
റിയാദ്: സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് സഊദി സംഘം ഖത്തറിലേക്ക് എത്തുന്നത്. വിദേശ കാര്യ മന്ത്രിക്കൊപ്പം ഒരു സംഘം തന്നെയാണ് ഖത്തറിൽ ഇറങ്ങിയത്.
ഖത്തറിൽ ഇറങ്ങിയ സംഘത്തെ ദോഹയിലെ അമീർ ദിവാനിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഊഷ്മളമായി സ്വീകരിച്ചു. സ്വീകരണ വേളയിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സന്ദേശം ഖത്തർ ഭരണാധികാരിക്ക് സഊദി വിദേശ കാര്യ മന്ത്രി കൈമാറി. ഖത്തർ സർക്കാരിനും രാജ്യത്തിലെ ജനങ്ങൾക്കും ആശംസകളും അഭിനന്ദനങ്ങളും സഊദി ഭരണാധികാരികൾ അറിയിച്ചു.