റിയാദ്: സഊദിയിൽ ഇലക്ട്രിക് കടയിലുണ്ടായ തീപ്പിടുത്തത്തിൽ മലയാളി മരിച്ചു. പാലക്കാട് കാരാകുർശ്ശി വക്കടപ്പുറം എളംപുലശേരി സ്രാമ്പിക്കൽ നാസർ (57) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത്. ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണെന്നാണ് വിവരം. 30 വർഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. സ്രാമ്പിക്കൽ അബ്ദുള്ളയാണ് പിതാവ്, സൈനബയാണ് മാതാവ്. ഭാര്യ: ഹലിയത് ബീഗം. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.
മയ്യത്തുമായുള്ള നടപടികൾ ജുബൈലിലെ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
Comments are closed for this post.