
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും കവിയുമായ വരവര റാവു എന്ന 81 കാരന് ജാമ്യത്തിലിറങ്ങി. ഭീമ- കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി അറസ്റ്റിലായി രണ്ടു വര്‍ഷത്തിലേറെ അദ്ദേഹം ജയിലിലായിരുന്നു. ചികിത്സാര്‍ഥം ബോംബെ ഹൈക്കോടതി അനുവദിച്ച ആറുമാസത്തെ ജാമ്യത്തിലാണ് വരവര റാവു ശനിയാഴ്ച ജയില്‍മോചിതനായത്.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് ചികിത്സ നല്കിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന വരവര റാവുവിന്റെ ചിത്രം അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു.
മുംബൈ വിടരുതെന്നും ആവശ്യമായ സമയത്ത് അന്വേഷണത്തിന് ലഭ്യമാകണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് എന്‍.ഐ.എക്ക് നല്‍കണം. അരലക്ഷം രൂപയുടെ ബോണ്ടും ജാമ്യത്തിനായി കെട്ടിവച്ചിട്ടുണ്ട്.
2018 ഓഗസ്റ്റ് 28 മുതല്‍ ജയിലിലാണ് അദ്ദേഹം. ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. ഇനിയും ജാമ്യം അനുവദിച്ചില്ലെങ്കില്‍ മനുഷ്യാവകാശ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.