തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം നാല് പേര്‍ അറസ്റ്റില്‍. സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. നേരത്തെ പെണ്‍കുട്ടിയുടെ സുഹൃത്തടക്കം അഞ്ചു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു സംഭവം.
രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ചുപേര്‍ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പൊലിസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി.
Comments are closed for this post.