2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മൂന്നിടത്ത് കള്ളവോട്ട് പരാതി; ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി കള്ള വോട്ടിനെത്തിയെന്ന് വി.ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ കള്ളവോട്ടുപരാതിയുയര്‍ന്നത് മൂന്നിടത്ത്. പാലാരിവട്ടം, പൊന്നുരുന്നി, കൊല്ലം കുടിമുകള്‍ ബൂത്തുകളിലാണ് കള്ളവോട്ടുപരാതി ഉയര്‍ന്നത്. യു.ഡി.എഫും ബി.ജെ.പിയും കള്ളവോട്ടില്‍ സിപി.എമ്മിനെതിരേ രംഗത്തുവന്നപ്പോള്‍ യു.ഡി.എഫാണ് കള്ളവോട്ടുചെയ്തതെന്ന് തിരിച്ചടിക്കുകയാണ് സി.പി.എം.

അതേ സമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാന്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. മുംബൈയില്‍ ഉള്ള ആളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ആളെ വിളിച്ചപ്പോള്‍ വരില്ലെന്നാണ് പറഞ്ഞത്. ഒരു ഐ.ഡി കാര്‍ഡ് മാത്രമായി നിര്‍മിക്കില്ലല്ലോയെന്നും അപ്പോള്‍ സി.പി.എം വ്യാപകമായി ഐഡി കാര്‍ഡ് നിര്‍മിക്കുന്നുവെന്നല്ലേ ഇതിലൂടെ മനസിലാകുന്നതെന്നും സതീശന്‍ ചോദിച്ചു.

പി.ടി തോമസ് ജയിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കും. ഫൈനല്‍ പോളിങും താഴെത്തട്ടിലെ റിപ്പോര്‍ട്ടിങ്ങും ലഭിച്ചാല്‍ ഏകദേശം ഭൂരിപക്ഷം പറയാന്‍ സാധിക്കുമെന്നും സതീശന്‍ പറഞ്ഞു. തൃക്കാക്കരയില്‍ വികസനം കൊണ്ടുവരാന്‍ യു.ഡി.എഫ് എംഎല്‍എക്ക് കഴിയും. പിണറായി വിജയന്റെ വീട്ടില്‍ നിന്നും എടുത്തല്ല വികസനം നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു. തൃക്കാക്കരയില്‍ പ്രതിപക്ഷ എം.എല്‍.എയെ ആവശ്യമില്ലെന്ന പ്രചാരണം സതീശന്‍ തള്ളി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 

ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യുഡിഎഫിന് ബന്ധമില്ല. പോളിങ് ദിനത്തില്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണ്. ഇടതു മുന്നണിക്കൊപ്പം ചേര്‍ന്ന പോലിസ് കള്ളം പറയുകയാണ്. പോളിങ് തുടങ്ങിയ സമയം ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് കള്ളക്കഥ മെനഞ്ഞത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.