
വാഷിങ്ടണ്‍: ഇറാനുമായി ലോകരാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവ കരാര്‍ സംരക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ദേശീയതയെ തള്ളി ഇറാന് ആണവ കരാര്‍ സംരക്ഷിക്കണം എന്നായിരുന്നു അഭ്യര്‍ഥന. ‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ നിലപാടിനെ ചോദ്യംചെയ്തു കൊണ്ടാണ് മാക്രോണിന്റെ പ്രസ്താവന.
വാഷിങ്ടണില്‍ വച്ചാണ് മാക്രോണ്‍ ട്രംപിനെ പരസ്യമായി വിമര്‍ശിച്ചത്.
ആണവ കരാര്‍ ട്രംപ് റദ്ദാക്കുമെന്ന് സംശയം പ്രകടിപ്പിച്ച അദ്ദേഹം, മിഡില്‍ ഈസ്റ്റില്‍ ചെയ്ത ഭൂതകാല തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പു നല്കി.
ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഇറാന് കരാര്‍ നിലനിര്ത്തിക്കുകയെന്ന പ്രധാന അജണ്ടയോടെയാണ് മാക്രോണ്‍ യു.എസിലെത്തിയത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം തടയല്‍, മേഖലയില്‍ സൈനിക പങ്ക് നിയന്ത്രിക്കുക എന്നീ കാര്യങ്ങള്‍ക്കു വേണ്ടി മാക്രോണ്‍ ട്രംപിന് അനുബന്ധ കരാര്‍ സമര്‍പ്പിക്കുകയും ചെയ്തു.
2015 ല്‍ ഫ്രാന്‍സ്, യു.എസ്, റഷ്യ, ജര്‍മനി, ചൈന, യു.കെ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇറാന് ആണവ കരാര്‍ ഒപ്പുവച്ചത്.
ഇറാന് ആണവ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു. 2017 ല്‍ അധികാരത്തിലേറിയതു മുതല്‍ ഇതിനു വേണ്ടി നടപടികളും എടുക്കുന്നുണ്ട്. തന്റെ ആവശ്യങ്ങള്‍ 120 ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെയ് 12ന് ഈ കാലാവധി അവസാനിക്കും.
ആണവ കരാറിനെ എതിര്‍ക്കുന്ന നിരവധി അംഗങ്ങളെ ട്രംപ് തന്റെ ക്യാബിനറ്റിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു.
Comments are closed for this post.