2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഐ.പി.എൽ 16ാം സീസൺ ബാക്കിവച്ചത്


ലോകത്തെ സമ്പന്ന കായികമേളകളിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച ഇന്ത്യൻ പ്രീമിയർ ലീഗി(ഐ.പി.എൽ)ന്റെ പതിനാറാം സീസണിന് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി അഞ്ചാംതവണയും കിരീടം ഉയർത്തിയതോടെ പരിസമാപ്തി കുറിച്ചു. ഐ.പി.എൽ കിരീടത്തിൽ കൂടുതൽതവണ മുത്തമിട്ട നായകനെന്ന റെക്കോഡ് മുംബൈയുടെ രോഹിത് ശർമക്കൊപ്പം ധോണി പങ്കിട്ടുവെന്ന കായിക നേട്ടത്തിനപ്പുറം, ചില രാഷ്ട്രീയ ചർച്ചകൾക്കുകൂടി 16 ാമത്തെ ഐ.പി.എൽ സീസൺ കാരണമായി.
അടുത്തമാസം ഏഴിന് 43ാം വയസിലേക്ക് കടക്കുന്ന എം.എസ് ധോണിയെന്ന അതികായന്റെ നായകമികവിന് ഒരിക്കൽകൂടി ഈ സീസൺ സാക്ഷ്യംവഹിച്ചു. മനസാന്നിധ്യംകൊണ്ട് എന്തും നേടാമെന്ന് തെളിയിച്ച നായകനാണ് ‘ക്യാപ്റ്റൻ കൂൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധോണി. മത്സരത്തിലെ ഏത് അതിനിർണായക നിമിഷവും സമ്മർദമില്ലാതെ നേരിടുന്ന നായകൻ കൂടിയാണ് അദ്ദേഹം.

ലോകകപ്പ് ഫൈനൽ പോലെ ഏറ്റവും നിർണായക മത്സരത്തിൽ ബാറ്റിങ് ഓർഡർ തെറ്റിച്ച് യുവരാജ് സിങ് എന്ന കരുത്തൻ ഓൾറൗണ്ടർക്കുമുമ്പ് ഇറങ്ങാനും കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം തിരികെക്കൊണ്ടുവരാനും ധോണിക്കല്ലാതെ മറ്റൊരു താരത്തിന് കഴിഞ്ഞതായി ക്രിക്കറ്റ് ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. 2011 ഏപ്രിൽ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ കലാശക്കളിയിൽ ഗാലറിയിലേക്ക് സിക്‌സർ പായിച്ച് ടീമിന് കിരീടം നേടിക്കൊടുത്തതാണ് അന്നത്തെ കളിയുടെ ക്ലൈമാക്‌സ്. തന്നിലൂടെ ഫൈനൽ ജയിക്കുകയെന്നത് ഏതു നായകന്റെയും സ്വപ്‌നമാണ്. ആ സ്വപ്‌നം പൂവണിയിച്ച നായകനാണ് ധോണി. 28 വർഷത്തിനുശേഷം ഇന്ത്യയിലേക്കെത്തിയ ലോകകപ്പായിരുന്നു അത്. അതിലപ്പുറം സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്, ഒരു ലോകകപ്പ് എന്ന പൂർണതയോടെ വിരമിക്കാൻ അവസരം ഒരുക്കിയ നായകൻ കൂടിയായി അന്ന് ധോണി മാറി.


ടൈമിങ്ങും വേഗതയുമാണ് ധോണിയുടെ മറ്റൊരു സവിശേഷത. ഫൈനലിൽ ശുഭ്മൻ ഗിൽ എന്ന അപകടകാരിയായ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റ്‌സ്മാനെ പുറത്താക്കിയ ധോണിയുടെ സ്റ്റമ്പിങ്, ക്രിക്കറ്റ് ചരിത്രത്തിലിടം പിടിച്ച പ്രകടനമാണ്. പിന്നിലേക്ക് വലിച്ച ഗില്ലിന്റെ കാലിന്റെ ചലനത്തെക്കാൾ വേഗത്തിൽ പന്ത് കൈയിലെടുത്ത് ധോണി വെയിൽസ് തെറിപ്പിച്ചു. 42 ാം വയസിലും അയാളുടെ പോരാട്ടവീര്യം ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇൗ പ്രകടനം. മികച്ച താരങ്ങളുണ്ടെങ്കിലും ചെന്നൈ നിരയിൽ എല്ലാവരും പ്രതിഭകളായതുകൊണ്ടല്ല, ധോണിയുടെ നായകമികവായിരുന്നു ടീമിന്റെ വിജയകാരണം എന്നതിൽ എതിരഭിപ്രായമുണ്ടാകില്ല.


