2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭിന്നശേഷിക്കാരിയായ വിധവയെ കബളിപ്പിച്ച് ഭൂമി തട്ടിയെടുത്തു; സി.പി.എം ഏരിയാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

അടൂര്‍: വിധവയും വികലാംഗയുമായ വീട്ടമ്മയെയും മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെയും കബളിപ്പിച്ച് വസ്തു പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സി.പി.എം ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം. അടൂര്‍ ഏരിയാ കമ്മിറ്റിയംഗം ശ്രീനി എസ്. മണ്ണടിയെയാണ് പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും സസ്‌പെന്‍ഡുചെയ്തത്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യമായതായി ഏരിയാ സെക്രട്ടറി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഷാജിയെയും സിപിഎം സസ്‌പെന്‍ഡ് ചെയ്തു.

2012ല്‍ അടൂര്‍ കരുവാറ്റ പൂങ്ങോട്ട് മാധവത്തില്‍ എസ്.വിജയശ്രീ, ഇവരുടെ അമ്മ എന്നിവരുടെ പേരിലുള്ള വസ്തു പണയംവെച്ച് ശ്രീനിയും മറ്റ് രണ്ടുപേരുംകൂടി 54 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കരുവാറ്റാ ഗീതാഭവനില്‍ ഷാജികുമാര്‍, ഇയാളുടെ സുഹൃത്ത് കടമ്പനാട് മണ്ണടി കണിയാക്കോണത്ത് തെക്കേതില്‍ എസ് ശ്രീനി, ഷാജികുമാറിന്റെ സഹോദരി ചേര്‍ത്തല ഡി ഇ ഒ. ശ്രീകല, മാതാവ് ചിറ്റ, ഏനാത്ത് കേരളാ ബേങ്ക് ശാഖ മുന്‍ മാനേജര്‍ പ്രഭാകരന്‍ പിള്ള എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

2012ല്‍ വിജയശ്രീ അടൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആശുപത്രി ചെലവിനും തുടര്‍ ചികിത്സയ്ക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികള്‍ സഹായ വാഗ്ദാനവുമായി സമീപിക്കുന്നത്.വസ്തുവിന്റെ ആധാരം തരാമെങ്കില്‍ പണയപ്പെടുത്തി ചികിത്സയ്ക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപ ഏനാത്ത് സഹകരണ ബാങ്കില്‍ നിന്നും എടുത്ത് നല്‍കാമെന്നായിരുന്നു വാഗ്ദാനം.

തന്റെയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുടെയും ഉടമസ്ഥതയിലുള്ള 78 സെന്റ് സ്ഥലം പണയപ്പെടുത്താനായി വിജയശ്രീ സമ്മതിച്ചതോടെ അവര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങി. പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പല തവണ ആധാരം തിരികെ നല്‍കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടെങ്കിലും വൈകാതെ തരാമെന്ന് പറഞ്ഞ് ഓരോ തവണയും പ്രതികള്‍ തടിതപ്പി.

പിന്നീട് 2014 ല്‍ വിജയശ്രീയുടെ വീട്ടില്‍ ബാങ്ക് വക ജപ്തി നോട്ടീസ് എത്തി. മുതലും പലിശയും അടക്കം 34 ലക്ഷം തിരികെ അടച്ചില്ലെങ്കില്‍ ഭൂമി ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് രണ്ട് തവണയായി പ്രതികള്‍ ആധാരം പണയപ്പെടുത്തി 34 ലക്ഷം രൂപ വായ്പയെടുത്തതായി വ്യക്തമായത്.

fraud case action against cpm area committee member


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.