
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. മുന്‍മന്ത്രിമാരായ രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേരാനൊരുങ്ങുകയാണ്. സുനില്‍ ദേശ്മുഖും സഞ്ജയ് ദേശ്മുഖുമാണ് കൂടുമാറ്റത്തിന് ഒരുങ്ങുന്നത്. ഇരുവരും ശനിയാഴ്ച മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയുടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി എച്ച്.കെ പാട്ടീല്‍, റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലസഹേബ് തോറാത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഇരുവരുടേയും കോണ്‍ഗ്രസ് പ്രവേശനം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി സുനില്‍ ദേശ്മുഖ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന നേതാവ് കൂടിയാണ് സുനില്‍ ദേശ്മുഖ്. പിന്നീട് ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
വിദര്‍ഭ മേഖലയില്‍ ബി.ജെ.പിക്ക് വലിയ തേരോട്ടമുണ്ടാക്കിയ നേതാവാണ് സുനില്‍ ദേശ്മുഖ്. ഇദ്ദേഹം പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. ഏറെനാളായി സുനില്‍ ദേശ്മുഖും ബി.ജെ.പി നേതൃത്വവും തമ്മില്‍ അസ്വാരസ്യത്തിലാണ്.
മുന്‍ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ദേശ്മുഖ് 1999 ല്‍ ബിജെപി മന്ത്രി ജഗദീഷ് ഗുപ്തയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിലാസ്റാവു ദേശ്മുഖ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. 2009ല്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകന് റൗസാഹേബ് ശെഖാവത്തിനോട് തോറ്റു. സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ മത്സരം. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം ശെഖാവത്തിനെ പരാജയപ്പെടുത്തി. എന്നാല്‍ 2019ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുലഭ ഖോഡ്കെയോട് പരാജയപ്പെട്ടു. പിന്നീട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായി.
Comments are closed for this post.