
എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ കൊവിഡ് വാക്സിനുകൾ ലഭ്യമാക്കണമെന്ന് സൽമാൻ രാജാവ്,
വർഷാവസാനത്തോടെ വാക്സിനുകൾ ലഭ്യമാകുമെന്ന് ഫ്രാൻസ്
റിയാദ്: ലോകമെമ്പാടും 200 കോടി കൊവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് ജി-20 കൂട്ടായ്മ. ജർമൻ പ്രസിഡന്റ് ആഞ്ചല മെർക്കൽ ആണ് ജി-20 ഉച്ചകോടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക സാമ്പത്തിക ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 ഇതിനായി കൊവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ 21 ബില്യൺ ഡോളർ നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വാക്സിനുകൾ വർഷാവസാനത്തിനു മുമ്പ് ലഭ്യമാകുമെന്നും വാക്സിനുകൾ എല്ലാ രാജ്യങ്ങളിലും, പ്രത്യേകിച്ച് പാവപ്പെട്ട രാജ്യങ്ങളിൽ എത്തുമെന്ന് ഉറപ്പാക്കുമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാർക്കോൺ വ്യക്തമാക്കി. കൊറോണ വൈറസിനുള്ള വാക്സിനുകളും ചികിത്സകളും എല്ലാ രാജ്യങ്ങൾക്കും ലഭ്യമായിരിക്കണമെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസും ആവശ്യപ്പെട്ടു.
കൊറോണ വൈറസ് മഹാമാരിയോടുള്ള ജി-20 യുടെ പ്രതികരണം ഏറെ പ്രധാനമായിരുന്നുവെന്നു എടുത്ത് കാട്ടുന്നതായിരുന്നു ജി-20 ഉച്ചകോടിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗിയൂസപ്പ് കൊണ്ടെ ഉച്ചകോടിയിൽ പറഞ്ഞു. അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാൻ കൂട്ടായ പ്രവർത്തനം ഏറെ അത്യാവശ്യമാണെന്നും അദ്ദേഹം ഉണർത്തി. ജി-20 റിയാദ് ഉച്ചകോടി ലോകത്തിന് പ്രചോദനമാകുമെന്നും തന്റെ രാഷ്ട്രം കൊവിഡ് 19 കണക്കുകൾ സുതാര്യമായി തങ്ങളുടെ ജനങ്ങൾക്കും ലോകത്തിനും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സൗത്ത് കൊറിയൻ പ്രസിഡന്റ് മൂൺ ജയ് പറഞ്ഞു. കൊവിഡ് മഹാമാരി പ്രത്യാഘാതങ്ങളെ നേരിടാൻ സഹായിക്കുന്നതിനായി തന്റെ രാജ്യം ജി-20യെ കാത്തിരിക്കുകയാണെന്ന് സൗത്ത് ആഫ്രിക്ക പ്രസിഡന്റ് കൈറിൽ റമഫോസ ഉച്ചകോടിയിൽ അറിയിച്ചു.
അതേസമയം, കൊവിഡ് വാക്സിനുകള്‍ ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാന്‍ ജി-20 പ്രവര്‍ത്തിക്കണമെന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. മഹാമാരി തുല്യതയില്ലാത്ത ആഘാതമാണ് ലോകത്ത് സൃഷ്ടിച്ചത്. ലോകത്ത് വലിയ സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ക്ക് കാരണമായി. ജനവിഭാഗങ്ങളും സമ്പദ്വ്യവസ്ഥകളും ആഘാതത്തിലാണ്. എന്നിരുന്നാലും അന്താരാഷ്ട്ര സഹകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
ലോകജനതയും സമ്പദ് വ്യവസ്ഥയും കൊവിഡിന്റെ ഞെട്ടലിൽ നിന്ന് മുക്തി നേടിയിട്ടില്ല. അസാധാരണ വർഷമാണ് കടന്നു പോകുന്നത്. കൊവിഡ് ലോകത്തിന് സാമ്പത്തികവും സാമൂഹികവുമായ വലിയ നഷ്ടം വരുത്തിയതിനാൽ സമൂഹത്തിന് ധൈര്യവും പ്രതീക്ഷയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ദുഷ്കരമായ നിലവിലെ സാഹചര്യം കാരണം റിയാദിലേക്ക് അതിഥികളെ എത്തിച്ച് വരവേൽക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണുന്നത് വലിയ സന്തോഷമാണ്. ഒപ്പം ഉച്ചകോടിയിൽ പങ്കെടുത്തതിന് എല്ലാരോടും നന്ദി അറിയിക്കുന്നതായും സൽമാൻ രാജാവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സഊദി തലസ്ഥാന നഗരിയയായ റിയാദിൽ എത്താൻ സാധിക്കാത്തതിനാൽ വിർച്വലിലാണ് ലോക നേതാക്കൾ ഒത്ത് ചേർന്നത്.
Comments are closed for this post.