2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉദ്‌ഘാടന പ്രചാരണത്തിൽ പേരില്ല, താൻ കൊണ്ടുവന്ന പദ്ധതികളെ മറന്നു; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ

ഉദ്‌ഘാടന പ്രചാരണത്തിൽ പേരില്ല, താൻ കൊണ്ടുവന്ന പദ്ധതികളെ മറന്നു; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങളുടെ പുനര്നിര്മാണവുമായി ബന്ധപ്പെട്ടാണ് വിമർശനം. വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണം. പ്രചാരണങ്ങളിൽ കഴിഞ്ഞ സർക്കാറിനെ കുറിച്ച് ചെറുസൂചന പോലുമില്ല. ഓരോ സർക്കാറും ചെയ്യുന്നതിനെ കാണാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്ര വസ്തുതകൾ ഓർത്ത് വേണം മുന്നോട്ട് പോകാൻ എന്നും ജി. സുധാകരൻ പറയുന്നു. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടികാണിച്ചു. എന്നാൽ സ്ഥലമെടുപ്പ് തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. – ജി. സുധാകരൻ പറയുന്നു.

അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുധാകരനെ അനുകൂലിച്ചും മന്ത്രി മുഹമ്മദ് റിയാസിനെ എതിർത്തും നിരവധിപ്പേർ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. പുതിയ വികസനം ഒന്നുമില്ലെന്നും പണ്ട് തുടങ്ങിയതിന്റെ ഉദ്‌ഘാടനവും പി.ആർ വർക്കും മാത്രമാണ് നടക്കുന്നതെന്നുമാണ് പൊതുവെയുള്ള അഭിപ്രായം.

ജി. സുധകാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്.

അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.

കഴിഞ്ഞ സർക്കാരിൽ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്.
ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്.

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്.

ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെൻറ് ആലപ്പുഴയിൽ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.

എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെൻറ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല.

ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.