2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

19 ലക്ഷം പേരുടെ ഭാവിയെന്ത്?

കെ.എ സലിം

 

 

പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം പേരെ അടച്ചിടാന്‍ 3000 പേരെ ഉള്‍ക്കൊള്ളാവുന്ന 10 കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ മതിയാവുമോ? നൂറു കണക്കിന് ക്യാംപുകള്‍ വീണ്ടും വേണ്ടി വരില്ലേ? അത് മറ്റൊരു ഗൂഢാലോചനയാണെന്ന് പറയുന്നു അസമിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ഡോ. അബ്ദുല്‍ ബഷര്‍. അന്തിമ പട്ടികയില്‍ 13 ലക്ഷത്തിനടുത്ത് ഹിന്ദുക്കളാണുള്ളത്. അവരൊരിക്കലും കോണ്‍സന്‍ട്രേഷന്‍ ക്യാംപിലടയ്ക്കപ്പെടാന്‍ പോകുന്നില്ല. പൗരത്വം നിയമം കൊണ്ടുവന്ന് അവരെ ഇന്ത്യന്‍പൗരന്‍മാരാക്കി മാറ്റും. ബാക്കിയുള്ള ആറു ലക്ഷം മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തെ അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലടക്കുകയോ പൗരത്വം നല്‍കുകയോ ചെയ്യാതെ ഇവിടെ നിലനിര്‍ത്തും. പൗരന്‍മാര്‍ക്കുള്ള അവകാശമോ അഭയാര്‍ഥികള്‍ക്കുള്ള ആനുകൂല്യമോ ഇല്ലാതെ രണ്ടാം തരം പൗരന്‍മാരായി അവര്‍ക്കിവിടെ കഴിയാം. അവരുടെ താമസകേന്ദ്രങ്ങള്‍ തന്നെ തുറന്ന കോണ്‍സന്‍ട്രേഷന്‍ ക്യംപായി മാറും. രണ്ടു ലക്ഷത്തോളം പേരെയെങ്കിലും അവര്‍ ഡിറ്റന്‍ഷന്‍ ക്യാംപുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലുമായി അടയ്ക്കും. എല്ലാം നേരത്തെ തയാറാക്കിയ പദ്ധതിയാണ്.
ഇതെല്ലാം എക്കാലത്തും ഇവിടെ നടക്കുന്നതാണ്. ബ്രഹ്മപുത്രയില്‍ വെള്ളം കയറുമ്പോള്‍ അവിടെ നിന്ന് ഒഴിഞ്ഞ് പോകുന്ന ഗ്രാമീണര്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് താമസം മാറ്റാറുണ്ട്. ക്രമേണ അവിടെ ഗ്രാമം രൂപപ്പെടും. അവര്‍ക്ക് രേഖകളൊന്നുമുണ്ടാവില്ല. പഴയ മേല്‍വിലാസവും നഷ്ടപ്പെട്ടിരിക്കും. പൊലിസെത്തി അവരെ വിദേശകുടിയേറ്റക്കാരായി പ്രഖ്യാപിക്കും. ജയിലില്‍ അടക്കപ്പെട്ടില്ലെങ്കിലും പിന്നെയവര്‍ രണ്ടാംതരം പൗരന്‍മാരാണ്. ഇതിന്റെ ഔദ്യോഗികമായ തുടര്‍ച്ചയാണ് ഇനിയുമുണ്ടാകാന്‍ പോകുന്നതെന്ന് ബഷര്‍ പറയുന്നു.
പട്ടികയെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്നതിന് കാരണം അന്തിമപട്ടികയിലും പുറത്തായവരില്‍ ഭൂരിഭാഗം ഹിന്ദുക്കളായതു കൊണ്ടാണ്. 1960കളില്‍ ഇന്ത്യയിലേക്ക് കുടിയേറുകയും താമസിക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കുകയും ചെയ്ത ബാന്‍ഗാവിലെ 300 ഹിന്ദു കുടുംബങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്താണ്. നേരത്തെ ഇവര്‍ വിദേശികളാണെന്നാരോപിച്ച് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് കംറൂപിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ 2014ല്‍ തള്ളി. എന്നിട്ടും അവര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാനായില്ല.
ആദ്യം അസം കോണ്‍ഗ്രസ് പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായ ചാബിലാല്‍ ഉപാധ്യായയുടെ കൊച്ചുമകള്‍ മഞ്ജു ദേവി പട്ടികയില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍ അവരുടെ ഭര്‍ത്താവ് പട്ടികയിലുണ്ട്. നിലവില്‍ മഞ്ജു ഡി വോട്ടറാണ്. ഇത്തരത്തില്‍ നിരവധി പേരുണ്ട്. അതുകൊണ്ടുതന്നെ അന്തിമ പട്ടിക വന്നപ്പോള്‍ ഏറ്റവും പരുക്കേറ്റത് ബി.ജെ.പിക്കാണ്. അസമിലെ മുസ്‌ലിം കുടിയേറ്റ പ്രതിസന്ധിയെന്ന പ്രചാരണം തന്നെ വലിയൊരു നുണയായിരുന്നു. അസം അസമികളുടേതെന്ന പ്രചാരണം തന്നെ അതില്‍ നിന്ന് രൂപം കൊണ്ടതാണ്. അസമിലെ ബംഗാളി ഭാഷ സംസാരിക്കുന്നവരൊന്നും രാജ്യത്തെ പൗരന്‍മാരല്ലെന്നായിരുന്നു പ്രചാരണം. ഈ നുണയുടെ അടിസ്ഥാനത്തിലാണ് പൗരത്വപ്പട്ടിക തന്നെ രൂപം കൊണ്ടത്.
