2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടിപ്പുസുല്‍ത്താന്റെ സിംഹാസനം മെയ്ഡ് ഇന്‍ ചേര്‍ത്തല: വ്യാജ പുരാവസ്തു വില്‍പനക്കാരനായ യുട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: ടിപ്പു സുല്‍ത്താന്റെ സിംഹാസനമടക്കമുള്ള പുരാവസ്തുകളുടെ ശേഖരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിയ യൂട്യൂബറായ യുവാവ് അറസ്റ്റില്‍ . മോന്‍സന്‍ മാവുങ്കലിനെയാണ് എറണാകുളം ക്രൈംബ്രാഞ്ച് കൊച്ചിയില്‍ വച്ച് അറസ്റ്റു ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഇയാളുടെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയെന്നും അത് വിട്ടുകിട്ടാന്‍ താല്‍ക്കാലിക നിയമ തടസങ്ങളുണ്ടെന്നും പറഞ്ഞ് ഇതിന്റെ പേരില്‍ പലരില്‍ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്റെ സിംഹാസനമടക്കമുള്ള പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ ഇടപാടുകള്‍. എന്നാല്‍ ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവയൊക്കെ നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു.ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോകള്‍ യൂട്യൂബിലുണ്ട്. ഇയാളുടെ ആഢംബര ജീവിതം വ്യക്തമാക്കുന്ന രീതിയിലുള്ള സിനിമാ സ്‌റ്റൈല്‍ വീഡിയോകളും സിനിമാ താരങ്ങളുള്‍പ്പെടെയുളളവരോടൊത്തുള്ള വീഡിയോകളുമുണ്ട്.

https://www.youtube.com/watch?v=JCVW992_38Q
എന്നാല്‍ പുരാവസ്തുക്കള്‍ ഒറിജിനലാണെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്നും പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് വില്‍പന നടത്തിയിരുന്നതുമെന്നാണ് മോന്‍സന്‍ പൊലിസിനോട് പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങളുള്‍പ്പെടെ വിദേശത്തു നിന്നും അയച്ചു തന്ന പണമാണെന്ന വ്യാജരേഖ കാണിച്ചാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ് . ഇയാളുടെ പേരില്‍ വിദേശത്ത് ഒരു ബാങ്ക് അക്കൗണ്ടില്ലാണ് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.