നവംബറിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോഡി സഊദിയിലെത്തും
റിയാദ്: സഊദിയുടെ അധ്യക്ഷതയിൽ ഈ വർഷം നടക്കുന്ന ജി 20 രാജ്യങ്ങൾ പങ്കെടുക്കുന്ന ജി 20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ തകൃതിയിൽ. നവംബറിൽ സഊദി തലസ്ഥാന നഗരിയായ റിയാദിലാണ് ഉച്ചകോടി അരങ്ങേറുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി ഒരുക്കങ്ങളെന്നോണം വിവിധ മേഖലകളിലുള്ള പരിപാടികളും കൂടിച്ചേരലുകളും നടക്കുന്നുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിശകലനങ്ങളും ചർച്ചകളും സഊദിയിൽ പുരോഗമിക്കുയാണ്.
ഇതിന്റെ ഭാഗമായി ജി 20 അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം ഈ മാസം 23 നു റിയാദിൽ ചേരും.ആഗോള സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്‌തു പ്രാബല്യത്തിൽ വരുത്തുന്നതിനാണ് ധനകാര്യ മന്ത്രിമാർ റിയാദിൽ ചേരുന്നത്.
അടുത്ത ഏപ്രിലിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് സഊദി അറേബ്യ വേദിയാകുന്നുണ്ട്. സ്വിറ്റ്സർലാൻഡിലെ ദാവോസ് ലോക സാമ്പത്തിക ഫോറത്തിലാണ് ലോകനേതാക്കളുടെ സാന്നിധ്യം പ്രടകമാകുന്ന അഭിമാനകരമായ ലോക സാമ്പത്തിക ഫോറം സഊദിയിൽ നടക്കുകയെന്ന് പ്രഖ്യാപിച്ചത്. ഈ വർഷം ഏപ്രിലിൽ അഞ്ച്, ആറ് തിയ്യതികളിലായാണ് സാമ്പത്തിക ഫോറം ചേരുന്നത്.
’21 ആം നൂറ്റാണ്ടിന്റെ അവസരങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തുക’ എന്ന തലക്കെട്ടിൽ നവംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഊദിയിലെത്തുന്നുണ്ട്. ഉച്ചകോടിയുടെ ചർച്ചകൾക്കായി ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ (പ്രതിനിധി) കൂടിയായ മുൻ ഇന്ത്യൻ റയിൽവേ മന്ത്രി സുരേഷ് പ്രഭു വിവിധ ഘട്ടങ്ങളിൽ സഊദി സന്ദർശിച്ചിരുന്നു. യുവാക്കൾക്കും വനിതകൾക്കുമടക്കം വ്യക്തികൾക്ക് തൊഴിൽ, മികച്ച ജീവിത സാഹചര്യം എന്നിവ ഉറപ്പുവരുത്തുന്ന ‘മനുഷ്യ ശാക്തീകരണം’, ജലം, അന്തരീക്ഷം, ഭക്ഷണം, ഊർജം, പ്രകൃതി എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്പര സഹകരണത്തിന് ഊന്നൽ നൽകുന്ന ‘ഭൂമിയെ സംരക്ഷിക്കൽ’, നൂതന സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ദീർഘകാല പദ്ധതികൾക്ക് അംഗീകാരം നൽകുന്ന ‘പുതിയ സാധ്യതകളുടെ രൂപീകരണം’ എന്നിങ്ങനെ മൂന്നു സെഷനുകളിലാണ് ഉച്ചകോടി നടക്കുക. നൂറിലധികം സെമിനാറുകളും യോഗങ്ങളും സംഘടിപ്പിക്കും.
Comments are closed for this post.