ഗുവാഹത്തി: അസമില്‍ പൗരത്വ പട്ടികയുടെ (എന്‍.ആര്‍.സി) അന്തിമരൂപം ഈ മാസം 31ന് പുറത്തുവരാനിരിക്കെ പുതിയ ആശ്വാസ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശികളെന്നാരോപിച്ച് മൂന്നുവര്‍ഷത്തിലധികമായി ഡിറ്റന്‍ഷന്‍ കാമ്പുകളില്‍ അടച്ചിട്ട നാലുപേരെ മോചിപ്പിച്ചു. ക്യാംപില്‍ കഴിയുന്ന 335പേരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മോചിപ്പിക്കുന്ന നടപടിയുടെ ആദ്യഘട്ടമായാണ് നാലുപേര്‍ മോചിതരായത്. സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ നിബന്ധനകള്‍ പാലിച്ചതോടെയാണ് പശ്ചിമ ആസാമിലെ ഗോല്‍പാറ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ തടവിലായിരുന്ന ഈ നാലുപേര്‍ക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞത്. സുരക്ഷാ കാരണങ്ങളാല്‍ ഈ നാലു പേരുടേയും പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മൂന്ന വര്‍ഷത്തിലധികമായി ഡിറ്റന്‍ഷന്‍ കാമ്പുകളില്‍ കഴിയുന്നവരെ സോപാധികമായി വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ സുപ്രിംകോടതി അനുകൂല നടപടി എടുക്കുകയും ഉപാധികള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയും ചെയ്യതിരുന്നു. പ്രഖ്യാപിത വിദേശിയായി മൂന്ന് വര്‍ഷത്തിലേറെ തടങ്കല്‍ കഴിയുന്നവരുടെ മോചനത്തിന് നാല് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവക്കുന്നത്. രണ്ടു ഇന്ത്യന്‍ പൗരന്‍മാരുടെ ആള്‍ജാമ്യത്തില്‍ ഓരോ ലക്ഷം രൂപയുടെ ബോണ്ട്, മോചനം ശേഷം താമസിക്കുന്ന സ്ഥലത്തെ വിശദമായ വിലാസം, സാധ്യമെങ്കില്‍ കണ്ണിന്റെയും 10 വിരലുളകളുടേയും ബയോമെട്രിക് വിവരങ്ങള്‍, ആഭ്യന്തര വകുപ്പ് നിശ്ചയിക്കുന്ന പോലിസ് സ്‌റ്റേഷനില്‍ ആഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണവ. മേല്‍വിലാസത്തില്‍ മാറ്റം ഉണ്ടെങ്കില്‍ പ്രസ്തുത പോലിസ് സ്‌റ്റേഷനില്‍ അതേദിവസം അറിയിക്കുകയും വേണം. മറ്റു പ്രഖ്യാപിത വിദേശികളെയും സോപോധികമായി വിട്ടയക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഈ മാസം 31ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമപൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പട്ടികയില്‍ പേരില്ലാത്തവരെ ഫോറിന്‍ ട്രിബൂനല്‍ വിദേശിയെന്ന് പ്രഖ്യാപിക്കാത്തിടത്തോളം അവരെ അറസ്റ്റ്‌ചെയ്യില്ലെന്ന് അസം അഡീഷനല്‍ ചീഫ്‌സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണ പറഞ്ഞു. പട്ടികയില്‍ പെടാത്തവര്‍ക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം ലഭ്യമാക്കും. ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയായിരിക്കും സഹായം നല്‍കുക. എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ടില്ല എന്നതിന് ആ വ്യക്തി വിദേശിയാണ് എന്നര്‍ത്ഥമില്ലെന്നും അദ്ദേഹം അറിയിച്ചു.
Foreigners’ finally free in Assam
Comments are closed for this post.