ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും; കര്‍ണാടകയില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഓപ്പറേഷന്‍ താമര നടപ്പിലാക്കും: കെ.എസ് ഈശ്വരപ്പ
ബെംഗലുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ താമര നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാജ്യത്ത് ഇല്ലാതാകുമെന്നും കര്‍ണാടക കോണ്‍ഗ്രസില്‍ എം.എല്‍.എമാര്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയുടെ പരാമര്‍ശം.
ബി.ജെ.പിയുടെ എം.എല്‍.എമാരെ പാര്‍ട്ടിയില്‍ നിന്ന് ചാടിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തെറ്റാണെന്നും ഇതുവരെ ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസ് വലിയ അവകാശ വാദമാണ് ഉന്നയിക്കുന്നത്. പകുതിയിലധികം ബി.ജെ.പി എം.എല്‍.എമാരും കോണ്‍ഗ്രസിലെത്തുമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഇതുവരെ ഒരാളെ പോലും കൊണ്ടുപോകാന്‍ അവര്‍ക്കായിട്ടില്ല. 2024 ഇലക്ഷനോടെ രാജ്യത്ത് കോണ്‍ഗ്രസിന്റെ പൊടിപോലും കാണില്ല.
നൂറ് ശതമാനം ഉറപ്പോടെ ഞാന്‍ പറയുന്നു, കര്‍ണാടകയില്‍ ഉടന്‍ തന്നെ മറ്റൊരു ഓപ്പറേഷന്‍ താമര നടക്കും. കോണ്‍ഗ്രസിന് ഈ രാജ്യത്ത് ഇനിയൊരു ഭാവിയുമില്ല’ – ഈശ്വരപ്പ പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പിയുടെ പരിപാടികളില്‍ ഈശ്വരപ്പ പങ്കെടുക്കാറുണ്ട്. ഈ വര്‍ഷം ജൂണിലും വിവാദ പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പള്ളികള്‍ പൊളിച്ച് അമ്പലങ്ങളാക്കണമെന്നായിരുന്നു ഈശ്വരപ്പയുടെ വാദം.
Comments are closed for this post.