ജിദ്ദ/മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. കണ്ണൂരിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘമാണ് ഇത്തവണ ആദ്യമായി മക്കയിലെത്തിയത്. രാവിലെ 7.30ന് ജിദ്ദയിലറങ്ങിയ സംഘം ഹാജിമാർക്കായി തയ്യാറാക്കിയ ബസിൽ മക്കയിലെ താമസ കേന്ദ്രമായ അസീസിയലെത്തി. പുണ്യഭൂമിയിലെത്തിയ തീർഥാടകർക്ക് വിവിധ മലയാളി കൂട്ടായ്മകളും സന്നദ്ധ സേവന പ്രവർത്തകരും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
കണ്ണൂരിന് പുറമെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും ജിദ്ദയിൽ ഇറങ്ങി. ആദ്യമെത്തിയ കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് ഉണ്ടായിരുന്നത്. രാവിലെ അഞ്ച് മണിയോടെയാണ് ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇവരെത്തിയത്.
ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു. തുടർന്നാണ് ഹാജിമാർ മക്കയിലെ താമസ കേന്ദ്രങ്ങളിലേക്ക് യാത്രയായത്. മക്കയിലെത്തിയ ഹാജിമാരെ “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്….” ചൊല്ലി മലയാളികൾ സ്വീകരിച്ചു. മുസ്വല്ല, കാരക്ക, ലഘു ഭക്ഷണം, കഞ്ഞി തുടങ്ങിയവ മലയാളികൾ ഹാജിമാർക്ക് നൽകി. അസീസിയയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ വിശ്രമ ശേഷം തീർഥാകർ ഇന്ന് തന്നെ മക്ക ഹറം പള്ളിയിലെത്തി ഉംറ നിർവഹിക്കും.
കേരളത്തിലെ ഇരു വിമാനത്താവളങ്ങളിലും മന്ത്രി വി.അബ്ദുറഹിമാനാണ് വിമാനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമം നിര്‍വ്വഹിച്ചത്. കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.15 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് നിന്നും ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്.
Comments are closed for this post.