2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യൂറോപ്പയില്‍ ജീവന്‍ മിടിക്കുമോ? ശാസ്ത്രലോകം കാത്തിരിക്കുന്നു

ബാദ്ഷ മാണിയൂര്‍

ഭൂമിക്കു പുറമെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ശാസ്ത്രലോകം  പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പല പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും മറ്റു ഗ്രഹങ്ങളില്‍  ജീവസാന്നിധ്യം ഇതുവരെ ഉറപ്പിക്കാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ് വ്യാഴം ഗ്രഹത്തെ ഭ്രമണം ചെയ്യുന്ന യൂറോപ്പാ എന്ന ഉപഗ്രഹം. വ്യാഴത്തെ നാല് ഉപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടെങ്കിലും യുറോപ്പയില്‍ ഐസിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ജീവജാലങ്ങള്‍ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്.

കുട്ടികള്‍ ചുമരുകളില്‍ വരച്ചിടുന്നതുപോലെയുള്ള  യുറോപ്പയുടെ ഉപരിതലത്തില്‍ ചിത്രം ശാസ്ത്രജ്ഞന്‍മാര്‍ക്കു കിട്ടിയിട്ടുണ്ട്.

ഉപരിതലത്തില്‍ കിലോമീറ്ററുകളോളം വിള്ളലുകള്‍ സംഭവിച്ചാണ്  ഇത്തരം രേഖകള്‍ ഉണ്ടായതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഈ ഗ്രഹത്തിലെ ഐസ് പ്രതലങ്ങള്‍ വ്യതിചലിച്ച് ഉരുകുന്നുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

വ്യാഴം ഗ്രഹത്തിന്റെ ആകര്‍ഷണബലം യൂറോപ്പയുടെ ഉപരിതലങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബലത്തിന്റെ ഫലമായി ഉപരിതലം വികസിക്കുകയും പിന്നീട് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യുന്നു, മാത്രമല്ല ഐസ് പാളികള്‍ ഒഴുകാനും ആകര്‍ഷണബലം കാരണമാകുന്നെന്നാണ് ശാസ്ത്രലോകം പറയുന്നത്.

1990ല്‍ മാഗ്നറ്റോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ യുറോപ്പയില്‍ ജലസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ജീവന്റെ തുടിപ്പുകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്നും യു.കെയിലെ മുല്ലാഡ് സ്‌പേസ് സയന്‍സ് ലബോറട്ടറിയിലെ പ്രൊഫസര്‍ ആന്‍ഡ്രൂ കോട്ട്‌സ് വ്യക്തമാക്കുന്നു.

ഐസ് പ്രതലത്തിന് അടിയിലായി ഭൂമിയിലെ ഇരട്ടിയോളം  ജലം അവിടെയുണ്ടാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ജീവന്റെ തുടിപ്പിന് പ്രധാനഘടകമായ ജലസാന്നിധ്യം കണ്ടെത്തിയതിനാല്‍ യുറോപ്പയിലെ സമുദ്രത്തില്‍ ജീവസാന്നിധ്യത്തിന് ആവശ്യമായ പദാര്‍ഥങ്ങളുടെ സാന്നിധ്യവും നിരീക്ഷിക്കാനിരിക്കുകയാണ്.

യുറോപ്പയിലെ ജീവസാന്നിധ്യം ഉറപ്പിക്കാനായി നാസ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ്. ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന 48-ാമത് ലുനാര്‍ ആന്‍ഡ് പഌനെറ്ററി സയന്‍സ് കോണ്‍ഫറന്‍സില്‍ പ്രൊജക്ടിനെ സംബന്ധിച്ച് വ്യക്തമാക്കാനിരിക്കുകയാണ് നാസ.  

യുറോപ്പയിലെ ജീവസാന്നിധ്യം അറിയാനായി അമേരിക്കയും യുറോപ്പും രണ്ടുതരം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും വലിയ സാമ്പത്തിക പദ്ധതിയായതിനാല്‍ ഒരുമിച്ച് പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പയില്‍ മാത്രമല്ല ശനി ഗ്രഹത്തിന്റെ ഉപഗ്രഹമായ എന്‍കഌയാഡസിലും ഐസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെ ജീവസാന്നിധ്യം അറിയാനായി 2020ല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നുണ്ടങ്കിലും യൂറോപ്പയില്‍ ജീവസാന്നിധ്യത്തിന് സാധ്യതകളുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

യുറോപ്പയുെട ഭ്രമണപഥം വ്യാഴത്തില്‍നിന്ന് അടുത്തായതിനാല്‍ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളെ കാന്തികശക്തി കൊണ്ട് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പരീക്ഷണം കുറച്ച് ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളു.
 
പക്ഷേ യൂറോപ്പയിലേക്ക് ഉപഗ്രഹവിക്ഷേപണം നടത്തുന്നതിന് കനത്ത വെല്ലുവിളികളാണ് ശാസ്ത്രജ്ഞര്‍ നേരിടുന്നത്. വ്യാഴം ഗ്രഹത്തില്‍നിന്നുള്ള റേഡിയേഷനുകള്‍ തുളച്ചു മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ മാത്രമേ പദ്ധതി വിജയിക്കുകയുള്ളു. ഇതിനായി ടൈറ്റാനിയം ലോഹമാണ് ഉപഗ്രഹ നിര്‍മാണത്തിനായി ഉപയോഗിക്കുന്നതെന്ന് ശാസ്ത്രജ്ഞനായ ഡോ. പപ്പലാര്‍ഡോ പറഞ്ഞു.

ഭൂമിയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ മുപ്പത് ഇരട്ടി പ്രകാശമാണ് യൂറേപ്പയില്‍ ലഭിക്കുന്നത്. യൂറോപ്പയില്‍ ജീവസാന്നിധ്യം കണ്ടെത്താനായാല്‍ പുതിയൊരു ബഹിരാകാശ വിപഌവത്തിനായിരിക്കും തുടക്കം കുറിക്കുക.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.