ലോകത്തെ ഏറ്റവും വലുതും അടിസ്ഥാന സൗകര്യവുമുള്ള ക്രിക്കറ്റ് മൈതാനിയെന്ന വിശേഷണത്തോടെ രണ്ടുവർഷം മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും നരേന്ദ്രമോദിയുടെ പേര് നൽകുകയുംചെയ്ത അഹമ്മദാബാദിലെ സ്‌റ്റേഡിയമാണ് ചെന്നൈ-ഗുജറാത്ത് കലാശക്കളിക്ക് വേദിയായത്. അവധിദിനമായ ഞായറാഴ്ചയാണ് ഫൈനൽ നിശ്ചയിച്ചതെങ്കിലും മഴമൂലം ഒരു പന്ത് പോലും എറിയാൻ കഴിയാത്തതിനാൽ റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് ഫൈനൽ മത്സരം നീണ്ടു. തിങ്കളാഴ്ചയും കളിയുടെ പകുതി സമയത്ത് മഴപെയ്തതോടെ, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എത്രമാത്രം പൊള്ളയായ അവകാശവാദങ്ങളുടെ പുറത്താണ് നിർമിച്ചതെന്ന് വ്യക്തമായി.

തിങ്കളാഴ്ചത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് ആദ്യം ബാറ്റ് ചെയ്തത്. തുടർന്ന് ചെന്നൈ ബാറ്റിങ്ങിനിറങ്ങിയ ഉടൻ മഴയെത്തി. മഴ മാറിയെങ്കിലും പിച്ചിൽ വെള്ളം കെട്ടിക്കിടന്നത് മാറ്റാൻ പഴയ പെയിന്റ് ബക്കറ്റുകളും സ്‌പോഞ്ചുമായി, ലോകത്തെ സമ്പന്ന ലീഗ് മാനേജ്‌മെന്റ് എത്തിയത് ഒരേസമയം കൗതുകവും ദയനീയവുമായി. തലേദിവസം പെയ്ത മഴയിൽ മേൽക്കൂര ചോർന്നൊലിച്ച് കാണികൾക്ക് ഇരിക്കാൻ കഴിയാത്ത വിധം സ്റ്റേഡിയത്തിന്റെ ഗാലറി ദുസ്സഹവുമായി. സർദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തത് 2020 ഫെബ്രുവരിയിലാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്, ലോകോത്തര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനമുള്ള ഇവിടെ മഴമൂലം കളി നഷ്ടപ്പെടില്ലെന്നും മഴ മാറി അരമണിക്കൂറിനകം കളി പുനരാരംഭിക്കാനാവും എന്നുമായിരുന്നു. എന്നാൽ, അത് എത്രമാത്രം പൊള്ളയായ അവകാശവാദമാണെന്നതിന് അമിത്ഷായുടെ മകൻകൂടിയായ ബി.സി.സി.ഐ അധ്യക്ഷൻ ജയ് ഷാ ഗാലറിയിലിരുന്ന് സാക്ഷ്യംവഹിക്കുകയും ചെയ്തു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പവലിയനുകൾ ഓരോന്ന് അദാനിയുടെയും അംബാനിയുടെയും പേരിൽ അറിയപ്പെടുന്നവയാണ്. തിങ്കളാഴ്ചത്തെ മഴയിൽ ഈ പവലിയനുകൾ വെള്ളം നിറഞ്ഞതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി.


ഓരോ ഐ.പി.എൽ വരുമ്പോഴും ശതകോടികളാണ് ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കുന്ന ബി.സി.സി.ഐയുടെ വരുമാനം. ആഗോള ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരായ ഐ.സി.സിയേക്കാൾ സമ്പന്നരാണ് ബി.സി.സി.ഐ. ഈ വർഷം മീഡിയ റൈറ്റ്‌സിലൂടെ മാത്രം 48,390 കോടി രൂപയാണ് ബി.സി.സി.ഐക്ക് ലഭിച്ചത്. എന്നാൽ ഇതിന് നയാപൈസ ബി.സി.സി.ഐ നികുതിയടച്ചില്ല. സന്നദ്ധസംഘടനയായതുകൊണ്ടാണ് നികുതി അടക്കുന്നതിൽനിന്ന് രക്ഷപ്പെടുന്നത്. പക്ഷേ ഐ.സി.സിക്ക് ഇത്തരമൊരു പരിഗണന കേന്ദ്രം നൽകിയിട്ടില്ല. പ്രതിപക്ഷകക്ഷികളെയും നേതാക്കളെയും തുടർച്ചയായി ലക്ഷ്യംവയ്ക്കുന്ന കേന്ദ്ര ഏജൻസികൾ, ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളും ‘സന്നദ്ധപ്രവർത്തനങ്ങളും’ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരൻ തയാറാകണം. നേരാവണ്ണം അത്തരമൊരന്വേഷണം നടക്കുകയാണെങ്കിൽ നമുക്ക് ബോധ്യപ്പെടും, എന്താണ് ബി.സി.സി.ഐയിൽ നടക്കുന്നതെന്നും അഴിമതിയും സ്വജനപക്ഷപാതവും എത്രമാത്രം സംഘടനയെ ഗ്രസിച്ചിരിക്കുന്നുവെന്നും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.