ന്യൂഡല്‍ഹി: ഇതര സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗക്കാരായ യുവതികളെ നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി.
ഇതു സംബന്ധിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതി തേടിയിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നെങ്കിലും നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. ഇതോടെയാണ് വീണ്ടും സുപ്രിം കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
ബിഹാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരാതി വ്യാപകമായുള്ളത്. ഇവിടങ്ങളിലെ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വനിതകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെതിരേയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. നേരത്തെ ഹരജി പരിഗണിച്ചിരുന്നു. ഈ സമയം
ഇത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച വിഷയമായതിനാല്‍ കേന്ദ്രത്തിന്റെ മറുപടി കൂടി അനിവാര്യമാണെന്ന് പരാതിക്കാരുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം ആവശ്യമാണെന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments are closed for this post.