
റിയാദ്: ആഗോള സമൂഹത്തിൽ ഏറെ ദുരിതം വിതക്കുന്ന കൊവിഡ്-19 വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ജി-20 കൂട്ടായ്മയിലെ ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും ബുധനാഴ്ച്ച യോഗം ചേരും. വിർച്വൽ യോഗത്തിൽ വൈറസിനെതിരെ പോരാടാനുള്ള നടപടികളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളും അവലോകനം ചെയ്യും. സാധാരണ ഗതിയിൽ ഏപ്രിലിൽ ജി-20 ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്ക് ഗ്രൂപ്പ് മീറ്റിംഗുകളുടെയും ഭാഗമായി വാഷിങ്ങ്ടണിൽ യോഗം ചേരാറുണ്ടായിരുന്നു.
നിലവിലെ ആശങ്കാ ജനകമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജി 20 അംഗരാജ്യങ്ങൾ പൊതുജനങ്ങൾക്കും ബിസിനസുകൾക്കും പിന്തുണ നൽകുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയുടെയും സാമ്പത്തിക വിപണികളുടെയും സ്ഥിരത സംരക്ഷിക്കുന്നതിനും അതീവ ഗുരുതരമായ സാമ്പത്തിക തകർച്ച തടയുന്നതിനും അടിയന്തിര നടപടികൾ കൈക്കൊള്ളുന്നതിനും വിവിധ ഘട്ടങ്ങളിൽ ഉച്ചകോടികളും യോഗങ്ങളും ചേരുന്നുണ്ട്. ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിനു ശേഷം സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സഊദി കേന്ദ്ര ബാങ്ക് സഊദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ഗവർണർ ഡോ: അഹമ്മദ് അൽ ഖുലൈഫി എന്നിവർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കും. നേരത്തെ കഴിഞ്ഞ മാർച്ച് 26 നു ചേർന്ന യോഗത്തിൽ കൈകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതിയും ഇവർ വെളിപ്പെടുത്തും.
Comments are closed for this post.