2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫുട്‌ബോളിലെ മോശം പ്രവണത സഊദിയില്‍ നടക്കില്ല; വലിയ ‘പിഴ’ നല്‍കേണ്ടി വരും

ഫുട്‌ബോള്‍ മത്സരങ്ങള്‍ അതിന്റെ അക്രമോത്സുകമായ സ്വഭാവ സവിശേഷത കൊണ്ട് ശ്രദ്ധേയമാണ്. പലപ്പോഴും മറ്റ് കായിക ഇനങ്ങള്‍ക്കൊന്നും കാണാന്‍ സാധിക്കാത്ത രീതിയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഗ്രൗണ്ടിലും എതിര്‍ ടീമിന്റെ ആരാധകര്‍ക്കും, എതിര്‍ ടീം അംഗങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ക്ക് മുതിരാറുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഊദിയുടെ മണ്ണില്‍ അനുവദിക്കില്ല എന്ന് തറപ്പിച്ചു പറയുകയാണ് സഊദി ഫുട്‌ബോള്‍ അസോസിയേഷന്‍. കാല്‍പന്ത് കളിയുടെ ആവേശം മൂത്ത് മത്സരങ്ങള്‍ക്കിടയില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയൊടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

കൂടാതെ കളിക്കാര്‍ക്കോ ക്ലബുകള്‍ക്കോ എതിരായി മാനഹാനിയും ആക്ഷേപവും വരുത്തുന്ന പ്രസ്താവനകള്‍ നടത്തുകയോ ട്രോളുകളോ ചെയ്യുന്നവര്‍ക്ക് മൂന്നു ലക്ഷം വരെ റിയാല്‍ പിഴ ചുമത്തുന്ന പുതുക്കിയ നിയമം സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ചു.സമൂഹ മാധ്യമങ്ങളിലോ നേരിട്ടോ പത്രമാധ്യമങ്ങളിലൂടെയോ റേഡിയോ, ടെലിവിഷന്‍ ചാനലുകളിലൂടെയോ അധിക്ഷേപം നടത്തുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും.

കളിക്കാര്‍ക്കോ വ്യക്തികള്‍ക്കോ നേരെയാണെങ്കില്‍ 40,000 റിയാല്‍ വരെ പിഴ ശിക്ഷ കിട്ടാം. അധിക്ഷേപവും മാനഹാനിയുമൊക്കെ ഫുട്‌ബോള്‍ സംഘാടകര്‍ക്കൊ ക്ലബ്ബുകള്‍ക്കോ നേരെയെങ്കില്‍ 50,000 റിയാല്‍ വരെ പിഴയും ചുമത്തും. സൗദി ഫുട്‌ബോള്‍ അസോസിയേഷനു എതിരായോ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും സമിതിക്കു നേരെയോ അംഗങ്ങള്‍ക്കു നേരെയോ ഉദ്യോഗസ്ഥര്‍ക്കു നേരെയോ ആണെങ്കില്‍ 80,000 റിയാല്‍ പിഴയുമാവും ശിക്ഷ.

കളിക്കാര്‍ക്കെതിരായുള്ള ശാരീരിക കയ്യറ്റങ്ങളും മുറിവേല്‍പ്പിക്കുന്നതിനും ആരോപണം ഉന്നയിക്കുന്നതിനുമൊക്കെ ശിക്ഷ നല്‍കും. കുറ്റകൃത്യം ചെയ്യുന്നത് കളിക്കാരനോ മെഡിക്കല്‍ ടീം അംഗങ്ങളൊ പരിശീലക അംഗങ്ങളോ ആണെങ്കില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കൂടാത്ത വിലക്കേര്‍പ്പെടുത്തുകയും മൂന്നു ലക്ഷത്തില്‍ കൂടാത്ത പിഴചുമത്തുകയും ചെയ്യും. മുകളില്‍ പറഞ്ഞ തരത്തിലുള്ളവരല്ല കുറ്റം ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടാത്ത സമയം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും മൂന്നു ലക്ഷം റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും.

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഹൂളിഗന്‍സ് നടത്തുന്ന അക്രമങ്ങള്‍ കൊണ്ട് അധികൃതര്‍ പൊറുതി മുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വലിയ ശിക്ഷ ഏര്‍പ്പെടപത്താന്‍ സഊദി തീരുമാനിച്ചിരിക്കുന്നത്.

Content Highlights:fines for bad behaviour in football ground saudi


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.