കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബി 737-800 വിമാനം പറന്നുയര്‍ന്നയുടന്‍ എഞ്ചിനില്‍ തീപിടിത്തം. തുടര്‍ന്ന് തിരികെ വിമാനത്താവളത്തില്‍ ഇറക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വിമാനത്തില്‍ 184 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 1,000 അടി ഉയരത്തിലെത്തിയ ഉടന്‍, പൈലറ്റ് ഒരു എഞ്ചിനില്‍ തീപിടുത്തം കണ്ടെത്തുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.
ജനുവരി 23ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പറന്നുയര്‍ന്ന് 45 മിനിറ്റിനുള്ളില്‍ തിരികെ ഇറക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30ന് പറന്നുയര്‍ന്ന വിമാനം 9.17ന് തിരികെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ബോയിങ് ബി 737 വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വിമാനത്തില്‍ പാമ്പുണ്ടെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമയാന അതോറിറ്റി ഉത്തരവിട്ടിരുന്നു.
Comments are closed for this post.