അസം അസമികളുടെതെന്ന മുദ്രാവാക്യവുമായി പൗരത്വപ്പട്ടികയ്ക്ക് വേണ്ടി സമരം ചെയ്ത ആള്‍ അസം വിദ്യാര്‍ഥി യൂനിയന്റെ പഴയ കാല നേതാക്കളില്‍ പ്രമുഖരെല്ലാം ഇന്ന് ബി.ജെ.പി നേതാക്കളാണ്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബി.ജെ.പി അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ് തുടങ്ങിയവരെല്ലാം യൂനിയന്റെ പഴയകാല ഭാരവാഹികളായിരുന്നു.
അസമിലെ മുസ്‌ലിം സാന്നിധ്യം 12ാം നൂറ്റാണ്ടു മുതലുള്ളതാണ്. ബ്രിട്ടിഷ് ഭരണകാലത്ത് 1937 മുതല്‍ 1938വരെ അസമിന്റെ പ്രധാനമന്ത്രി അസംപ്രൊവിന്‍ഷ്യല്‍ മുസ്‌ലിംലീഗ് നേതാവ് സയ്യിദ് മുഹമ്മദ് സഅദുല്ലയായിരുന്നു. 1928കളില്‍ ബര്‍മയില്‍ നിന്ന് കുടിയേറിയവരാണ് ഇന്ന് അസം അസമികളുടേതെന്ന മുദ്രാവാക്യം വിളിക്കുന്നവരുടെ പൂര്‍വ്വികര്‍. അന്ന് ബോഡോകളായിരുന്നു ഇവിടെ പ്രബലവിഭാഗം. മുസ്‌ലിംകളും അക്കാലത്ത് ഇവിടെയുണ്ട്. ആള്‍ അസം വിദ്യാര്‍ഥി യൂനിയന്റെ നിലവിലെ മുഖ്യ ഉപദേഷ്ടാവ് സമുജ്വല്‍ ഭട്ടാചാര്യ പോലും അസമിയല്ല, ബംഗാളിയാണ്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ കണക്കില്‍ 40 ലക്ഷമാണ് അസമിലെ വിദേശികള്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ കണക്കില്‍ ഇത് രണ്ടുകോടിയാണ്. അങ്ങനെയെങ്കില്‍ അന്തിമ പട്ടിക വന്നപ്പോള്‍ ബാക്കിയുള്ളവരെല്ലാം എവിടെപ്പോയി. 1980കളില്‍ കുടിയേറ്റ വിരുദ്ധ സമരം നടത്തിയ മുന്‍ മുഖ്യമന്ത്രി പ്രഫുല്‍ കുമാര്‍ മഹന്ത പട്ടികയില്‍ തൃപ്തനാണ്. ബി.ജെ.പി പട്ടികയെ പൂര്‍ണമായി എതിര്‍ക്കുമ്പോള്‍ സഖ്യകക്ഷിയായ അസംഗണപരിഷത്ത് തങ്ങള്‍ പ്രതീക്ഷിച്ചയത്രയാളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായില്ലെന്ന നിലപാടിലാണ്.
പ്രമുഖ മുസ്‌ലിംപാര്‍ട്ടിയായ എ.ഐ.യു.ഡി.എഫ് നിലവിലുള്ള പട്ടികയില്‍ സംതൃപ്തരാണ്. പട്ടികയില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിയിരുന്നുവെന്ന നിലപാടിലാണ് ഉള്‍ഫ. പൗരത്വനിയമത്തിനെതിരായി രൂപീകരിച്ച ഫോറം പട്ടികയില്‍ സംതൃപ്തരാണ്. ഒരേ സമയത്ത് സന്തോഷവും ദുഃഖവുമുണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പട്ടികയില്‍ നിന്ന് പുറത്തായവരുടെ എണ്ണം കുറഞ്ഞതില്‍ സന്തോഷവും യഥാര്‍ഥത്തില്‍ പൗരന്‍മാരായ ചിലര്‍ പുറത്തായതില്‍ സങ്കടവുമുണ്ടെന്നാണ് അസം പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ പറയുന്നത്. ഫലത്തില്‍ വൈരുദ്ധ്യങ്ങളുടെയും കാപട്യങ്ങളുടെയും കെട്ടുകാഴ്ചയാണ് അസം പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ ദുരിതമനുഭവിക്കാന്‍ പോകുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് ആട്ടിത്തെളിക്കാന്‍ വിധിക്കപ്പെട്ട ദാരിദ്ര്യം കൊണ്ട് കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ദേഹവുമുള്ള ഒരു പറ്റം പാവപ്പെട്ട മനുഷ്യരാണ്.

(അവസാനിച്ചു)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.