2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനം; തട്ടിപ്പില്‍ പെടാതിരിക്കണമെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; റിപ്പോര്‍ട്ട്

വിദേശ പഠനം; തട്ടിപ്പില്‍ പെടാതിരിക്കണമെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; റിപ്പോര്‍ട്ട്

വിദേശ പഠനം ഇന്നൊരു ട്രെന്‍ഡ് ആയി മാറി കഴിഞ്ഞിരിക്കുന്നു. മലയാളികളടക്കമുള്ള നല്ലൊരു ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും വിദേശത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിനോടകം പലരും കടല്‍ കടക്കുകയും ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട പഠനവും ഉയര്‍ന്ന ശമ്പളമുളള ജോലിയും ജീവിത നിലവാരവുമാണ് പലരെയും വിദേശത്തേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള തട്ടിപ്പുകള്‍ക്കും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന ജോലിയും സ്‌കോളര്‍ഷിപ്പുകളും മെച്ചപ്പെട്ട കോഴ്‌സുകളും വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും മുളച്ച് പൊന്തിക്കൊണ്ടിരിക്കുന്നു. പലരും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട്. എന്താണ് ഇതിന് പരിഹാരം?

വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. എഡ്യൂഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചു കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായും പ്രതിപാദിക്കുന്നത്.

യൂണിവേഴ്‌സിറ്റികളെ അറിഞ്ഞിരിക്കാം
വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുക്കുന്നതിന് മുമ്പായി ആ രാജ്യത്തെക്കുറിച്ച് വിശദമായ രീതിയില്‍ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. ഏത് യൂണിവേഴ്‌സിറ്റിയിലേക്കാണോ നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് ആ സ്ഥാപനത്തെ കുറിച്ച് വിശദമായി മനസിലാക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ വിസ നടപടിക്രമങ്ങള്‍, അഡ്മിഷന്‍ നടപടികള്‍ എന്നിവ മനസിലാക്കലാണ് ആദ്യപടി. ഉദാഹരണത്തിന് യു.കെ, യു.എസ്.എ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ തന്നെ ഒഫീഷ്യല്‍ സൈറ്റ് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പരിശോധിക്കാവുന്നതാണ്. ആസ്‌ട്രേലിയയുടെ CRICOS, യു.കെയുടെ സ്‌പോണ്‍സര്‍ രജിസ്റ്റര്‍ എന്നിവ നിങ്ങള്‍ പരിശോധിച്ചിരിക്കണം. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രം, പൂര്‍വ്വ വിദ്യാര്‍ഥികള്‍, ജോലി സാധ്യതകള്‍ എന്നിവയും മനസിലാക്കണം.

പണം സൂക്ഷിക്കണം
പ്രവേശനം ലഭിച്ചുവെന്ന് അറിയിക്കുന്ന ലെറ്റര്‍ കിട്ടിക്കഴിഞ്ഞ ഉടന്‍ അതില്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക കാര്യങ്ങളെ ഗൗരവമായി തന്നെ പരിശോധിക്കുന്നത് നന്നായിരിക്കും. കോഴ്‌സിന്റെ മുഴുവന്‍ ചെലവ്, റീഫണ്ട് പോളിസി എന്നിവ മനസിലാക്കിയിരിക്കണം. വിസ കാലയളവിലുള്ള പ്രതിസന്ധികള്‍ ഇല്ലാതിരിക്കാന്‍ ഈ സൂക്ഷ്മത നിങ്ങളെ സഹായിക്കും. എല്ലാ സുപ്രധാന യൂണിവേഴ്‌സിറ്റികളും സുതാര്യമായ ഫീ സംവിധാനവും, റീഫണ്ട് പോളിസികളും മുന്നോട്ട് വെക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ മനസിലാക്കണം. അല്ലാത്തവയെ റിജക്ട് ചെയ്യുന്നതില്‍ ഒരു സംശയവും വേണ്ട.

വാടക തട്ടിപ്പിന് ഇരയാവല്ലേ
വിദേശത്ത് ലാന്റ് ചെയ്തതിന് ശേഷം താമസ സ്ഥലത്തിന്റെ പേരില്‍ തട്ടിപ്പിനരയാവുന്ന മലായളികള്‍ നിരവധിയാണ്. സാധാരണയായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളും അപ്പാര്‍ട്ട്‌മെന്റുകളും നിങ്ങള്‍ക്ക് അനുവദിച്ച് നല്‍കാറുണ്ട്. അല്ലാത്തവര്‍ പുറത്ത് വീടെടുത്ത് താമസിക്കാറാണ് പതിവ്. ഇത് നിങ്ങളെ വലിയ തട്ടിപ്പിന് ഇരയാക്കിയേക്കാം. അതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റികളോ സര്‍ക്കാര്‍ ഏജന്‍സികളോ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ നിങ്ങള്‍ വീട് വാടക എടുക്കാന്‍ പാടുള്ളൂ. സിഡ്‌നിയിലോ സ്‌കേപ്പ്, യു.കെയുടെ സ്റ്റുഡന്റ് റൂസ്റ്റ്, കാനഡയുടെ യൂണിവേഴ്‌സിറ്റി ലിവിങ് എന്നിവ വഴിനല്ലൊരു താമസ സ്ഥലവും നിങ്ങള്‍ക്ക് കണ്ടെത്താനാവും.

സ്വകാര്യതയെ സംരക്ഷിച്ചോളൂ
ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നത് മറ്റൊരു ചോദ്യമാണ്. എന്നാല്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തേണ്ടത് നിങ്ങളുടെ കടമയാണ്. പ്രത്യേകിച്ച് രാജ്യം വിട്ട് പുറത്ത് പോകുമ്പോള്‍. ഐഡന്റിറ്റി മോഷണം, അതുമായി ബന്ധപ്പെട്ട മറ്റ് സ്‌കാമുകള്‍ എന്നിവ ഒഴിവാക്കാന്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കുക. പ്രത്യേകിച്ച് പാസ്‌പോര്‍ട്ട്, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ മാത്രമേ നല്‍കാവൂ. മാത്രമല്ല ഡിജിറ്റല്‍ രൂപത്തിലും ഹാര്‍ഡ് കോപ്പിയായും നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം.

ഏജന്‍സികളെ കരുതിയിരിക്കാം
വിദേശ സ്വപ്‌നവുമായി അമേരിക്കയിലേക്ക് ചെന്ന തെലങ്കാന വിദ്യാര്‍ഥികളെ യു.എസ് സര്‍ക്കാര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുനിര്‍ത്തി തിരിച്ച് ഇന്ത്യയിലേക്ക് മടക്കി അയച്ചത് വലിയ വാര്‍ത്തയായിരുനനു. മതിയായ ഡോക്യുമെന്റുകള്‍ ഇല്ലെന്നതായിരുന്നു കാരണം. പല തട്ടിപ്പ് ഏജന്‍സികളും ഇന്ന് നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായി അന്വേഷിച്ച് മാത്രമേ പണമടക്കമുള്ള വിശദായ ഡോക്യുമെന്റുകള്‍ കൈമാറാന്‍ പാടുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.