മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ദളിത് കുടുംബത്തിനെതിരേ ജപ്തി നടപടി സ്വീകരിച്ച സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഗോപി കോട്ടമുറിക്കല്‍ രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജിയെന്നാണറിയുന്നത്. അതേ സമയം ബാങ്കിലെ രണ്ട് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റര്‍ രാജിവച്ചിരുന്നു.
നടപടിയെടുക്കാന്‍ സഹകരണമന്ത്രി നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു ബാങ്ക് സി.ഇ.ഒ രാജിവച്ചത്. മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണമെന്ന് ജപ്തി നേരിട്ട ഗൃഹനാഥന്‍ അജീഷ് ആവശ്യപ്പെട്ടിരുന്നു. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.
തന്റെ കട ബാധ്യത തീര്‍ക്കാന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്ന് ജപ്തി നടപടിക്ക് ഇരയായ അജേഷ് വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പണം വേണ്ടെന്നുമായിരുന്നു അജേഷിന്റെ നിലപാട്.
Comments are closed for this post.