്യാഴാഴ്ച അംഗ രാജ്യങ്ങളുടെ സംയുക്ത യോഗം ചേരാൻ ധാരണയായത്.
     എന്നാൽ, അംഗ രാജ്യങ്ങളായ റഷ്യ, സഊദി തമ്മിൽ നില നിൽക്കുന്ന എണ്ണ വില യുദ്ധവും കൊറോണ വൈറസ് ഉറവിടത്തെ ചൊല്ലി ചൈനയും  അമേരിക്കയും തമ്മിൽ നില നിൽക്കുന്ന തർക്കവും ഉച്ചകോടി സങ്കീർണ്ണമാകുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് സാമ്പത്തിക, മാനുഷിക മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള അസാധാരണ യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് അംഗരാജ്യങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുണ്ട്.
     കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ജി 20 കൂട്ടായ്മയിലെ വിവിധ രാജ്യ തലവന്മാരുമായി ടെലഫോണിൽ സംഭാഷണം നടത്തി സംഭവങ്ങൾ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണു വീഡിയോ കോൺഫറൻസ് ഉച്ചകോടി ചേരാനുള്ള തീരുമാനത്തിൽ എത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.