മഴ കുറഞ്ഞു; ഭക്ഷ്യധാന്യ വില കുതിക്കും
സുനി അല്‍ഹാദി
കൊച്ചി:കാലവര്‍ഷം കുറഞ്ഞതോടെ വരും മാസങ്ങളില്‍ രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിക്കുമെന്ന് മുന്നറിയിപ്പ്. കാര്യമായി കൃഷി നടക്കുന്ന മിക്ക സംസ്ഥാനങ്ങളിലും വളരെ കുറവ് മഴയാണ് ലഭിച്ചത്. ഇതോടെ, അരി, ഗോതമ്പ്, ഉഴുന്ന് ഉള്‍പ്പെടെയുള്ളവയുടെയെല്ലാം വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, വരും മാസങ്ങളില്‍ പച്ചക്കറി വിലയില്‍ നേരിയ ആശ്വാസം പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കേരളത്തിന് പുറമേ, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴക്കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളവില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. പരിപ്പിന്റെ വിളവെടുപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.6 ശതമാനവും ഉഴുന്ന് 15.3ശതമാനവും കുറഞ്ഞു.
ഇതേത്തുടര്‍ന്ന് ഈ ഇനങ്ങളുടെ വില 20ശതമാനംവരെ വര്‍ധിച്ചു. ഉത്തരേന്ത്യയില്‍ വിളവെടുപ്പ് സീസണ്‍ അവസാനിക്കാനിരിക്കുകയുമാണ്. വില ഉയരുന്നത് കണക്കിലെടുത്ത് മ്യാന്‍മറില്‍ നിന്ന് 12ലക്ഷം ടണ്‍ പയര്‍ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനും നീക്കമുണ്ട്.
ജൂലൈയില്‍ ജനത്തെ വലച്ചത് പച്ചക്കറി വില വര്‍ധനയാണ്. മൊത്തത്തില്‍ 37ശതമാനംവരെ വില ഉയര്‍ന്നു. ഇഞ്ചി, ഉള്ളി, തക്കാളി തുടങ്ങിയവയുടെ വില പലമടങ്ങായി വര്‍ധിച്ചു. തക്കാളിയുടെയും ഉള്ളിയുടെയും വിലവര്‍ധന രാജ്യത്തുവലിയ ചര്‍ച്ചയായതോടെ, വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്തിരുന്നു. ഉള്ളി വില നിയന്ത്രിക്കുന്നതിനായി കേന്ദ്രം കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതിച്ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തു. പച്ചക്കറി വില വര്‍ധനവിന്റെ കൂടി പ്രതിഫലനമെന്ന നിലക്ക് ജൂലൈയില്‍ രാജ്യത്തെ പണപ്പെരുപ്പം 7.4 ശതമാനമായി ഉയര്‍ന്നിരുന്നു.
ഭക്ഷ്യധാന്യ വിലയും ഏതാനും മാസങ്ങളായി ഉയര്‍ന്നു നില്‍ക്കുകയാണ്. ജൂണില്‍ 10.6 ശതമാനവും ജൂലൈയില്‍ 13.3ശതമാനവും ഭക്ഷ്യധാന്യ വില വര്‍ധിച്ചുവെന്നാണ് കണക്ക്. ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധ ജഹ് നവി പ്രഭാകറാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.
അടുത്ത കാര്‍ഷിക സീസണ് ആശങ്കയുയര്‍ത്തി രാജ്യത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമാംവിധം കുറയുന്നതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ അണക്കെട്ടുകളില്‍ 76ശതമാനമായിരുന്നു ജല നിരപ്പെങ്കില്‍ ഈ വര്‍ഷം 62 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
Comments are closed for this post.