
പാരിസ്: മത തീവ്രവാദം വളര്‍ത്തുന്നുവെന്ന് ആരോപിച്ച് ഫ്രാന്‍സില്‍ ഇസ്ലാമിക കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡും നടപടിയും. 76 മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണയിലാണ്. വ്യക്തമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി 66 കുടിയേറ്റക്കാരെ ഇതിനകം നാടുകടത്തി.
‘വരും ദിവസങ്ങളിലും ഈ ആരാധനാലയങ്ങളില്‍ പരിശോധന നടക്കും. എന്തെങ്കിലും സംശയാസ്പദമായി തോന്നിയാല്‍ പൂട്ടാന്‍ ആവശ്യപ്പെടും’- ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.
ഈയിടെ ഫ്രാന്‍സില്‍ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇസ്ലാം ലോകത്താകമാനം പ്രതിസന്ധി നേരിടുന്ന മതമാണെന്ന ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം ലോകത്താകെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷമുള്ള രാജ്യമാണ് ഫ്രാന്‍സ്. വിവാദമായ പ്രവാചക കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ച അധ്യാപകന് സാമുവല്‍ പാറ്റിയെ വധിച്ചതിനെ തുടര്‍ന്ന് പാരിസിനു പുറത്തുള്ള പള്ളികള്‍ താല്‍ക്കാലികമായി അടച്ചിട്ടിരുന്നു.