മലപ്പുറം: അവധിക്കാലത്ത് ഗള്‍ഫ് യാത്രക്കാരായ പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന സൃഷ്ടിച്ച പ്രയാസകരമായ സാഹചര്യത്തില്‍ ഇടപെട്ട് ഈ പ്രവണത തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. അവധിക്കാലത്ത് ഒരു പരിധിയുമില്ലാതെ നാലും അഞ്ചും ഇരട്ടി വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തുന്നത്.
അവധിക്കാലത്ത് നാട്ടിലെത്താന്‍ കൊതിക്കുന്ന പ്രവാസികളെ കഠിനമായ പ്രയാസത്തിലാണ് ഇത് അകപ്പെടുത്തിയിരിക്കുന്നതെന്ന് ലോക്‌സഭയില്‍ വകുപ്പ് 377 പ്രകാരമുള്ള പരാമര്‍ശത്തില്‍ സമദാനി പറഞ്ഞു. ഈ സാഹചര്യം കാരണം നിരവധി പ്രവാസികള്‍ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. അവധിക്കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ പ്രവാസി ചെലവഴിക്കേണ്ടി വരുന്ന തുക കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് പോകാനുള്ള തുകയേക്കാള്‍ കൂടുതലാണ്.
കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നവര്‍ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടി വരുന്ന ഗതികേടാണുള്ളത്. അവധിക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള സെക്ടറുകളില്‍ യാത്രക്കാരുടെ വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിത്തീരുന്നത്. എന്നിട്ടും ഈ രീതിയില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. അതിനാല്‍ ഈ പ്രവണതക്ക് അറുതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സമദാനി ആവശ്യപ്പെട്ടു.
Comments are closed for this post.