2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഹാഗിയ സോഫിയ തുറന്നതോടെ ഭൂമിയിലെ നഷ്ടപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതുമായ എല്ലാ മസ്ജിദുകളുടെയും പ്രതീക്ഷയുമാണുയര്‍ന്നത്’- ആദ്യ ജുമുഅ പ്രഭാഷണം

 

തുര്‍ക്കിയിലെ പ്രശസ്തമായ ഹാഗിയ സോഫിയയില്‍ ഇന്നത്തെ ജുമുഅയോടെ പ്രാര്‍ഥനകള്‍ പുനരാരംഭിച്ചു, 86 വര്‍ഷത്തിനു ശേഷം. വലിയ ഒരുക്കങ്ങളോടെയാണ് ആദ്യ ജുമുഅ നടന്നത്. തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. അലി എര്‍ബാഷാണ് ജുമുഅ ഖുത്ബ നടത്തിയത്. 

പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ജുമുഅയ്ക്ക് സംബന്ധിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് ജുമുഅ തുടങ്ങിയത്. നിരവധി പേര്‍ സംബന്ധിച്ചതോടെ പള്ളിക്ക് പുറത്തേക്കും നിസ്‌കാരം സ്ഥലം വ്യാപിച്ചു.

ഇന്ന് നടത്തിയ ജുമുഅ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം. വിവര്‍ത്തനം ചെയ്തിരിക്കുന്നത് തുര്‍ക്കിയില്‍ ഗവേഷണപഠനം നടത്തുന്ന മുസ്തഫ ഹുദവി ഊജംപാടി.

ബഹുമാന്യരായ മുസ്‌ലിംകളെ!

ഇന്ന്, ഹഗിയ സോഫിയയുടെ താഴികക്കുടങ്ങളില്‍ വീണ്ടും തക്ബീറും തഹ്ലീലും സ്വലാത്തുകളും പ്രതിധ്വനിക്കുന്ന, അതിന്റെ മിനാരങ്ങളില്‍ നിന്ന് ബാങ്കും നമസ്‌കാരങ്ങളും ഉയരുന്ന ദിവസമാണ്. ഫാത്തിഹിന്റെ സന്താനങ്ങളുടെ നീണ്ട കാത്തിരിപ്പും ഈ മഹാ ദൈവ ഭവനത്തിന്റെ നിശബ്ദതയും ഇന്നു അവസാനിക്കുകയാണ്. ‘അയ സോഫ്യ മസ്ജിദ് ഷെരീഫ്’ ഇന്ന് വിശ്വാസികളുമായും ഏക ദൈവ വിശ്വാസ സമൂഹവുമായും വീണ്ടും ഒന്നിക്കുകയാണ്.

ഇത്തരമൊരു അഭിമാനകരവും ചരിത്രപരവുമായ ദിനത്തില്‍ നമ്മെ ഒരുമിപ്പിച്ച പടച്ച റബ്ബിന് അനന്തമായ സ്തുതി ഉണ്ടാകട്ടെ. ‘കോണ്‍സ്റ്റാന്റിനിയ തീര്‍ച്ചയായും (ഒരു ദിനം ) ജയിക്കപ്പെടും. അതിനെ ജയിച്ച സൈന്യാധിപന്‍ എത്ര നല്ലവനാണ്‍ ആ പട്ടാളക്കാര്‍, എത്ര നല്ല പട്ടാളക്കാരാണ്‍[ അഹ്മത്ത് ഇബ്‌നു ഹന്‍ബല്‍, മുസ്‌നദ് IV, 325]’ എന്ന വാക്കുകളിലൂടെ ഇസ്താംബൂള്‍ ജയം പ്രവചിച്ച അല്ലാഹുവിന്റെ റസൂലിന് മേല്‍ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

പ്രവാചകരുടെ ഈ സുവിശേഷത്തിന്റെ ഭാഗമാവാനുള്ള അതിയായ ആഗ്രഹത്തോടെ വിശുദ്ധ യാത്ര തുടങ്ങിയ ഇസ്താംബൂളിന്റെ ആത്മീയ വാസ്തുശില്പി അബൂ അയ്യൂബുല്‍ അന്‍സാരി(റ)ക്കും മറ്റു സ്വഹാബാ കിറാമിനും അവരുടെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്നവര്‍ക്കും, അനാട്ടോലിയയെ നമ്മുടെ മാതൃരാജ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയും സംരക്ഷിക്കുകയും ഒടുവില്‍ നമ്മെ ഏല്‍പ്പിക്കുകയും ചെയ്ത എല്ലാ സൈനികര്‍ക്കും രക്തസാക്ഷികള്‍ക്കും സലാം ഉണ്ടാവട്ടെ…

തന്റെ കാലഘട്ടത്തിലെ ഏറ്റവും നൂതന സാങ്കേതികവിദ്യ നിര്‍മ്മിച്ച, തന്റെ കപ്പലുകള്‍ കരയില്‍ കൂടി ഓടിച്ച, അല്ലാഹുവിന്റെ അനുമതിയോടും കൃപയോടും കൂടി ഇസ്താംബൂള്‍ കീഴടക്കി തുടര്‍ന്ന് ഈ നഗരത്തിന്റെ ഒരു കല്ലിന് പോലും കേടുപാടുകള്‍ വരുത്താന്‍ അനുവദിക്കാതെ സംരക്ഷിച്ച ആ ചെറുപ്പക്കാരനും ശക്തനുമായ രാജാവ്, ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മത് ഹാനും സലാം ഉണ്ടാവട്ടെ..

നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നു വന്ന പനിനീര്‍ സുഗന്ധമുള്ള ശുഭ വാര്‍ത്തയാണ് ഹഗിയ സോഫിയ. ഹഗിയ സോഫിയ, മഹാവിജയത്തിന്റെ അടയാളവും, അന്ത്യനാള്‍ വരെ പള്ളിയായി നിലനില്‍ക്കണമെന്ന നിബന്ധനയോടെ വഖ്ഫ് ചെയ്ത സുല്‍ത്താന്‍ ഫാതിഹിന്റെ അമാനതുമാണ്. ഈ അമൂല്യ അമാനത്തിനെ സുരക്ഷിതമായി മുസ്ലീം ഉമ്മത്തിലെത്തിക്കാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്ന നമ്മുടെ മുന്‍ഗാമികള്‍ക്കും വാസ്തുശില്‍പികള്‍ക്കും ബുദ്ധിജീവികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഞങ്ങളുടെ എല്ലാ സഹോദരങ്ങള്‍ക്കും ദൈവത്തിന്റെ രക്ഷ ഉണ്ടാവട്ടെ..

പ്രിയ വിശ്വാസികളെ!

ഹഗിയ സോഫിയയെ ആരാധനയ്ക്കായി തുറന്നുകൊടുത്തതോടെ അഞ്ച് നൂറ്റാണ്ടുകളായി വിശ്വാസികള്‍ പള്ളിയായി സ്വീകരിച്ചിരുന്ന ഒരു പുണ്യസ്ഥലം (ദൈവിക ഭവനമെന്ന) അതിന്റെ യഥാര്‍ത്ഥ വിശേഷണത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.

ആരാധനയ്ക്കായി ഹഗിയ സോഫിയ വീണ്ടും തുറക്കുന്നതോടെ ഭൂമിയിലെ നഷ്ടപെട്ടതും അടിച്ചമര്‍ത്തപ്പെട്ടതുമായ എല്ലാ മസ്ജിദുകളുടെയും, പ്രത്യേകിച്ച് വിശുദ്ധ ഗേഹമായ മസ്ജിദ് അല്‍അക്‌സയുടെയും പ്രതീക്ഷയാണ് ഉയരുന്നത്.

ആരാധനയ്ക്കായി ഹഗിയ സോഫിയ തുറന്നത്, അടിത്തറ ഏകദൈവ വിശ്വാസം കൊണ്ടും, ഇഷ്ടിക വിജ്ഞാനം കൊണ്ടും, കുമ്മായം മൂല്യങ്ങള്‍ കൊണ്ടും പടുത്തുയര്‍ത്തപെട്ട നമ്മുടെ നാഗരികതയുടെ വികാസത്തിന്റെ തുടര്‍ച്ചയാണ് അടയാളപെടുത്തുന്നത്.

ബഹുമാന്യരായ മുസ്‌ലിംകള്‍!

നമ്മുടേത് ഒരു മസ്ജിദ് കേന്ദ്രീകൃത നാഗരികതയാണ്. നമ്മുടെ ഐക്യത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും ഉറവിടമാണ് നമ്മുടെ പള്ളികള്‍. നിസ്‌ക്കാര പള്ളികളെയും മസ്ജിദുകളെയും പുനര്‍നിര്‍മ്മിക്കുന്നവരെക്കുറിച്ച് സര്‍വ്വശക്തനായ അല്ലാഹു ഇപ്രകാരം പറയുന്നു: ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നമസ്‌കാരം യഥാവിധി നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവന്റെ മസ്ജിദുകള്‍ പരിപാലിക്കാവൂ. അവര്‍ സന്മാര്‍ഗ പ്രാപ്തരായേക്കാം.’ [തൗബ, 9/18]

പള്ളി പണിയാനും അതിന്റെ അസ്തിത്വം സംരക്ഷിക്കാനും പരിശ്രമിക്കുന്നവര്‍ക്ക് നമ്മുടെ പ്രവാചകന്‍ (സ്വ) സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു: ‘അല്ലാഹുവിനായി ഒരു മസ്ജിദ് പണിയുന്നവനു അവന്‍ സ്വര്‍ഗത്തില്‍ സമാനമായ ഒരു കൊട്ടാരം പണിതു നല്‍കും.'[മുസ്ലിം, zuhd, 44]

പ്രിയ വിശ്വാസികളെ!

ഇനി നമ്മുടെ ചുമതല, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അവബോധത്തോടെ നമ്മുടെ പള്ളികളെ സജീവമായി നിലനിര്‍ത്തുക എന്നതാണ്. നമ്മുടെ പള്ളികളെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തുക. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, വൃദ്ധര്‍ തുടങ്ങി സകലരും പള്ളികളില്‍ ഉണ്ടായിരിക്കുകയും പള്ളികളുമായി നിരന്തരം ബന്ധപെട്ടു ജീവിക്കുകയും ചെയ്യുക. ഹഗിയ സോഫിയ മസ്ജിദ് പകര്‍ന്നു തരുന്ന മഹത്തായ മൂല്യങ്ങള്‍ അവകാശപ്പെടാന്‍ നാം കൂടുതല്‍ വിശ്വാസം, ദൃഡനിശ്ചയം, ആവേശം, ഭക്തി എന്നിവയോടെ പ്രവര്‍ത്തിക്കുക എന്നതുമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.