2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കേന്ദ്രം ഇന്ധനനികുതി കൂട്ടിയപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കാന്‍ പറഞ്ഞയാളാണ് പിണറായി; തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കാന്‍ പറഞ്ഞ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം അതെല്ലാം മറന്നു. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് സര്‍ക്കാരിന്. പ്രതിരോധിക്കാന്‍ വാക്കുകളില്ലാത്തത് കൊണ്ടാണ് ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ് സര്‍ക്കാരിനെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിിയുടെ നികുതി നിര്‍ദ്ദേശങ്ങളുമായി വന്നിരിക്കുന്നത്. അത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, ഇന്ധന സെസ് വര്‍ധനവ് പിന്‍വലിക്കാത്ത നിലപാടില്‍ വിശദീകരണം നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. എന്നാല്‍ പ്രതിഷേധം സി.പി.എം ആരംഭിക്കാനിരിക്കുന്ന ജാഥയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

സംസ്ഥാനം രണ്ട് രൂപ ഇന്ധന സെസ് കൂട്ടിയപ്പോള്‍ എല്ലാ ജില്ലകളിലും കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷം, കേന്ദ്രം വില കൂട്ടിയ ഘട്ടത്തില്‍ എല്ലാം പരസ്യ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാതെ ഒഴിഞ്ഞ് മാറിയെന്നാണ് എല്‍.ഡി.എഫ് പ്രതിരോധം. ഇതില്‍ ഊന്നി ഇന്ധന സെസിനെ ന്യായീകരിക്കാനാണ് ഇടത് മുന്നണി തീരുമാനം.

നിലവിലെ എല്ലാ സാമ്പത്തിക പ്രശനങ്ങള്‍ക്കും കാരണം കേന്ദ്രം ആണെന്ന പകുതി വസ്തുത സ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ നികുതി പിരിച്ചെടുക്കല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍, ഉടനെ ആരംഭിക്കാന്‍ പോകുന്ന സി.പി.എം ജാഥയെ ബാധിക്കുമോ എന്നാശങ്ക ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയല്ലേ എന്ന ചേദ്യത്തിന് സി.പി.എമ്മിന് ജാഥയില്‍ മറുപടി പറയേണ്ടിവരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.