2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഫ്രാന്‍സിലേക്ക് പറക്കാം; വിസയിലും വിദ്യാഭ്യാസ നിയമങ്ങളിലും പരിഷ്‌കരണം; കൂടുതലറിയാം

30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഫ്രാന്‍സിലേക്ക് പറക്കാം; വിസയിലും വിദ്യാഭ്യാസ നിയമങ്ങളിലും പരിഷ്‌കരണം; കൂടുതലറിയാം

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ ഇഷ്ട കേന്ദ്രമായി യൂറോപ്യന്‍ രാജ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൈനിറയെ അവസരങ്ങളും മികച്ച വിദ്യാഭ്യാസ സാധ്യതകളുമായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥികളെയും കാത്തിരിക്കുകയാണ്. യു.കെ, യു.എസ്.എ എന്നതിനപ്പുറം ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, പോളണ്ട് പോലുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ തോതിലുള്ള കുടിയേറ്റങ്ങളാണ് നടക്കുന്നത്.

അത്തരത്തില്‍ യൂറോപ്പില്‍ ഉപരിപഠനം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്ന് പുറത്ത് വരുന്നത്. 2030 ഓടെ 30,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

2021 ലെ കണക്ക് പ്രകാരം ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 6321ആണ്. ഫ്രാന്‍സിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 14ാം സ്ഥാനത്താണ് ഇന്ത്യ. 2016 മുതല്‍ ഫ്രാന്‍സിലെ കോളജുകളില്‍ ഉപരിപഠനത്തിനായി എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 92 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് പുതിയ അഞ്ച് വര്‍ഷ വിസ പദ്ധതിക്കും ഫ്രാന്‍സ് തുടക്കം കുറിച്ചിരുന്നു. ഏതെങ്കിലും രാജ്യത്ത് നിന്ന് ബിരുദാനന്തര ബിരുദം നേടിയവരും ഫ്രാന്‍സില്‍ ഒരു സെമസ്റ്ററെങ്കിലും പൂര്‍ത്തിയാക്കിയിട്ടുള്ളവരുമായ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഷോര്‍ട്ട്-സ്‌റ്റേ ഷെങ്കന്‍ വിസക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദേശ വിദ്യാഭ്യാസ ഹബ്ബായി ഫ്രാന്‍സിനെ മാറ്റാണ് ഭരണ കൂടം ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ വിദ്യാഭ്യാസ രീതിക്കും അധികാരികള്‍ തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഫ്രഞ്ച് ഭാഷയില്‍ പ്രത്യേക പരിശീലനം നല്‍കാനും ഫ്രാന്‍സിലെ വിദ്യാഭ്യാസ രീതിയുമായി പരിചയിക്കാനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. ഇതിനായി രാജ്യത്തെ മുപ്പതോളം യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.